ISRO – മണ്ണിൽ നിന്നും വിണ്ണിലേക്ക്

റജീബ് ആലത്തൂർ

ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ രംഗത്തുള്ള അനുഭവ സമ്പത്ത് പ്രാചീനകാലത്ത് ചൈനയിൽ നിന്നും വന്ന വെടിക്കോപ്പുകളുടെ നിർമ്മാണകാലത്തു തന്നെ തുടങ്ങിയതാണ്. വളരെ പണ്ട് മുതൽക്കേ സിൽക്ക് റോഡു വഴി ഇന്ത്യയും ചൈനയും തമ്മിൽ ആശയങ്ങൾ പരസ്പരം കൈമാറിയിരുന്നു. 18 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്നെ ഇന്ത്യൻ ഭരണാധികാരികൾ റോക്കറ്റ് ഒരു സൈനിക ഉപകരണമാക്കുന്നതിൽ പ്രാഗൽഭ്യം നേടിയെടുത്തിരുന്നു. ഇതു പിന്നീട് യൂറോപ്പിലും പ്രചാരം നേടി. ചൈനക്കാർ കണ്ടുപിടിച്ച ‍വെടിക്കോപ്പുകളുടെ പ്രചാരം തന്നെയാണ് ആധുനിക റോക്കറ്റ് സാങ്കേതികവിദ്യക്കു വഴിമരുന്നിട്ടത്. 1947 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇന്ത്യൻ ശാസ്ത്രജ്ഞൻ‌മാരും ഭരണാധികാരികളും, പ്രതിരോധ മേഖലയിലും, ഗവേഷണങ്ങൾക്കുമെല്ലാം റോക്കറ്റ് സാങ്കേതിക വിദ്യയുടെ ആവശ്യകത മനസ്സിലാക്കി. ഇന്ത്യയെപ്പോലെ ഒരു വലിയ രാജ്യത്തിനു അതിന്റേതായ സ്വന്തം ബഹിരാകാശ സാങ്കേതികവിദ്യാപാടവം വേണ്ടിവരും എന്ന തിരിച്ചറിവും; കാലാവസ്ഥാ പ്രവചനത്തിനും, ആശയവിനിമയ രംഗത്തും കൃത്രിമോപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന ദീർഘ വീക്ഷണവുമാണ് സ്വന്തമായ ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഇന്ത്യൻ ഭരണാധികാരികളെ മുന്നോട്ടു നയിച്ചത്.

Image result for isro

ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഇസ്രോ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 1969 ആഗസ്റ്റ് 15 നാണ് ISRO നിലവിൽ വന്നത്. ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ നിലവിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നുണ്ട്. ഏകദെശം പതിനായിരം കോടിയോളം ബജറ്റുള്ള ഇസ്രോയാണ് നിലവിലെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾ നടപ്പിലാക്കുന്നത്. നിലവിൽ തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഇസ്രോ നൽകുന്നു.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത് ഡോക്ടർ വിക്രം സാരാഭായിയേയാണ്. വിക്രം സാരാഭായെന്ന അതുല്യ പ്രതിഭയായിരുന്നു ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത്. തന്റെ പഠനത്തിനു ശേഷം 1960 കളോടെ സാരഭായി ബഹിരാകാശ ഗവേഷണ രംഗത്തേക്ക് രംഗപ്രവേശം ചെയ്തു. സോവിയറ്റ് യൂണിയൻ 1957 ൽ സ്പുട്നിക് വിക്ഷേപണം നടത്തിയ നാൾ മുതൽ കൃത്രിമോപഗ്രഹങ്ങളുടെ ഗുണഗണങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തിന് ഔപചാരികമായി തുടക്കം കുറിച്ചത് 1961 ലാണ്. അക്കാലത്തായിരുന്നു സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജവകുപ്പിനെ ചുമതലപ്പെടുത്തിയത്. ഇതിന്റെ ഫലമായി 1962 ൽ ഇന്ത്യൻ ആണവ സാങ്കേതികവിദ്യയുടെ പിതാവും, ഇന്ത്യൻ ആണവോർജ്ജ വിഭാഗത്തിന്റെ അന്നത്തെ തലവനുമായിരുന്ന ഹോമി ജെ. ഭാഭ, ഇൻകോസ്പാർ ( INCOSPAR – Indian National Committee for Space Research )

Related image

എന്ന സമിതി സ്ഥാപിക്കുകയും വിക്രം സാരാഭായിയെ അതിന്റെ ഡയറക്ടറായി ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കർമ്മ മണ്ഡലമായി തീർന്നു. 1969 ലാണ് ഇൻകോസ്‌പാർ നെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റുകയും ISRO ക്ക് തുടക്കം കുറിക്കുകയും ചെയ്തത്. പിന്നീട് ബഹിരാകാശവകുപ്പിന് കേന്ദ്രസർക്കർ രൂപം നൽകൂകയും ISRO യെ ഇതിന്റെ കുടക്കീഴിൽ കൊണ്ടു വരികയും ചെയ്തു. ഇക്കാലത്തായിരുന്നു Dr. APJ അബ്ദുൾ കലാം, യു.ആർ. റാവു, കസ്തൂരിരംഗൻ, ജി. മാധവൻ നായർ എന്നിവരെ വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഈ കൂട്ടായ്മയായിരുന്നു പിന്നീട് ISRO യെ ഉന്നതങ്ങളിലും, ഇന്ത്യയെ ഒരു ബഹിരകാശ ഗവേഷണ ശക്തിയായും ഉയർത്തിയത്.

മറ്റു പല രാഷ്ട്രങ്ങളുടേയും ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ അവർ നേരത്തെ തന്നെ സ്വായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങൾക്കുള്ള ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയുടെ ചുവടു പിടിച്ചാണ് വളർന്നു വന്നിരുന്നത്. പക്ഷേ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൃത്രിമോപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവർത്തിക ലക്ഷ്യം മാത്രം മുന്നിൽകണ്ട്കൊണ്ട് രൂപവൽക്കരിച്ചതായിരുന്നു. 1962 ൽ ഇൻകോസ്‌പാർ സ്ഥാപിക്കപ്പെട്ടതു മുതൽ ഇന്ത്യൻ സംഘം മികച്ച പ്രകടനം കാഴ്ചവെച്ചു തുടങ്ങിയിരുന്നു. പരീക്ഷണങ്ങൾക്കായുള്ള സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണവും മറ്റും ഈ സമിതി വിജയകരമായി നടത്തിയിരുന്നു. ഭൂമദ്ധ്യരേഖയുമായി ഇന്ത്യക്കുള്ള ഭൗമശാസ്ത്രപരമായ അടുപ്പവും ഇവർക്കൊരനുഗ്രഹമായിരുന്നു. സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്ത് തുമ്പയിൽ പുതുതായി സ്ഥാപിച്ച തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (TERLS) ആയിരുന്നു നടന്നിരുന്നത്. തുമ്പയിൽ നിന്ന് 1963 നവംബർ 21നാണ് ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപിച്ചത്.

Image result for isro

തുടക്കത്തിൽ ഇവിടെ നിന്നും വിക്ഷേപിച്ചിരുന്നത് അമേരിക്കൻ നിർമ്മിത നൈക്ക് അപ്പാച്ചെ (Nike-Apache) റോക്കറ്റുകളും ഫ്രെഞ്ച് നിർമ്മിത സെന്റോർ (Centaure) റോക്കറ്റുകളുമായിരുന്നു. ഈ റോക്കറ്റുകൾ പ്രധാനമായും ഉപയോഗിച്ചിരുന്നത് അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താനായിരുന്നു. അതിനു ശേഷം ബ്രിട്ടീഷ്, റഷ്യൻ റോക്കറ്റുകൾ ഉപയോഗിച്ചും പരീക്ഷണങ്ങൾ നടന്നിരുന്നു. എങ്ങനെയായാലും ഒന്നാം ദിവസം മുതൽക്കുതന്നെ ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് നമ്മുടെ തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്ന മഹത്തായ ലക്ഷ്യം ഉണ്ടായിരുന്നു. അധികം താമസിയാതെ തന്നെ ഈ ലക്ഷ്യത്തിലെത്തിച്ചേരാൻ അവർക്ക് സാധിച്ചു. ഖര ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന രോഹിണി കുടുംബത്തിൽപ്പെട്ട സൗണ്ടിംഗ് റോക്കറ്റുകൾ പിന്നീട് ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുക്കുക തന്നെ ചെയ്തു.

തദ്ദേശീയമായ സാങ്കേതികവിദ്യയുടെ ആവശ്യകത തിരിച്ചറിയുകയും, ഭാവിയിൽ വേണ്ടി വന്നേക്കാവുന്ന സാങ്കേതിക ഘടകങ്ങളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകളും ഇന്ത്യൻ ബഹിരാകാശ പദ്ധതിയെ; ഘടകങ്ങളും, സാങ്കേതികവിദ്യയും, യന്ത്രഘടനകളും എല്ലാം തന്നെ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചു. തുടർന്ന് രോഹിണി റോക്കറ്റുകളുടെ ഭാരം കൂടിയതും, സങ്കീർണ്ണവുമായ പതിപ്പുകൾ വികസിപ്പിച്ചെടുക്കുന്നതിൽ അവർ വിജയിച്ചു.

1960 കളിൽ സാരാഭായി നാസയുടെകൂടെ ടെലിവിഷൻ പ്രക്ഷേപണത്തിനായി കൃത്രിമോപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതെയെപ്പറ്റിയുള്ള ഒരു പഠനത്തിൽ പങ്കെടുക്കുകയുണ്ടായി. ആ അനുഭവത്തിൽ നിന്നും ടെലിവിഷൻ പ്രക്ഷേപണങ്ങൾക്കായി അതു തന്നെയാണ് ഏറ്റവും ഫലവത്തായതും, ചെലവു കുറഞ്ഞതുമായ രീതിയെന്ന് അദ്ദേഹം മനസ്സിലാക്കി. ഇന്ത്യയുടെ പുരോഗതിയിലേക്കായി കൃത്രിമോപഗ്രഹങ്ങൾക്ക് നൽകാൻ പറ്റുന്ന വമ്പിച്ച നേട്ടങ്ങൾ തിരിച്ചറിഞ്ഞ സാരാഭായിയും അദ്ദേഹത്തിന്റെ ഇസ്രോ സംഘവും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഉപഗ്രഹ വാഹിനികളുടെ രൂപകല്പനയിലേക്കു തിരിഞ്ഞു. അതുവഴി ഭാവിയിൽ വേണ്ടി വന്നേക്കാവുന്ന പടുകൂറ്റൻ വിക്ഷേപണ വാഹനങ്ങൾ നിർമ്മിക്കാനുള്ള അനുഭവ സമ്പത്ത് ഇസ്രോയ്ക്ക് ലഭിക്കുമെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. രോഹിണി പരമ്പരയിൽപ്പെട്ട ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ് മോട്ടോറുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രാഗൽഭ്യവും, മറ്റു രാഷ്ട്രങ്ങൾ അത്തരം പദ്ധതികൾക്കായി ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറുകളെ ആശ്രയിച്ചു തുടങ്ങിയതും ഇസ്രോയെ ഉപഗ്രഹ വിക്ഷേപണ വാഹനം (Satellite Launch Vehicle – SLV) നിർമ്മിക്കുന്നതിലേക്ക് ആകർഷിച്ചു. അമേരിക്കൻ നിർമ്മിത സ്കൌട്ട് റോക്കറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആ വാഹനം നാലു ഘട്ടങ്ങളുള്ളതും പൂർണ്ണമായും ഖര ഇന്ധനം ഉപയോഗിക്കുന്നതും ആകണമെന്ന് ഇസ്രോ തീരുമാനിച്ചു. ഇതേസമയം തന്നെ ഇന്ത്യ, ഭാവിയിലെ വാർത്താവിനിമയ, കാലാവസ്ഥാ പ്രവചന ആവശ്യങ്ങൾ മുന്നിൽക്കണ്ട് കൃത്രിമോപഗ്രഹങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

Image result for Satellite Launch Vehicle - SLV

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്പ്പായിരുന്നു, “ആര്യഭട്ട” എന്ന കൃത്രിമോപഗ്രഹം 1975 ഏപ്രിൽ 19 ന് ഒരു സോവിയറ്റ് റോക്കറ്റ്, ഭ്രമണപഥത്തിലെത്തിച്ചത്. 1979 തോടുകൂടി പുതുതായി നിർമ്മിച്ച രണ്ടാമത്തെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ട റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (SRLS) നിന്നും SLV (Satellite Launch Vehicle) വിക്ഷേപണത്തിനു ഇസ്രോ തയ്യാറായിക്കഴിഞ്ഞിരുന്നു. പക്ഷേ 1979ലെ അതിന്റെ ആദ്യ വിക്ഷേപണം രണ്ടാം ഘട്ടത്തിലെ നിയന്ത്രണ സംവിധാനത്തിൽ വന്ന പിഴവുകൾ മൂലം പരാജയപ്പെട്ടു. ആദ്യ പരീക്ഷണം പരാജയമായിരുന്നെങ്കിലും, ഇസ്രോയുടെ കഠിന പരിശ്രമത്തിനു ശേഷം 1980 തോടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. പിന്നീട് ഇസ്രോ തന്റെ വിജയത്തിന്റെ നാഴിക കല്ലുകൾ ഓരോന്നായി പിന്നിടുകയായിരുന്നു.

ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 എന്ന പേരിലാണ് അറിയപ്പെടുന്നത്. തുടർന്ന് 1980 ജൂലായ് 18 ന് SLV-3 വിക്ഷേപിച്ചു. ആദ്യ പരീക്ഷണ വാർത്താവിനിമയ ഉപഗ്രഹം ആപ്പിൾ, 1981 ജൂൺ 19 ന് വിക്ഷേപിച്ചു. ഇൻസാറ്റ് എ.യു. 1982 ഏപ്രിൽ 10 ന് വിക്ഷേപിച്ച് ഇൻസാറ്റ് പരമ്പരയ്ക്ക് തുടക്കമിട്ടു. ഐ.ആർ.എസ്-1എ എന്ന ആദ്യ വിദൂര സംവേദന ഉപഗ്രഹം 1988 മാർച്ച് 17 ന് ഭ്രമണ പദത്തിൽ എത്തിച്ചു. ശേഷം പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) വികസിപ്പിച്ചെടുത്തു. 2004 സെപ്റ്റംബർ 20 ന് ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (GSLV) യും വിജയകരമായി വിക്ഷേപിച്ചു. 2007 ജനുവരി 22 ന് പേടകം ബഹിരാകാശത്തുനിന്നും ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുവാനുള്ള ശ്രീ1 പരീക്ഷണവും വിജയിച്ചു. 2008 ഏപ്രിൽ 28നു ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്ത് ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. 2008 ഒക്ടോബർ 22ന് ചന്ദ്രയാൻ-1 വിക്ഷേപിച്ചു. ഈ പദ്ധതിയ്ക്കായി ഭാരത സർക്കാർ 360 കോടി രൂപ 2005 ൽ തന്നെ അനുവദിച്ചിരുന്നു. ഇസ്രോയുടെ ഉപകരണങ്ങൾക്കു പുറമേ ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടേയും നാസയുടേയും ഉപകരണങ്ങളെ ഇസ്രോ ചന്ദ്രനിലെത്തിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്‌. ഈ ഉപകരണങ്ങളെ ചന്ദ്രോപരിതലത്തിലെത്തിക്കാൻ ഇസ്രോ നാസയിൽ നിന്നും മറ്റും പണം വാങ്ങിയിരുന്നില്ല; അതിനു പകരം ഈ ഉപകരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഇസ്രോയ്ക്ക് കൂടി നൽകാം എന്ന വ്യവസ്ഥയിലാണ്‌ അവയെ ഇസ്രോ ചാന്ദ്രയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഏറെ പ്രതീക്ഷിച്ചതുപോലെ ചാന്ദ്ര പര്യവേക്ഷണത്തിനായി ഉപകരണങ്ങൾ വിക്ഷേപിച്ച് വിജയിക്കുന്ന ആറാമതു സംഘടനയായി ഇസ്രോ മാറി.

Related image

2012 സെപ്റ്റംബർ 9 തോടെ ഇസ്രോയുടെ നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി – സി 21 ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീശ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. 2012 സെപ്റ്റംബർ 29 ന് ഇന്ത്യൻ സമയം പുലർച്ച രണ്ടരയ്ക്ക് 101 ആം ദൗത്യമായ ജി സാറ്റ്-10, ഫ്രഞ്ച് ഗയാനയിലെ ഖോറോയിൽ നിന്ന് വിക്ഷേപിച്ചു. 750 കോടി രൂപ ചെലവുള്ള ജി സാറ്റ് -10 വാർത്താ വിതരണ ഉപഗ്രഹമാണ്. 15 വർഷത്തെ കാലാവധിയാണ് ഈ ഉപഗ്രഹത്തിന് അവകാശപ്പെടുന്നത്. കടലിലെ മാറ്റങ്ങൾ പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഇസ്രോയുടെ മൂന്നാമത്തെ വാർത്താവിനിമയ ഉപഗ്രഹമായിരുന്നു ഇത്.

2017 ഫെബ്രുവരി 15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 104 ഉപഗ്രങ്ങളുമായി ഇന്ത്യയുടെ പിഎസ്എൽവി–സി 37 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച്‌ ഇസ്രോ ചരിത്രം സൃഷ്ടിച്ചു . ഇന്ത്യയുടെ മൂന്ന് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആറു വിദേശ രാജ്യങ്ങളുടെ 104 ഉപഗ്രഹങ്ങളാണ് ഇസ്രോ ഒന്നിച്ചു വിക്ഷേപിച്ചത്.

ഭാവി പദ്ധതികളായി നിലവിൽ ജി. എസ്. എൽ. വി മാർക്ക് III എന്ന പേരിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അടുത്ത തലമുറയിൽപ്പെട്ട വിക്ഷേപണ വാഹനത്തിനുവേണ്ടിയുള്ള ഗവേഷണം ഇസ്രോ തുടങ്ങിക്കഴിഞ്ഞു. പൂർണ്ണാവസ്ഥയിൽ 6 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാൻ ശേഷിയുള്ളതാണ് ജി.എസ്.എൽ.വി III. യൂറോപ്യൻ, റഷ്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കുവേണ്ടിയും നിലവിൽ ഇസ്രോ ഉപഗ്രഹ വിക്ഷേപണം നടത്തുന്നുണ്ട്. അവർക്കു വേണ്ടി എജൈൽ, ഗ്ലോനാസ് പരമ്പരയിൽപ്പെട്ട ഉപഗ്രഹങ്ങളാവും മിക്കവാറും ഇസ്രോയ്ക്ക് വിക്ഷേപിക്കേണ്ടി വരിക. ജി.പി.എസ് സംവിധാനത്തിന്റെ ഇന്ത്യൻ മേഖലയിലെ കൃത്യത ഉയർത്താനായി ഗഗൻ എന്ന പേരിലും ഇസ്രോ ഒരു ഗവേഷണ പദ്ധതി നടത്തുന്നുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 2019 ഏപ്രിലില്‍ വിക്ഷേപിക്കും. 30,000 കോടി രൂപയുടെ ചെലവിൽ ഇസ്രോയുടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2021 ഡിസംബറിലാണ് നടപ്പാക്കുക. ഈ വലിയ ദൗത്യം വിജയകരമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നിവർക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. വനിതകളുൾപ്പെടെ ഏഴോളം പേരടങ്ങുന്ന സംഘത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുകയാണ് ലക്ഷ്യം, ഇവര്‍ ഏഴു ദിവസമായിരിക്കും ബഹിരാകാശത്ത് ചിലവഴിക്കുക. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക് lll വിക്ഷേപണവാഹനമാകും ഐഎസ്ആര്‍ഒ ഇതിനായി ഉപയോഗിക്കുക. 2021 ലാണ് ഗഗയാൻ പദ്ധതി പൂർണ്ണമാവുക, അതിനു മുന്നോടിയായി പരീക്ഷണാ അടിസ്ഥാനത്തില്‍ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്തേക്ക് 2020 ഡിസംബറിലും 2021 ജൂലൈയിലുമായി അയക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.