2 മാസം പ്രായമായ കുഞ്ഞിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷിച്ചു

തിരുവനന്തപുരം: പരവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തിയിരുന്നവരില്‍നിന്നും 2 മാസം പ്രായമായ കുഞ്ഞിനെ ശരണബാല്യം ടീം രക്ഷപെടുത്തി.യുവതിയേയും കുഞ്ഞിനേയും കൊല്ലം കരിക്കോട് മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ ശരണബാല്യം പദ്ധതിയിലെ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറായ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷിച്ചെടുത്തത്. ജില്ല ശിശു സംരക്ഷണ ഓഫീസറാണ് ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസറെ വിവരം അറിയിച്ചത്. രാത്രി 8 മണിയോടെ അജീഷ് ഇവരുടെ അടുത്തെത്തുകയും കുഞ്ഞിനെ കൈവശം വച്ചിരുന്ന യുവതിയില്‍ നിന്നും യുവാവില്‍നിന്നും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു.കൂടെയുണ്ടായിരുന്ന യുവാവ് ഭര്‍ത്താവല്ലെന്നും കുട്ടിയുടെ അച്ഛനല്ലെന്നും വ്യക്തമായി. . രണ്ടുമാസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലാണ് കുട്ടിയുടെ പ്രസവം നടന്നതെന്നാണ് യുവതി വ്യക്തമാക്കി. പിന്നീട്‌ പൊലീസിന്റെ സഹായം തേടുകയായിരുന്നു.

കുട്ടിയേയും അമ്മയേയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി തിരുവനന്തപുരം ഡി.സി.പി.യു. മുഖേന ഇവര്‍ താമസിച്ച സ്ഥലവും പ്രസവിച്ച എസ്.എ.ടി.യിലും കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു. അതിലും വ്യക്തമായില്ലെങ്കില്‍ ഡി.എന്‍.എ. ടെസ്റ്റിലൂടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മതന്നെയാണോയെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള തുടര്‍ നടപടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്വീകരിക്കുന്നതാണ്.

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്ത ശരണബാല്യം ടീമിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കുട്ടികളെ ബാലവേലയ്ക്കും ഭിക്ഷാടനത്തിനും മറ്റ് തരത്തിലുളള ചൂഷണത്തിനായും ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ബാലവേല-ബാലഭിക്ഷാടന-ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതി സംസ്ഥാന വ്യാപകമാക്കിയ ശേഷം 2018 നവംബര്‍ മുതല്‍ 77 ഓളം കുട്ടികളെയാണ് മോചിപ്പിച്ചത്.