1837ലെ ശബരിമലയിലെ ശാന്തി നിയമനം

വിപിൻ കുമാർ

ഒരു മതിലകം രേഖയില്‍ കൊല്ലവര്‍ഷം 1012 മിഥുനം 17-ന് ശബരിമല ക്ഷേത്രത്തില്‍ ശീനന്‍ എമ്പ്രാന്‍ എന്നയാളെ ശാന്തിക്കാരനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് സ്വാതിതിരുനാള്‍ രാമവര്‍മ്മ തുല്യം ചാര്‍ത്തിയതായി കാണുന്നു. ശബരിമലയില്‍ ശാന്തിക്കാരനായിരുന്ന കൃഷ്ണന്‍ എമ്പ്രാന്റെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നായിരുന്നു പുതിയ നിയമനം. അടുത്ത ആറു വര്‍ഷത്തിലേക്ക് നിയമിതനായി കഴിഞ്ഞാലുടന്‍ ശബരിമല തന്ത്രിയുടെ അടുക്കല്‍ച്ചെന്ന് ഉപരിപരിശീലനം നേടണമെന്നും ഉത്തരവില്‍ പറയുന്നു.

മതിലകം രേഖ ചുവടെ ചേര്‍ക്കുന്നു:

“കൊടുത്തുട്ട സാധനവും വായിച്ചു കേട്ടവസ്ഥയും അറിഞ്ഞു. ശബരിമല ക്ഷേത്രത്തില്‍ ശാന്തിക്ക് ആക്കിയിരുന്ന കൃഷ്ണന്‍ എമ്പ്രാനെ ഇയ്യാണ്ട് മാര്‍കഴി വരെ കാലസംഖ്യ കഴിഞ്ഞിരിക്കുന്നതിനാല്‍ പകരം ശാന്തി കുളിക്കുന്നതിന് ശീവെള്ളി ഗ്രാമത്തില്‍ നിന്നും ചെങ്ങന്നൂര്‍ വന്നു പാര്‍ക്കുന്ന ശീന എമ്പ്രാനെക്കൊണ്ട് പതിവിന്‍ പ്രകാരം ആറു സംവല്‍സരത്തേയ്ക്ക് അടിയറ അടുക്കമതും ഉള്‍പ്പെടെ 5054 പണത്തിന് കൈച്ചീട്ട് എഴുതി വൈപ്പിച്ചിരിക്കുന്ന പ്രകാരം എഴുതി വന്നതിന്റെ ശേഷം അയാളെ ആ ക്ഷേത്രത്തിന്റെ തന്ത്രിയുടെ അടുക്കല്‍ പരീക്ഷ കഴിപ്പിച്ച്, അടിയറപ്പണവും കെട്ടിവൈപ്പിച്ച്, യാമ്മ്യം മുതലായതും കൊടുത്ത് അവിടെ അയക്കത്തക്കവണ്ണം എഴുതി അയച്ചിരുന്നാറെ പണം കെട്ടി വെയ്പ്പിച്ച് കണക്കില്‍ മുതല്‍കൂട്ടിച്ച് യാമ്മ്യം കച്ചിട്ടും മുതലായതു എമ്പ്രാനെ അയച്ചിരിക്കുന്നു എന്നും ചെങ്ങന്നൂര്‍, ആറന്മുള മണ്ഡപത്തില്‍ വാതുക്കല്‍ തകശീല്‍ദാരന്‍ മേടമാസം 21-ന് എഴുതിയ സാധനം വന്നിരിക്കക്കൊണ്ട് ശീനന്‍ എമ്പ്രാനെ ഇങ്ങോട്ടയച്ചിരിക്കുന്ന പ്രകാരവും അയാളുടെ പേര്‍ക്ക് നിനവ് കൊടുക്കേണ്ട അവസ്ഥ കൊണ്ടല്ലോ എഴുതി വന്നതിനാലാകുന്നു. അതിന്‍വണ്ണം ശബരിമല ക്ഷേത്രത്തില്‍ ശാന്തിക്ക് ശീനന്‍ എമ്പ്രാന്റെ പേര്‍ക്ക് കീഴ്മര്യാദ പ്രകാരം നിനവും കൊടുത്തയച്ചിരിക്കകൊണ്ട് അപ്രകാരം നടത്തിച്ചുകൊള്ളുകയും വേണം എന്നും ഇക്കാര്യം ചൊല്ലി 1012 മിഥുനം 17-ന് ആക്റ്റിങ് ദിവാന്‍ രംഗരായര്‍ക്ക് നീട്ട് എഴുതി വിടൂ എന്ന് തിരുവുള്ളമായ നീട്ട്“ (തുല്യം).

*കാലസംഖ്യ – കാലാവധി, യാമ്മ്യം – ജാമ്യം

അവലംബം: മതിലകം രേഖകള്‍ – എസ്. ഉമാ മഹേശ്വരി

(കന്യാകുമാരി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന അയ്യപ്പ വിഗ്രഹമാണ് ചിത്രത്തില്‍.)