മികച്ച സ്‌ക്രീൻ ടെക്നോളോജിയുമായി നോക്കിയ 7.1 വിപണിയിലേക്ക്

തങ്ങളുടെ ബ്രാന്‍ഡിന് ആരാധകര്‍ കൂടുതലുള്ള ഇന്ത്യയിലേക്ക് നോക്കിയ 7.1 ഹാന്‍ഡ്‌സെറ്റുമായി എത്തിയിരിക്കുകയാണ് എച്എംഡി ഗ്ലോബല്‍. ഫീച്ചറുകള്‍ പരിചയപ്പെടാം

നോക്കിയ 5.1, 6.1 എന്നീ ഹാന്‍ഡ്‌സെറ്റുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് നിര്‍മിതി. മെറ്റലും (6000 സീരിസ് അലൂമിനം) ഗ്ലാസും ഒരുമിപ്പിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്. കൈയ്യിലിരിക്കുമ്പോള്‍ നല്ല ബോഡിയാണെന്നു തോന്നുമെങ്കിലും അല്‍പ്പം വഴുക്കലുണ്ട്. പിന്‍ കവറിട്ട് ഉപയോഗിക്കുന്നതാണ് മെച്ചം. ഇല്ലെങ്കില്‍ ഗ്ലാസ് നിര്‍മിതമായതിനാല്‍ വിരലടയാളവും പാടുകളും എളുപ്പം പിടിക്കുകയും ചെയ്യും.ഫോണിന്റെ ഡിസ്‌പ്ലെയാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയതകളില്‍ ഒന്ന്. 5.8-ഇഞ്ച് വലുപ്പമുള്ള ഐപിഎസ് പാനലിന് ഫുള്‍ എച്ഡി പ്ലസ് റെസലൂഷനുണ്ട്. സ്‌ക്രീനില്‍ കൊണ്ടുവന്നിരിക്കുന്ന പ്രധാന മികവ് അതിന് സ്റ്റാന്‍ഡര്‍ഡ് ഡെഫനിഷന്‍ വിഡിയോയെ, തല്‍സമയം എച്ഡിആര്‍ മൂവിയായി കാണിക്കാനാകും എന്നതാണ്. ഈ ഫീച്ചര്‍ ഈ റെയ്ഞ്ചിലുള്ള ഫോണുകളില്‍ സാധാരണ ലഭിക്കില്ല. മറ്റൊരു ഗംഭീര ഫീച്ചര്‍ എച്ഡിആര്‍ 10 ആണ്. ഇതും കണ്ടെന്റ് കാണുമ്പോള്‍ വളരെ മതിപ്പു തോന്നിപ്പിക്കുന്ന വിധമാണ് ഇണക്കിയിരിക്കുന്നത്. നോക്കിയയുടെ പ്യൂവര്‍ഡിസ്‌പ്ലെ ഫീച്ചറും സ്‌ക്രീനിനുണ്ട്. വളരെ സമ്പന്നമായ സ്‌ക്രീന്‍ ടെക്‌നോളജിയാണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.മറ്റൊരു സുപ്രധാന മികവ് ക്യാമറയുടെ കാര്യത്തിലാണ്. നോക്കിയ ഹാന്‍ഡ്‌സെറ്റുകളെ അടുത്ത കാലത്ത് വേര്‍തിരിച്ചു കാണിച്ചിരുന്ന ഫീച്ചറായ പ്രോ ക്യാമറാ മോഡ് ഇതിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈസ് (ZEISS) കമ്പനിയുടെ ലെന്‍സാണ് ക്യാമറയ്ക്ക് എന്നതും മാറ്റു വര്‍ദ്ധിപ്പിക്കും. ഇരട്ട പിന്‍ക്യാമറാ സിസ്റ്റത്തിലെ പ്രധാന ക്യാമറ 12MP (f/1.8) റെസലൂഷനുള്ളതാണ്. കൂട്ടത്തിലുള്ള 5MP സെന്‍സര്‍ മോണോക്രോം ആണ്. ഇത് എടുക്കുന്ന ചിത്രങ്ങളുടെ മികവു വര്‍ദ്ധിപ്പിച്ചേക്കാം. എന്നാൽ ശരിക്കും ഇരട്ട ക്യാമറയില്‍ നിന്നു ലഭിക്കുന്നതുപോലെയുള്ള ടെലീ ലെന്‍സോ, അള്‍ട്രാ വൈഡ് ലെന്‍സോ ഒന്നും കൊണ്ടുവരുന്നില്ല. മുന്‍ ക്യാമറയുടെ റെസലൂഷന്‍ 8MPയാണ്. ഇതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മേമ്പോടി ചേര്‍ക്കാനും നോക്കിയ മറന്നിട്ടില്ല. ഇതിലൂടെ ആനിമേറ്റ് ഇമോജികള്‍ സൃഷ്ടിച്ചു കളിക്കുകയും ചെയ്യാം. മറ്റൊരു മികവ് നോക്കിയ ഓസോ (OZO) പിന്തുണയാണ്. മുന്‍-പിന്‍ ക്യാമറകള്‍ ഒരേ സമയത്ത് ഉപയോഗിക്കാവുന്ന ‘ബോത്തി’ ഫീച്ചറും ഉണ്ട്.