1300 യുവാക്കൾക്ക് ഗള്‍ഫിലൊരു ജോലി:മന്ത്രി എ കെ ബാലൻ നാളെ അബുദാബിയിൽ

തിരുവനന്തപുരം: പട്ടിക കജാതി- പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെ ഗള്‍ഫിലൊരു ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്തിന്റെ ഭാഗമായി നാളെ മന്ത്രി അബുദാബിയിൽ യോഗത്തിൽ പങ്കെടുക്കും. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി ട്രെയിനിങ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തൊഴിലിടം കണ്ടെത്തുകയാണ് യുഎഇ സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം.

വിദേശത്ത് സ്വന്തമായി ജോലി കരസ്ഥമാക്കിയ പട്ടിക വിഭാഗക്കാരായ യുവാക്കളെ സന്ദര്‍ശിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള സാധ്യതകളും ആരായും.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഐടി, ആരോഗ്യരംഗം, ഫിനാന്‍സ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാധ്യതകളും ഈ യാത്രയ്ക്കിടെ തേടുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സന്നദ്ധരായ തൊഴില്‍ദാതാക്കളുടെ യോഗം ഇന്നലെ ദുബായിലെ ഗ്രാന്റ് മില്യണ്‍ ഹോട്ടലില്‍ വിളിച്ചുചേര്‍ത്തു. നൂറോളം സംരംഭകരാണ് യോഗത്തില്‍ പങ്കെടുത്തത്.

സംരംഭകര്‍ ഉദ്യോഗാര്‍ത്ഥികളില്‍ ആഗ്രഹിക്കുന്ന നൈപുണ്യങ്ങള്‍ ഏതൊക്കെയെന്ന് ചോദിച്ചറിയുകയും ആ തരത്തിലുള്ള കോഴ്സുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ രൂപം നല്‍കി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയും കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉദ്യോഗാര്‍ത്ഥികളെ വിദേശത്തേക്ക് ജോലിക്ക് എത്തിക്കുന്നതിന് വരുന്ന ചെലവുകള്‍ ഉള്‍പ്പടെ സര്‍ക്കാര്‍ വഹിക്കും.