ഹൈപ്പോതൈറോയ്‌ഡിസം കാരണം ബുദ്ധിമുട്ടുന്നുണ്ടോ…?

ഡോ. ഷിംന അസീസ്

പുരുഷു ഇങ്ങ്‌ വരൂ, അല്ലേൽ ഒപ്പമുള്ള പുരുഷനെ വിളിച്ചോണ്ടിങ്ങ്‌ വരൂ. അവൻമാരുടെ കഴുത്തിൽ കാണുന്ന ആ ഉണ്ടയില്ലേ? അത്‌ തന്നെ, ആദംസ്‌ ആപ്പിൾ. അരുത്‌, അത്‌ പിടിച്ച്‌ ഞെക്കാനല്ല അവരേം കൊണ്ട്‌ വരാൻ പറഞ്ഞത്‌. കഴുത്തിൽ അയ്‌ന്റെ തൊട്ടു ചോട്ടിലുള്ള പൊസിഷനിൽ അവർക്കും നമുക്കും പമ്മിയിരിക്കുന്ന ഒരു കുഞ്ഞിപ്പൂമ്പാറ്റയുണ്ട്‌. പേര്‌, തൈറോയ്‌ഡ്‌ ഗ്രന്‌ഥി.

ആൾ പൂമ്പാറ്റ ഷേപ്പിലൊക്കെ ആണെന്നത്‌ നേര്‌, പക്ഷേങ്കില് ഒരു മാതിരി കൃഷ്‌ണപ്പരുന്തിന്റെ ഗമയാണ്‌. വേറൊന്നും കൊണ്ടല്ല കേട്ടോ, ശരീരത്തിന്റെ മൊത്തം മെറ്റബോളിസം നോക്കുന്ന കൊണാണ്ടറാണ്‌ തൈറോയ്‌ഡ്‌ ഗ്രന്‌ഥി. തലച്ചോറിലെ ഹൈപ്പോതലാമസ്‌ ഗ്രന്ഥി വഴി പിറ്റ്യൂറ്ററി ഗ്രന്‌ഥീടെ കീഴിലാണ്‌ ജോലിയെങ്കിലും പിറ്റ്യൂറ്ററി പണി മുടക്കീട്ട്‌ തൈറോയ്‌ഡ്‌ ഗ്രന്‌ഥിയുടെ ഫങ്‌ഷൻ നടക്കാതിരിക്കാൻ സാധ്യത പൊതുവേ കുറവാണ്‌.

Related image

ഇതിനും മാത്രം അവിടെയെന്താ നടക്കുന്നേ എന്നാണോ? T3, T4 എന്നീ ഹോർമോണുകളാണ്‌ തൈറോയ്‌ഡ്‌ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്‌. ഹൃദയമിടിപ്പ്‌, കുടലിൽ ഭക്ഷണം ദഹിക്കുന്നതിന്റെ സ്‌പീഡ്‌ തുടങ്ങി ദേഹത്തെ സകല പ്രോസസും ഈ ഹോർമോണുകളുടെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോ അളവ്‌ കുറഞ്ഞാൽ എന്ത് സംഭവിക്കും? മിടിപ്പ്‌ കുറയും, ദഹനം പതുക്കെയായി മലബന്ധമുണ്ടാകും, വണ്ണം കൂടും, ശരീരത്തിൽ തൊട്ടാൽ കുഴിയാത്ത നീരുണ്ടാകും, ആധി കൂടും, കൊളസ്‌ട്രോൾ കൂടലും മുടി കൊഴിച്ചിലും ഉറക്കക്കുറവും ആർത്തവക്രമക്കേടും തണുപ്പ്‌ സഹിക്കാൻ വയ്യായ്‌കയും ക്രമേണ ഹൃദയത്തിൽ പ്രശ്‌നങ്ങളുമൊക്കെ വരും.

തൈറോയ്‌ഡ്‌ ഗ്രന്‌ഥിയോട്‌ ശരീരം പ്രതിപ്രവർത്തിക്കുന്ന അവസ്‌ഥ, സർജറി വഴി ഗ്രന്‌ഥി നീക്കം ചെയ്യുന്നത്‌, ചില മരുന്നുകൾ, അയഡിന്റെ കുറവ്‌ തുടങ്ങി അനേകം കാരണം കൊണ്ട്‌ ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാം. കുഴപ്പമായാൽ വൻപണിയാണ്‌. നിയന്ത്രിച്ച്‌ കൊണ്ട്‌ പോകാൻ വളരെയെളുപ്പവുമാണ്‌.

Related image

ഹോർമോൺ കൂടിയാലോ? അപ്പഴും കുഴപ്പങ്ങളാണ്‌. പൊതുവേ ഹോർമോൺ കുറയുന്ന ഹൈപ്പോതൈറോയ്‌ഡിസമാണ്‌ സാധാരണം എന്നത്‌ കൊണ്ട്‌ അത്‌ വിശദീകരിക്കുന്നെന്ന്‌ മാത്രം. ഇത്തരക്കാർ കഴിച്ചാലും കഴിച്ചില്ലേലും വണ്ണം വെക്കും. എന്ത് ചെയ്യും?

ചെയ്യേണ്ടത്‌ സിമ്പിളാണ്‌. കൃത്യമായി മുടങ്ങാതെ തൈറോയ്‌ഡ്‌ ഹോർമോൺ ടാബ്ലറ്റ്‌ രാവിലെ തന്നെയങ്ങ്‌ കഴിച്ചേക്കുക. ഡോക്‌ടർ നിർദേശിക്കുന്ന ഇടവേളകളിൽ ഡോക്‌ടറെ കണ്ടിരിക്കണം, ഹോർമോൺ അളവറിയാനുള്ള ടെസ്‌റ്റുകൾ ചെയ്യണം, ഡോസുകൾ ഡോക്ടർ പറയുന്നതിനനുസരിച്ച്‌ കൃത്യമായി നോക്കുക. നിങ്ങളുടെ ഫിറ്റ്‌നസ്‌ എക്‌സ്‌പേർട്ട്‌ പറയുന്ന ഡയറ്റും വ്യായാമവും കൃത്യമായി പിൻതുടരുക. പട്ടിണി കിടന്ന്‌ വണ്ണം കുറയ്‌ക്കാൻ നോക്കി പണി വാങ്ങരുത്‌. അത്‌ ദോഷമേ ചെയ്യൂ.

Related image

കൂട്ടത്തിൽ ഒന്നൂടി പറയട്ടെ. ഗർഭിണികൾക്ക്‌ ഹൈപ്പോതൈറോയ്‌ഡിസം വരുന്നത്‌ സർവ്വസാധാരണമാണ്‌. “കണ്ണിൽ കണ്ട ഗുളികയൊന്നും കഴിക്കേണ്ട” എന്ന്‌ പറഞ്ഞ്‌ പരീക്ഷണം നടത്തരുത്‌. ഡോക്ടർ തന്ന ഗുളിക നേരത്തിനും കാലത്തിനും വിഴുങ്ങി സന്തോഷായിട്ടിരിക്കുക. ഇതിൽ അശ്രദ്ധ കാണിച്ചാൽ ബുദ്ധിമാന്ദ്യമുള്ള, ശാരീരികവൈകല്യമുള്ള കുഞ്ഞിന്റെ ജന്മത്തിന്‌ കാരണമാകാം. ‘ക്രെറ്റിനിസം’ എന്ന്‌ പേരുള്ള ഈ ഡിഫക്‌ട്‌ പല കാരണങ്ങൾ കൊണ്ട്‌ ഉണ്ടാകാം. ഇതിൽ ഗുളിക കൊണ്ട്‌ തടയാനാവുന്നത്‌ നമ്മൾ മരുന്ന്‌ നേരാംവണ്ണം കഴിക്കുന്നത്‌ വഴി ഇല്ലാതാക്കാം.

ഏത്‌ കാരണം കൊണ്ട്‌ ഉണ്ടായതായാലും ജന്മനാലുള്ള ഹൈപ്പോതൈറോയ്‌ഡിസം ഇല്ലാതാക്കാൻ കുഞ്ഞിന്‌ കൃത്യമായി ഡോക്ടർ പറയുന്ന അളവിൽ തൈറോക്‌സിൻ സപ്ലിമെന്റ്‌ നൽകണം. ഈ അവസ്‌ഥ ഉണ്ടോ എന്നറിയാൻ കൂടിയാണ്‌ ജനിച്ച ഉടനെ പൊക്കിൾക്കൊടിയിൽ നിന്ന്‌ രക്‌തമെടുത്ത്‌ പരിശോധിക്കുന്നത്‌. ഒരു വയസ്സ്‌ കഴിഞ്ഞ്‌ ഈ അവസ്‌ഥ ചികിത്സിച്ച്‌ മാറ്റാനാവില്ല. എന്നാൽ സമയത്തിന് ചികിത്സിച്ചാൽ പൂർണമായും പ്രതിരോധിക്കാനാവുന്ന അവസ്‌ഥയാണിത്‌.