ഹൈദർ അലി നാണയങ്ങൾ

ബോബിൻ. ജെ. മണ്ണനാൽ

മൈസൂർ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാരുടെ സൈന്യാധിപസ്ഥാനത്തു നിന്ന് സ്വപ്രയത്നത്താൽ മൈസൂർ ഭരണാധികാരിയായി ഉയര്‍ന്ന ഹൈദരലി (1761_1782) യുടെയും അദ്ദേഹത്തിന്റെ പുത്രനായ ടിപ്പുവിന്റെയും ഭരണകാലം മൈസൂർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സുവര്‍ണകാലം കൂടിയായിരുന്നു. 1761 ൽ മൈസൂർ രാജ്യത്തിന്റെ ആധിപത്യം ഏറ്റെടുത്ത ഹൈദരലി 1763 ൽ നഗർ കമ്മട്ടത്തിലാണ് തന്റെ ആദ്യനാണയം അടിച്ചിറക്കിയത്.

ഹൈദരലി നാണയങ്ങളിൽ റുപീ ഒഴികെയുള്ള മറ്റെല്ലാ നാണയങ്ങളും ചെമ്പിലോ സ്വർണ്ണത്തിലോ തീർത്തവയാണ്. തന്റെ നാണയങ്ങളിൽ വിജയനഗര ശൈലി പിന്തുടര്‍ന്ന ഹൈദരലിയുടെ ചില നാണയങ്ങളിൽ ഹൈന്ദവദേവകളായ ശിവ_പാർവ്വതീ രൂപവും മൃഗരൂപങ്ങളും ചിത്രീകരിച്ചിട്ടുണ്ട്.

നാണയമുഖത്ത് തന്റെ പേരിനെ സൂചിപ്പിക്കാൻ പേർഷ്യൻ ലിപിയിൽ ‘HE’എന്നു രേഖപ്പെടുത്തിയതായും കാണാം.

1/4, 1/2 1/8 എന്നീ വ്യത്യസ്ത മൂല്യങ്ങളിലുള്ള ‘ പൈസ’നാണയങ്ങൾ ചെമ്പിൽ തീർത്തവയാണ്. മൂന്ന് മുതൽ ആറു ഗ്രാം വരെ ഭാരമുള്ള ഈ നാണയങ്ങളിൽ നാണ്യമുഖത്ത് കടുവയുടെ രൂപവും മറുപുറത്ത് യുദ്ധത്തിനുപയോഗിക്കുന്ന മഴുവും ചിത്രീകരിച്ചിട്ടുണ്ട്.

ഹൈദരലിയുടെ ‘റുപീ’ നാണയങ്ങൾ വെള്ളിയിൽ തീർത്തവയായിരുന്നു. ഹൈദർ നഗർ കമ്മട്ടത്തിൽ അടിച്ച ഏതാണ്ട് പതിനൊന്ന് ഗ്രാം തൂക്കം വരുന്ന വെള്ളിനാണയത്തിൽ ഷാ ആലം II എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. മൊഹർ, പഗോഡ, പണം ഇവയൊക്കെ ഹൈദരലിയുടെ സ്വർണ്ണനാണയങ്ങളാണ്. ഏതാണ്ട് 11ഗ്രാം വരുന്നതാണ് ‘മൊഹർ’.

പഗോഡ അഥവാ ബഹാദുരി (3.4 gm) ഗൂട്ടി കമ്മട്ടത്തിൽ അടിച്ചതാണ്.
ശിവ പാർവ്വതിമാരുടെ രൂപം ചിത്രീകരിച്ച സ്വർണനാണയമായ പഗോഡയുടെ മറുപുറത്ത് പേർഷ്യൻ ലിപിയിൽ’ HE ‘എന്നു എഴുതിയിട്ടുണ്ട്.
ബഹാരി കമ്മട്ടത്തിൽ അടിച്ച ‘പണം ‘എന്ന നാണയത്തിന്റെ ഒരു പുറത്ത് ആനയേയും മറുപുറത്ത് ബഹാരി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.