‘ഹേയ് ജൂഡി’ന്റെ ഓഡിയോ ലോഞ്ച്

കൊച്ചി: നിവിന്‍ പോളിയും തൃഷയും ഒന്നിക്കുന്ന ഹേയ് ജൂഡിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ചിത്രം ഫെബ്രുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തും. പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ മാഷാണ് ഓഡിയോ ലോഞ്ച് ചെയ്തത്. നിവിന്‍ പോളി, തൃഷ, നീന കുറുപ്പ്, വിജയ് മേനോന്‍, സംവിധായകരായ ശ്യാമപ്രസാദ്, സിബി മലയില്‍, സംഗീത സംവിധായകരായ ഔസേപ്പച്ചന്‍, ഗോപി സുന്ദര്‍, ഗാനരചയിതാക്കളായ ഹരിനാരായണന്‍ ബി കെ, വിനായക് ശശികുമാര്‍, ഗായകരായ സയനോര ഫിലിപ്പ്, കാവ്യ അജിത്, മാധവ് നായര്‍, നിര്‍മാതാവ് അനില്‍ അമ്പലക്കര തുടങ്ങിയവരും മറ്റു അണിയറപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. ശ്യാമപ്രസാദ് സംവിധാനം നിര്‍വഹിച്ച ‘ഹേയ് ജൂഡ്’ തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ്.

ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247 ‘മീനുകള്‍ വന്നുപോയി’ എന്ന് തുടങ്ങുന്ന ഗാനവും റിലീസ് ചെയ്തു.

ഡോ. മധു വാസുദേവന്‍ രചിച്ച വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റണിയും സയനോര ഫിലിപ്പുമാണ്. സിദ്ദിഖ്, നീന കുറുപ്പ്, വിജയ് മേനോന്‍, അജു വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്.