ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തു; കൊടിക്കുന്നിലിനെ ശാസിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: ഹിന്ദിയിൽ സത്യവാചകം ചൊല്ലിയതിന് കൊടിക്കുന്നിൽ സുരേഷ് എംപിക്ക് സോണിയാഗാന്ധിയുടെ ശകാരം. സ്വന്തം ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്താൽ പോരായിരുന്നോ എന്ന് ചോദിച്ച സോണിയാഗാന്ധി രാഷ്ട്രഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തതിൽ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന് പിറകെയാണ് പ്രൊടൈം സ്പീക്കറെ സഹായിക്കാൻ നിയോഗിച്ച കൊടിക്കുന്നിൽ സുരേഷ് എംപി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രഭാഷയായ ഹിന്ദിയിലായിരുന്നു കൊടിക്കുന്നിൽ സത്യവാചകം ചൊല്ലിയത്. ഇതിനെ ബിജെപി അംഗങ്ങളടക്കമുള്ളവർ കയ്യടിച്ച് സ്വീകരിച്ചു.

തുടർന്നാണ് രാഷ്ട്രഭാഷയിൽ സത്യവാചകം ചൊല്ലിയതിന് സോണിയ ഗാന്ധി കൊടിക്കുന്നിൽ സുരേഷിനെ ശകാരിച്ചത്. സ്വന്തം ഭാഷയിലോ ഇംഗ്ലീഷിലോ സത്യവാചകം ചൊല്ലാമായിരുന്നില്ലേ എന്നും സോണിയ ചോദിച്ചു. സോണിയയുടെ അതൃപ്തി കണക്കിലെടുത്ത് ഹിന്ദിയിൽ സത്യവാചകം ചൊല്ലാൻ തയ്യാറായി വന്ന രാജ്‌മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ തുടങ്ങിയ അംഗങ്ങൾ പിന്നീട് മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്.