സ‍ര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ; ച‍ര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് സൂചന

കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സമവായ ചര്‍ച്ച നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ. സര്‍ക്കാര്‍ ഇപ്പോള്‍ ചര്‍ച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാന്‍ താല്‍പര്യമില്ലെന്നും വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പള്ളികള്‍ വിട്ടുകൊടുക്കുന്നതുള്‍പ്പെടെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ഓര്‍ത്തഡോക്സ് സഭ ഇതിലൂടെ നല്‍കുന്നത്.

കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ഫാദര്‍ എം ഒ ജോണ്‍ പറയുന്നു. മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ട് മാസങ്ങളാവുകയും ചെയ്തു. ഇപ്പോഴാണ് ചര്‍ച്ചക്ക് ശ്രമമുണ്ടായതെന്നും ഫാദര്‍ വിമ‍‍ര്‍ശിച്ചു. ചൊവ്വാഴ്ചത്തെ ചര്‍ച്ചയെക്കുറിച്ച്‌ ആദ്യമറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. അതിന് ശേഷമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ര്‍ത്തു.

തര്‍ക്കത്തിലുള്ള പള്ളികളുടെ അവകാശം ഓര്‍ത്തോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം പലയിടുത്തും ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘ‍ര്‍ഷം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായി സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.

മന്ത്രിസഭാ ഉപസമിതി അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ച്‌ ചര്‍ച്ച നടത്താനാണ് ഇരുവിഭാഗങ്ങളേയും ക്ഷണിച്ചത്. ഓര്‍ത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ആദ്യം മന്ത്രിസഭാ ഉപസമതി പ്രത്യേകം ചര്‍ച്ചയും പിന്നീട് ഇരുകൂട്ടരും ഉള്‍പ്പെട്ട ചര്‍ച്ചയുമാണ് ഉദ്ദേശിക്കുന്നത്. യാക്കോബായ വിഭാഗം ക്ഷണം സ്വകരിച്ചു. എന്നാല്‍ ഓര്‍ത്തഡോക്സ് സഭ ക്ഷണം തള്ളുകയാണെന്ന സൂചനയാണ് നല്‍കുന്നത്.

കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭ കരുതുന്നത്. ഇപ്പോള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നതും നേതൃത്വം കരുതുന്നു. അതാണ് ചര്‍ച്ച ബഹിഷ്കരിക്കാന്‍ കാരണം. എന്നാല്‍ സമവായ ശ്രമങ്ങള്‍ തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.