സൗമ്യയുടെ കൊലയ്ക്കു കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്‌: പൊലീസ്

ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്ത്  പൊലീസുകാരി സൗമ്യയെ  തീകൊളുത്തി കൊലപ്പെടുത്താന്‍ കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതെന്ന് പൊലീസ്. വിവാഹത്തിന് വഴങ്ങാന്‍ സൗമ്യയെ അജാസ് നിര്‍ബന്ധിച്ചിരുന്നു. ഇതിന് വഴങ്ങാത്തതാണ് കൊലയ്ക്ക് കാരണം.

സൗമ്യ അജാസിന് നല്‍കാനുള്ള ഒന്നരലക്ഷം തിരികെ നല്‍കിയിട്ടും വാങ്ങിയില്ല. പണം നല്‍കാന്‍ അമ്മയുമൊത്ത് സൗമ്യ രണ്ടാഴ്ച മുന്‍പ് കൊച്ചിയിലെത്തി. ഇരുവരെയും വീട്ടിലേക്ക് തിരിച്ചുകൊണ്ടാക്കിയത് അജാസാണെന്നും പൊലീസ് വ്യക്തമാക്കുന്നു.  

അതേസമയം സൗമ്യക്ക് പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്‍. എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്.

അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.