സൗദി അറേബ്യയില്‍ വിദേശ ദന്തഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കും: കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ്‌

റിയാദ്: സൗദി അറേബ്യയില്‍ വിദേശ ദന്തഡോക്ടര്‍മാരുടെ എണ്ണം കുറയ്ക്കുമെന്ന് കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ്. ഓരോ വര്‍ഷവും 27 ശതമാനം വിദേശ ദന്തഡോക്ടര്‍മാരെ കുറക്കാനാണ് ശ്രമം. തൊഴില്‍രഹിതരായ സ്വദേശി ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനാണ് ഈ നടപടി.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത 951 സ്വദേശി ദന്തഡോക്ടര്‍മാരാണ് തൊഴില്‍രഹിതരായി കഴിയുന്നത്. ഇതില്‍ ബിരുദാനന്തര ബിരുദം നേടിയവരും ഉള്‍പ്പെടും. ദന്തഡോക്ടര്‍മാരുടെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി തൗഫീഖ് അല്‍ റബീഅ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഹെല്‍ത്ത് സ്പെഷ്യാല്‍റ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ദന്തഡോക്ടര്‍മാരില്‍ 5,287 സ്വദേശികളും 9,729 വിദേശികളുമാണ്. 3,116 ഡെന്റല്‍ സ്പെഷ്യലിസ്റ്റുകളും ഉണ്ട്. ഇതില്‍ 1,651 പേര്‍ സ്വദേശികളാണ്. വിദേശ ദന്തഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. നഗരങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

രാജ്യത്ത് ദന്തപരിചരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ടെക്നീഷ്യന്‍മാരും ഉള്‍പ്പെടെ 35 ശതമാനവും ഇന്ത്യക്കാരാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്.