സൗദിയില്‍ ട്രോളുകൾക്ക്‌ നിരോധനം; കർശന പെരുമാറ്റച്ചട്ടവുമായി ഭരണകൂടം

റിയാദ്‌: സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ കർശന പെരുമാറ്റച്ചട്ടം നിർബന്ധമാക്കുന്ന നിയമങ്ങൾ  സൗദി ഭരണകൂടം പുറത്തിറക്കി. ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകൾക്കു നിരോധനം ഏർപ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയിൽ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുക, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകൾ സന്ദർശിക്കുക തുടങ്ങി കർശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകൾ ഫോർവേഡ് ചെയ്യുന്നതും ശിക്ഷാർഹമാണ്.

സൈബർ നിയമം ലംഘിച്ചാൽ അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ (ഏകദേശം 5.76 കോടി രൂപ) പിഴയുമാണ് ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വിഭാഗം അറിയിച്ചത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും.