
തിരുവനന്തപുരം : സ്വര്‍ണ വില വീണ്ടുമുയർന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു.
ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,435 രൂപയും പവന് 27,480 രൂപയുമായിരുന്നു. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,515.68 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കേരളത്തില്‍ ഓണം, വിവാഹ സീസണുകള്‍ അടുത്തിരിക്കുന്നതിനാല്‍ വില വീണ്ടും ഉയരാനിടയുണ്ട് എന്നാണ് നിഗമനം.