സ്വർഗ്ഗത്തിൽ നിന്നൊരു ശബ്ദവും, നിഴല് പോലൊരാളും

ഹരികുമാർ

എപ്പോഴെങ്കിലും നിങ്ങൾ നുസ്രത് ഫത്തേ അലി ഖാനെ കേൾക്കണം… സൂഫി സംഗീതത്തിന്റെ ഉന്മാദമറിയണം.. “അദർ വേൾഡ് ലി (other-worldly) ” എന്നോ “ഹെവൻലി ” (heavenly) എന്നോ വിശേഷിപ്പിക്കുന്ന നുസ്രത്തിന്റെ പാട്ടുകൾ നമ്മെ കാരണമില്ലാതെ സന്തോഷിപ്പിക്കും..ഉന്മാദിപ്പിക്കും… പിന്നീട് എപ്പോഴെങ്കിലും ഒരു മൂളിപ്പാട്ടെങ്കിലും നാം പാടും…നമ്മെ പ്രണിയിപ്പിക്കും…. അസാധ്യമായ അദ്ദേഹത്തിന്റെ വോക്കൽ റേഞ്ച് കേൾവിക്കാരനെ വേറെയേതോ ലോകത്തെത്തിക്കും…

സൂഫി സംഗീതത്തിന്റെ കണ്ണിമുറിയാത്ത 600 വര്ഷങ്ങളുടെ പാരമ്പര്യമുള്ള കുടുംബത്തിലാണ് നുസ്രത്തും ഫാറൂഖും ജനിച്ചത്.. പിതാവ് അദ്ദേഹത്തിനെ ഒരു ഡോക്ടർ ആക്കാനാണ് താല്പര്യപ്പെട്ടതെങ്കിലും കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരിക്കൽ ഇന്ത്യൻ ഗായകൻ മുനവർ അലി ഖാൻ പാകിസ്ഥാൻ സന്ദർശിക്കുകയുണ്ടായി , പരിപാടിയിൽ അവതരിപ്പിക്കുവാൻ നല്ലൊരു തബലിസ്റ്റിനെ ലഭിക്കാതെ വിഷമിച്ചപ്പോഴാണ് ഫത്തേഹ് അലി ഖാൻ തന്റെ മകനായ നുസ്രത്തിനോട് മുനവ്വർ അലിയെ അനുഗമിക്കാൻ ആവശ്യപ്പെട്ടത്.. ഒന്നുകിൽ പഠനം അല്ലെങ്കിൽ സംഗീതം… ഇത് തന്റെ അവസാന പരീക്ഷണമാണെന്നു ആണെന്ന് തന്നെ കുഞ്ഞു നുസ്രത് കരുതി.. മുനവ്വർ അലിയെ അനുഗമിച്ചു.. പരിപാടി തുടങ്ങിയതും മുനവ്വറിനും ഫത്തേഹ് അലിക്കും ഒരു കാര്യം മനസ്സിലായി.. നുസ്രത്തിന്റെ വഴി സംഗീതമാണ്.. അവൻ ഒരു സാധാരണ കുട്ടിയെ അല്ല.. അതിനു ശേഷമാണു തന്റെ മകനെ ഫത്തേ അലി , ഗൗരവമായി തബലയും, ഹാര്മോണിയവും , പിന്നെ ഖവാലിയുടെയും ആദ്യ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ തുടങ്ങിയത്..ആ പഠനം പക്ഷെ അധികം നീണ്ടു നിന്നില്ല, പിതാവിന്റെ അകാലമരണം അതിനു തിരശീലയിട്ടു.. പിന്നീട് തന്റെ അമ്മാവന്മാരായ ഉസ്താദ് മുബാറക് അലി ഖാന്റെയും സലാമത് അലി ഖാന്റെയും ശിക്ഷണത്തിലാണ് അദ്ദേഹം സംഗീതപഠനം പൂർത്തിയാക്കുന്നത്… അച്ഛൻ മരിച്ചതിന്റെ പത്താം നാൾ, പിതാവ് തന്നെ അനുഗ്രഹിച്ചതായി നുസ്രത് സ്വപ്നം കാണുകയുണ്ടായി..അങ്ങനെ നാല്പതാം നാൾ പിതാവിന്റെ സ്മരണാർത്ഥം അദ്ദേഹം ആദ്യമായി ഖവ്വാലി അവതരിപ്പിക്കുകയുണ്ടായി…പിന്നീട് എല്ലാം..ചരിത്രം.. പാക് സംഗീതത്തെ പറ്റി, ഖവ്വാലിയെ പറ്റി, സൂഫിസംഗീതത്തെ പറ്റി പറയുമ്പോഴൊക്കെയും നമ്മൾ നുസ്രത്തിനെ പറയും…

അള്ളാ ഹൂ, ആഫ്രീൻ, അഖിയാൻ ഉദീക് ജിയാ, അലി ദാ മലങ്, ഷാഹി മർദാൻ ഇ അലി,കാണ്ടേ ഉത്തെ മെഹറുമാവേ , തുമേ ദില്ലഗി, സാസോം കി മാല, ഹൽകാ ഹൽക സുറൂര്, കിന്ന സോന , ദം മസ്ത് കലന്ദർ , ആജ് രംഗ് ഹൈ , സനു ഏക് പൽ ചെയിൻ ന ആവേ, മസ്ത് നസരോം സെ , മേരെ പിയ ഘർ ആയ് ഇവയൊക്കെ നമ്മെ ട്രാൻസെൻഡ്‌ ചെയ്യിക്കും എന്നതിൽ ഒരു തർക്കവുമില്ല….നുസ്രത് വളരുകയായിരുന്നു..രാജ്യത്തിന്റെയും, ഭൂഖണ്ഡങ്ങളുടെയും മതങ്ങളുടെയും അതിരുകളൊക്കെയും മറികടന്നുകൊണ്ട്…അല്ലെങ്കിലും വസന്തത്തിന് തടയിടാൻ ആർക്കുമാവില്ലല്ലോ.

പീറ്റർ ഗബ്രിയേൽ, കനേഡിയൻ പാട്ടുകാരൻ മൈക്കിൾ ബ്രുക് , എഡി വെഡ്‌ഡർ തുടങ്ങിയവരുമായി ചേർന്ന് ഒട്ടനവധി ആൽബങ്ങൾ അദ്ദേഹം പുറത്തിറക്കുകയുണ്ടായി… നിഗൂഢമായ റിലീജിയസ് ഗാനം എന്ന് കരുതി അവഗണിക്കപ്പെട്ട ഖവ്വാലിയെ ലോകമാകമാനം ഇത്തരത്തിൽ പ്രചാരത്തിലാക്കിയതിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്.. നൈസർഗികമായ വോയിസും ഹൈ ഓക്ട്ടെവ് വോക്കൽ റേഞ്ചും , മണിക്കൂറുകൾ നീളുന്ന അതി തീവ്രമായ ഗാനങ്ങളും ലോകത്തെയും പ്രത്യേകിച്ച് യൂറോപ്യൻ, അമേരിക്കൻ ജനതകളെ സ്തബ്ദരാക്കി…അത്തരമൊരു സംഗീത – വിസ്‌ഫോടനം അവർക്കു പരിചിതമേ അല്ലായിരുന്നു.. . അയാളുടെ ശബ്ദം ,പാട്ടുകൾ , സർഗങ്ങൾ , ആലാപുകൾ ഒക്കെയും കേൾവിക്കാരെ ഗൂഢമായി ഭ്രമിപ്പിച്ചു…സ്വയം മറന്നു പോവുന്ന കേൾവിക്കാരെയൊക്കെ എന്തിനോ വേണ്ടി സന്തോഷിപ്പിച്ചു……

പാട്ടുകാർ ഒക്കെയും അനുഗ്രഹിക്കപെട്ടവർ ആണ്.. അവരിൽ ചിലർ മഹാന്മാരായി വാഴ്ത്തപ്പെടും… എന്നാൽ ചുരുക്കം ചില പാട്ടുകാർ ഉണ്ടാവും, കാലത്തേ അതിജീവിച്ചു നിൽക്കുന്നവർ.. നുസ്രത് പക്ഷെ കാലത്തെയും , ഭാഷയെയും, മതങ്ങളെയും മനസ്സുകളെയും അതിജീവിച്ചു.. അദ്ദേഹം പാടുമ്പോഴൊക്കെയും മന്ത്രികമായ എന്തോ ഒന്ന് ആവിർഭവിച്ചു…ഉന്മാദവും വൈകാരികതയും ചൂടും തണുപ്പും അത് നമ്മെ അനുഭവിപ്പിച്ചു…വെറും ഇരുപതു വര്ഷം കൊണ്ട് തലമുറകളെ ധന്യമാക്കാനുള്ള പാട്ടുകൾ നമുക്ക് തന്നിട്ടാണ് അദ്ദേഹം നമ്മെ വിട്ടു പോയത്…

ഇനി ഫാറുഖിനെ പറ്റി… നുസ്രത്തിന്റെ മറുപാതി… നുസ്രത്തിനെ പറയുമ്പോഴൊക്കെയും പറയേണ്ടവൻ..നുസ്രത്തിനെ പൂർണനാക്കുന്നവൻ.. ഈ ഇരുപതു വർഷവും നുസ്രത് അലിഖാന്റെ കൂടെ ഉണ്ടായിരുന്നത് രണ്ടേ രണ്ടു പേരാണ്… ഒന്ന് തബല മാസ്റ്റർ ദിൽദാർ ഹുസൈനും പിന്നൊന്നു അദ്ദേത്തിന്റെ നിഴല് പോലെ കൂടെ നടന്ന സഹോദരൻ ഫാറൂഖ് ഫത്തേ അലി ഖാനുമാണ് …
അതെ…ഉസ്താദ് ഫാറൂഖ് ഫത്തേ അലി ഖാൻ… ഹാർമോണിയം എടുത്തതിൽ ലോകം കണ്ടതിൽ വെച്ചേറ്റവും മികച്ചവൻ…ഹാർമോണിയം രാജ സാഹിബ് എന്നോ ഷാഹിൻഷാ ഓഫ് ഹാർമോണിയം എന്നോ അറിയപ്പെട്ടവൻ… നിമിഷാര്ധ നേരം കൊണ്ട് അസാധ്യമായ നോട്ടുകൾ വായിക്കാനും, ഹാർമോണിയത്തിലെ എല്ലാ സ്കെയിലുകളും അനായാസം കൈകാര്യം ചെയുന്നതിൽ അതിവൈദഗ്ധ്യനും ആയിരുന്നു അയാൾ…അതിലുപരി നുസ്രത്തിനോട് കിട പിടിക്കാൻ തക്ക വണ്ണം ശബ്ദസൗകുമാര്യം കൊണ്ട് അനുഗ്രഹീതനുമായിരുന്നു … നുസ്രത് പാടിയ പല പാട്ടുകളും ചിട്ടപ്പെടുത്തിയതും ഇതേ ഫാറൂഖായിരുന്നു..മാത്രമല്ല അവരുടെ ഖവാലി പാർട്ടിയുടെ ഓൺ സ്റ്റേജ് പേസ് സെറ്റെർ കൂടി ആയിരുന്നു ഫാറൂഖ്. ടെമ്പോ മാറുമ്പോൾ, ഗതിവിഗതികളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവുമ്പോൾ അത്തരം നിമിഷങ്ങളിൽ കൃത്യമായി ഇടപെട്ടു അവയെ തിരികെ പിടിക്കുന്നതിൽ, കൃത്യമായ ആലാപുകൾ നൽകി നുസ്രത് നെ എലവേറ്റ് ചെയ്യിക്കുന്നതിലും ഫാറൂഖ് അതിവിദഗ്ദ്ധനായിരുന്നു. അയാൾ ആയിരുന്നു അതിന്റെ പറയപ്പെടാത്ത ലിഞ്ച് – പിൻ എന്നാൽ എന്നും നുസ്രത്തിന്റെ നിഴലിൽ നടക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.. അതാവട്ടെ അദ്ദേഹം സന്തോഷത്തോടെ , അഭിമാനത്തോടെ ചെയ്തു… നുസ്രത്തു അകാലത്തു വിട്ടു പിരിഞ്ഞപ്പോഴാകട്ടെ, തന്റെ മകന്റെ പിന്നിൽ സന്തോഷത്തോടെ പിന്നണി പാടുന്ന ഫാറുഖിനെയും നാം കണ്ടു…

ഫാറൂഖ് ഫാറൂഖ് ആയതേയില്ല…അയാൾ എന്നും ഫത്തേ അലി ഖാന്റെ മകനായിരുന്നു, മഹാനായ നുസ്രത്തിന്റെ അനുജൻ മാത്രമായിരുന്നു … മുജാഹിദ് മുബാറകിന്റെ മച്ചുനനായിരുന്നു…റാഹത് അലി ഖാന്റെ അച്ഛനായിരുന്നു…ഒരു പക്ഷെ നുസ്രത്തിനെ നുസ്രതാക്കുവാൻ മാത്രമായിരുന്നിരിക്കാം ഫാറൂഖ് ജനിച്ചിട്ടുണ്ടാവുക…
അല്ലെങ്കിലും ചിലരുണ്ട്… എന്നും രണ്ടാമനാവാൻ ജനിക്കുന്നവർ…മറ്റുള്ളവരക് വേണ്ടി ജനിച്ചവർ…തിരശീലയ്ക്കു പിന്നിൽ മാത്രം നിൽക്കുന്നവർ… …അടയാളപ്പെടുത്തലുകൾ ഒന്നുമേയില്ലാതെ ജീവിച്ചവർ, … വാഴത്തപ്പെടാതെ പോകുന്ന മാന്ത്രികർ… പാടാത്ത പാട്ടിലെ അറിയാത്ത നായകന്മാർ