സ്വകാര്യ ബസ് പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസിസിയില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു

ബംഗലൂരു: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടി. ബെംഗലൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനയുണ്ട്. കേരള കര്‍ണാടക ആര്‍ടിസികള്‍ അമ്പതോളം അധിക സര്‍വീസുകളാണ് തിരക്ക് നിയന്ത്രിക്കാന്‍ നടത്തുന്നത്.

യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാതാിരിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. നാട്ടിലെത്താന്‍ സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവര്‍ യാത്ര സര്‍ക്കാര്‍ ബസുകളിലാക്കി. സാധാരണ ദിവസങ്ങളില്‍ ബെംഗളൂരുവിലേക്കും തിരിച്ചുമായി ശരാശരി ആയിരം യാത്രക്കാര്‍ വരെയാണ് കെഎസ്ആര്‍ടിസില്‍ കയറാറുള്ളതെങ്കില്‍ നാല് ദിവസമായി അത് 2500 കടന്നു. ആലപ്പുഴക്കും ചങ്ങനാശ്ശേരിക്കും സ്‌പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്.

കണ്ണൂര്‍, കോഴിക്കോട്, കോട്ടയം വഴിയുള്ള സ്‌പെഷ്യല്‍ സര്‍വീസുകളിലും തിരക്കേറിത്തുടങ്ങി. കര്‍ണാടക ആര്‍ടിസി 21 അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സേലം വഴി കേരളത്തിന്റെ സ്‌പെഷ്യല്‍ വണ്ടികളും ഉണ്ടാകും. സമരം തുടരുകയും തിരക്കേറുകയും ചെയ്താല്‍ കൂടുതല്‍ ബസുകളിറക്കാനാണ് കെഎസ്ആര്‍ടിസികളുടെ ആലോചന.