സ്റ്റീഫന്‍ ഹോക്കിംഗ്: ശാസ്ത്രം എന്ന ആകാശത്ത് തിളങ്ങി നിന്ന നക്ഷത്രം

 

It Matters if You Just Don’t Give Up

– Stephen Hawking

സ്റ്റീഫന്‍ ഹോക്കിംഗ്, ശാസ്ത്രം എന്ന ആകാശത്ത് തിളങ്ങി നിന്ന നക്ഷത്രം. അദ്ദേഹത്തിന്‌റെ ഉള്‍ക്കാഴ്ചകളാണ് നാം ഇന്ന് കാണുന്ന ആധുനിക പ്രപഞ്ചഘടനാശാസ്ത്രത്തിന് രൂപം നല്‍കിയത്. ലോകത്തെ കോടാനുകോടി ജനങ്ങള്‍ക്ക് പ്രചോദനമായിരുന്ന ഹോക്കിംഗ് 76-ാം വയസില്‍ മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്‌റെ മക്കളായ ലൂസി, റോബര്‍ട്ട് , ടിം എന്നിവര്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തിന്‌റെ മരണവിവരം പുറത്ത് വിട്ടത്. ‘അദ്ദേഹം മഹാനായ ഒരു ശാസ്ത്രജ്ഞനും അസാധാരണനുമായ
വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‌റെ പ്രവര്‍ത്തനങ്ങളും പൈതൃകവും വര്‍ഷങ്ങളോളം ഓര്‍മിക്കപ്പെടും’ അവര്‍ പറഞ്ഞു.

മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖവുമായി എത്തിയ അദ്ദേഹത്തിന് പരിശോധിച്ച ഡോകടര്‍മാര്‍ നല്‍കിയ ആയുസ് രണ്ട് വര്‍ഷമായിരുന്നു. പക്ഷേ വിധിക്കും ഹോക്കിംഗിനും തോറ്റു കൊടുക്കാന്‍ സമ്മതമില്ലായിരുന്നു. ഹോക്കിംഗിനു ഉണ്ടായിരുന്ന അസുഖം വളരെ പതിയെ വികസിക്കുന്ന ഒന്നായിരുന്നു. രണ്ട് വര്‍ഷത്തില്‍ നിന്നും അദ്ദേഹം അര നൂറ്റാണ്ട് കൂടി ഈ ഭൂമിയില്‍ ജീവിച്ചു.

മരണത്തിന്‌റെ നിഴലില്‍ ജീവിക്കുന്നവരാണ് പലപ്പോഴും കൂടുതല്‍ കാലം ജീവിക്കുന്നത്. ഇതിനു എറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ഒന്നാണ് സ്റ്റീഫന്‍ ഹോക്കിംഗിന്‌റെ ജീവിതം. തന്‌റെ ചികിത്സാ സമയത്ത് രക്താര്‍ബുദം ബാധിച്ച ഒരു ആണ്‍കുട്ടിയുടെ മരണം അദ്ദേഹത്തിന്‌റെ ഉള്ളിലെ ലക്ഷ്യത്തെ ചൂട് പിടിപ്പിക്കുകയായിരുന്നു.

‘എന്റെ ഭാവിക്ക് മുകളില്‍ ഒരു മേഘം തൂങ്ങി കിടക്കുന്നുണ്ട്. പക്ഷേ ഞാന്‍ ഈ ജീവിതം മുമ്പത്തെക്കാളും ആസ്വദിക്കുന്നു. എന്റെ ഗവേഷണങ്ങളില്‍ എനിക്ക് മാറ്റാം കാണാന്‍ കഴിയുന്നു’ – ഹോക്കിംഗ്‌ പറഞ്ഞു.

 

അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ‘എന്‌റെ ലക്ഷ്യം ലളിതമാണ്. പ്രപഞ്ചത്തെ മുഴുവനായി മനസിലാക്കുക. ഇത് എന്തുകൊണ്ടാണ് ഇങ്ങനെ, ഇത് എന്തിനാണ് നിലനില്‍ക്കുന്നത്

1960 മുതലാണ് അദ്ദേഹം ഊന്നുവടി ഉപയോഗിക്കാന്‍ തുടങ്ങിയത്. പിന്നീട് ചക്രക്കസേരയിലേയ്ക്ക്‌
മാറിയപ്പോള്‍ അദ്ദേഹം തന്‌റെ അമിത വേഗതയിലുള്ള ഡ്രൈവിങ്ങിലുടെ കുപ്രസിദ്ധനായി.

അദ്ദേഹത്തിനൊപ്പം തമോഗര്‍ത്ത സിദ്ധാന്തത്തിന്‌റെ കണ്ടുപിടിത്തത്തിനു കുടെയുണ്ടായിരുന്ന റോജര്‍ പെന്റോസിന്‌റെ അഭിപ്രായത്തില്‍ എല്ലാം പെട്ടെന്ന് തീര്‍ക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഹോക്കിംഗ്.

‘അധികകാലം താന്‍ ജീവിച്ചിരിക്കില്ല, അതുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഉള്ള സമയത്ത് ചെയ്തു തീര്‍ക്കണം’

 

1974ല്‍ ഹോക്കിംഗ് അവതരിപ്പിച്ച ക്വാണ്ടം സിദ്ധാന്തത്തില്‍ തമോഗര്‍ത്തങ്ങള്‍ ചൂട് പുറപ്പെടുവിപ്പിക്കുകയും അസ്തിത്വത്തില്‍ നിന്നു പുറത്ത് പോവുകയും ചെയ്യുമെന്ന് പറയുന്നു.

32-ാമത്തെ വയസില്‍ അദ്ദേഹം റോയല്‍ സൊസൈറ്റിയിലേയ്ക്ക്‌ തെരഞ്ഞുടുക്കപ്പെട്ടു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ലൂക്കാസിയന്‍ പ്രൊഫസര്‍ ഓഫ് മാത്തമാറ്റിക്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ന്യൂട്ടണ്‍, ചാള്‍സ് ബാബേജ് തുടങ്ങിയവര്‍ അലങ്കരിച്ച ബ്രിട്ടണിലെ വിശിഷ്ടമായ കസേരകളില്‍ ഒന്ന്.

 

അദേഹത്തിനറെ മൂല്യം കൂട്ടിയത് 1988ല്‍ പുറത്തിറങ്ങിയ ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകമാണ്. 237 ആഴ്ച തുടര്‍ച്ചയായി സണ്‍ഡേ ടൈം ബെസ്റ്റ് സെല്ലേഴ്‌സില്‍ ഇടം നേടിയ പുസ്തകം ഗിന്നസ് റെക്കോര്‍ഡും നേടി. പുസ്തകത്തിന്‌റെ 10 ലക്ഷം കോപ്പികള്‍ വിറ്റുപോയി. നാല്‍പ്പതോളം ഭാഷകളിലേയ്ക്ക്‌ പുസ്തകം വിവര്‍ത്തനം ചെയ്യപ്പെട്ടു.

കോളേജില്‍ തന്‌റെ കാമുകിയായിരുന്ന ജെയിന്‍ വൈല്‍ഡിനെയാണ് ഹോക്കിംഗ് വിവാഹം കഴിച്ചത്. 1985 ല്‍ അസുഖം മുര്‍ച്ഛിച്ച സമയത്ത് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‌റെ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റി ജെയിനിനോട് ചര്‍ച്ച ചെയ്തിരുന്നു. അന്ന് അതിനെ എതിര്‍ത്ത് ഹോക്കിംഗിനെ തിരികെ കൊണ്ടുവരുന്നതില്‍ താന്‍ നിര്‍ണായക പങ്ക് വഹിച്ചതിനെക്കുറിച്ച്‌  ജെയിന്‍ 2013ല്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്‌. അവരുടെ വിവാഹ ബന്ധം 1991 ല്‍ അവസാനിച്ചു.

 

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിംഗ് തന്‌റെ നഴ്‌സായിരുന്ന എലൈന്‍ മേസനെ വിവാഹം ചെയ്തു. ആ വിവാഹബന്ധം 11 വര്‍ഷം നീണ്ടുനിന്ന ഒന്നായിരുന്നു.

ഹോക്കിംഗിനെ തേടി പല പുരസ്‌ക്കാരങ്ങളും എത്തി. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പുരസ്‌ക്കാരം, ഫണ്ടമെന്റല്‍ ഫിസിക്‌സ് പുരസ്‌ക്കാരം അങ്ങിനെ കുറേയെണ്ണം. പക്ഷേ എല്ലാവരും കൊതിക്കുന്ന നോബേല്‍ സമ്മാനം അദ്ദേഹത്തില്‍ നിന്നും അകന്നുനിന്നു.

 

2009ല്‍ അദ്ദേഹത്തിന് ബരാക് ഒബാമ പ്രസിഡന്ഷ്യല്‍ അവാര്‍ഡ് ഫോര്‍ ഫ്രീഡം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്‌റെ ജീവിതത്തെ ആസ്പദമാക്കി ജീവചരിത്രങ്ങളും ഡോക്യുമെന്ററികളും പിറന്നു. അവസാനമായി ‘ദി തിയറി ഓഫ് എവരിതിംഗ് ‘ എന്ന പേരില്‍ അദ്ദേഹത്തിന്‌റെ ജീവിതം തിരശീലയിലുമെത്തി.

 

വിവാദങ്ങളുടെ തോഴനുമായിരുന്നു അദ്ദേഹം. അദ്ദേഹം സ്ത്രീവിരുദ്ധനാണെന്ന് ആരോപണങ്ങളുണ്ടായിരുന്നു. സ്ത്രീകള്‍ ഒരു മുഴുനീള ദുരൂഹതയാണെന്ന അദ്ദേഹത്തിന്‌റെ പ്രസ്താവനയും ആരോപണങ്ങളുടെ ആഴം കൂട്ടി.

 

വിധിയെയും വൈദ്യശാസ്ത്രത്തെയും തോല്‍പ്പിച്ച അദ്ദേഹം അവസാനം തന്‌റെ 76-ാം വയസില്‍ മരണത്തിന് കീഴടങ്ങി.

മരണത്തെക്കുറിച്ച് ഹോക്കിംഗ് പറഞ്ഞു.

‘എനിക്ക് മരണത്തെ പേടിയില്ല, പക്ഷേ എനിക്ക് മരിക്കാന്‍ ധൃതിയുമില്ല. എനിക്ക് ചെയ്തുതീര്‍ക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട് ‘

(ദി ഗാര്‍ഡിയനില്‍ വന്ന ലേഖനത്തിന്റെ പരിഭാഷ)

പരിഭാഷ നിര്‍വഹിച്ചത്: ഗോകുല്‍ ഗോപാലകൃഷ്ണന്‍