സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടം; പിണറായി വിജയന്‍

കൊച്ചി: പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ശാസ്ത്രഗവേഷണ മേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന ഹോക്കിംഗ് മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ ദീപ്തസ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുന്നു. ശാരീരികപരിമിതികളെ ധൈഷണികത കൊണ്ട് മറികടന്ന വ്യക്തിയാണ് അദ്ദേഹം. തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌.

ശാസ്ത്രഗവേഷണമേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന അദ്ദേഹം മുതലാളിത്തവ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നു. ലോകമെമ്പാടും ലക്ഷകണക്കിനു മനുഷ്യര്‍ക്ക് തന്റെ ജീവിതം കൊണ്ട് പ്രചോദനം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചു. വിയറ്റ്നാം യുദ്ധം മുതല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെറ്റായ നയങ്ങളെ വരെയും ശക്തിയുക്തം അദ്ദേഹം എതിര്‍ത്തു പോന്നിരുന്നു. അദ്ദേഹത്തിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണ്.