സ്റ്റാച്ച്യു ഓഫ് യൂണിറ്റി:ആധുനിക ഇന്ത്യയുടെ അതിശക്തമായ പ്രതീകം; കണക്കുകളും, വസ്തുതകളും 

സുധീർ. എം. രവീന്ദ്രൻ

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ നുരയുകയാണ്. പ്രതിമ പണിത പണം കൊണ്ട് എത്ര പേരെ ഊട്ടാമായിരുന്നു എന്നതാണ് മില്ല്യൺ ഡോളർ ചോദ്യം. മുടക്കുമുതൽ തിരിച്ചുപിടിക്കാൻ ചുരുങ്ങിയത് 120 വർഷമെടുക്കും എന്നാണ് ഏതോ ഒരു ഇംഗ്ലീഷ് പത്രത്തിലെ കണക്കുകൾ ഉദ്ധരിച്ച് ദോഷൈകദൃക്കുകൾ പരിവേദനങ്ങൾ ചൊരിയുന്നത്. എന്നാൽപ്പിന്നെ അതൊന്നു പരിശോധിച്ച് നോക്കണമല്ലോ….

ആദ്യമേ പറയാം… പട്ടിണി മാറ്റാൻ പ്രതിമ പണിതാൽ മതിയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഈ നിർമ്മാണത്തിന്റെ ഉദ്ദേശം സ്വന്തം മാതൃസംഘടന പോലും ചരിത്രത്തിൽ നിന്നും നിർദ്ദയം അവഗണിച്ചൊഴിവാക്കിക്കളഞ്ഞ ഒരു മഹാനുഭാവന് അദ്ദേഹത്തിന്റെ ചരിത്രപരമായ പ്രസക്തിക്ക് അനുസരിച്ചുള്ള പ്രൗഢഗംഭീരമായ സ്മാരകം ഒരുക്കുക എന്നത് തന്നെയാണ്. അതിൽ യാതൊരു വിധ കുറ്റബോധത്തിന്റെയും ചെറുകണിക പോലും ഉണ്ടാവേണ്ട കാര്യം ഇല്ലേയില്ല.

അദ്ദേഹത്തിന്റെ പേരിൽ റോഡോ ആശുപത്രിയോ ഉണ്ടാക്കിയാൽ പോരായിരുന്നോ എന്ന് ചോദിക്കുന്നവരോടുള്ള മറുപടി ഒരു മറുചോദ്യമാണ്…. M G റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ എത്ര പേർക്ക് മഹാത്മാ ഗാന്ധിയെ ഓർമ്മ വരാറുണ്ട്?

അത്തരത്തിൽ ഒരു ബൃഹദ്‌സ്മാരകം പണിതീർക്കുമ്പോൾ അത് പരമാവധി ഗുണപരമായ രീതിയിൽ എങ്ങനെ ചെയ്യാം എന്നതാണ് ചോദ്യം. ഗുണപരമായി എന്ന് പറയുമ്പോൾ രണ്ട് തരത്തിൽ ഗുണമുണ്ടാവാം. ഒന്ന് ഈ പ്രതിമ പ്രതിനിധാനം ചെയ്യുന്ന വ്യക്തിയുടെയും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെയും, അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ ചരിത്രപരമായ പ്രാധാന്യത്തെയും എല്ലാം പറ്റി പൗരന്മാരിൽ ഒരു അവബോധം സൃഷ്ടിച്ചെടുക്കുക എന്നതാണ്. അത് വഴി ദേശീയബോധം വളർത്തുക എന്നതും.

ദേശീയബോധം എന്ന് കേൾക്കുമ്പോൾ ഹാലിളകുന്ന, അതിർത്തിരഹിതമായ ഏകലോക ആശയത്തിൽ വിശ്വസിക്കുന്നവർക്ക് അതാവാം. തെറ്റൊന്നുമില്ല. എന്നാൽ യാഥാർഥ്യബോധത്തോടെ ചിന്തിച്ചാൽ അത്തരമൊരു വ്യവസ്ഥിതി അനേക നൂറ്റാണ്ടുകൾക്കപ്പുറം മാത്രം സാക്ഷാത്കരിക്കാൻ സാധ്യതയുള്ളതാണ്. നിലവിലെ വ്യവസ്ഥിതിയുടെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് ആ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുമ്പോഴും നിലവിലെ വ്യവസ്ഥിതിയുടെ സംവേദനക്ഷമതയെ പറ്റി ബോധ്യമുണ്ടായിരിക്കണം. വ്യവസ്ഥിതിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് വിമതരായിക്കൊണ്ട് പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന പരിവർത്തനങ്ങൾ എന്നും നാശകാരണങ്ങൾ ആയിരിക്കും. ചരിത്രമതാണ്… ഒരു മുട്ടത്തോട് അകത്തു നിന്ന് തകർക്കപ്പെടുമ്പോഴാണ് പുതിയ ജീവനുണ്ടാവുന്നത്. പുറത്തു നിന്ന് തകർക്കുമ്പോൾ അതിനകത്തുള്ള ജീവൻ മരണപ്പെടുകയാണ് ചെയ്യുന്നത്.

വിഷയത്തിലേക്ക് തിരിച്ചു വരാം. ആദ്യം പറഞ്ഞ രണ്ടു ഗുണപരമായ ഫലങ്ങളിൽ രണ്ടാമത്തേത് സാമ്പത്തികമാണ്. ഇതാണ് നിലവിലെ വിവാദത്തിന്റെ കാരണവും. അപ്പോൾ മുന്നേ പറഞ്ഞപോലെ ഭാരതത്തിന്റെ ഭാഗധേയം നിർണ്ണയിച്ച മഹാരഥന് ഒരു മഹാസ്മാരകം പടുത്തുയർത്തുമ്പോൾ അത് സാമ്പത്തികമായി സുസ്ഥിരതയുള്ള രീതിയിൽ ആണോ ചെയ്യുന്നത് എന്നതാണ് അടുത്ത ചോദ്യം. ഇതിന് മുൻപും സ്മാരകങ്ങൾക്കായി ചിലവഴിച്ച സഹസ്രകോടികളിൽ ഉയരാത്ത ചോദ്യം ഇന്ന് ഉയരുന്നുവെങ്കിൽ നമ്മൾ ശരിയായ ദിശയിൽ തന്നെയാണ് എന്ന് നിശ്ചയമായും കണക്കാക്കാം. കാരണം അന്നാ പ്രതിമകൾ സ്പർശിക്കാത്ത ചിലരെ ഇന്ന് ഈ ഏകതാ പ്രതിമ തൊട്ട് പൊള്ളിക്കുന്നുണ്ട്.

കാര്യത്തിലേക്ക്…. അഥവാ കണക്കിലേക്ക്….

ഏതൊരു മുതൽമുടക്ക് നടത്തുമ്പോഴും അതിന്റെ വയബിലിറ്റി പരിശോധിക്കാൻ ഒരു സംരംഭകൻ നടത്തുന്ന ലളിതമായ ഒരു കണക്കുകൂട്ടലുണ്ട്.

Double the expense, halve the income എന്ന രീതിയിലാണ് ആ പ്രാഥമികമായ കണക്കു കൂട്ടൽ. പേര് സൂചിപ്പിക്കുന്ന പോലെ അക്ഷരാർത്ഥത്തിൽ ചിലവ് ഇരട്ടിയും വരവ് പകുതിയും ആക്കുക എന്നതല്ല ഉദ്ദേശിക്കുന്നത്. പ്രായോഗികമായി പരമാവധി വരാവുന്ന ചിലവും ലഭിക്കാവുന്ന കുറഞ്ഞ റിട്ടേണും വെച്ചിട്ടുള്ള വളരെ conservative ആയിട്ടുള്ള ഒരു കാൽക്കുലേഷൻ. അത്ര മാത്രം…

നമുക്ക് രണ്ട് റെഫറൻസുകൾ എടുക്കാം. ഒന്ന്… അമേരിക്കയിലെ സ്റ്റാച്ച്യൂ ഓഫ് ലിബർട്ടി. ഒരു വര്ഷം അവിടം സന്ദർശിക്കുന്നത് 40 – 50 ലക്ഷം ആളുകളാണ്. അതായത് പ്രതിദിനം 13000 പേരിലധികം. രണ്ട്… ആഗ്രയിലെ താജ് മഹൽ. അവിടെ പ്രതിദിനം സന്ദർശിച്ചിരുന്നത് മിക്കവാറും 70000 പേരാണ്. ആ തിരക്ക് കൈകാര്യം ചെയ്യാൻ കഴിയാതെ ദിവസം 40000 പേരായി യു പി സർക്കാർ പരിമിതപ്പെടുത്തി. 70000 ത്തിന്റെ പൊട്ടൻഷ്യൽ ഇപ്പോഴും ഉണ്ടെങ്കിലും നമുക്ക് 40000 എടുക്കാം. നേരത്തെ പറഞ്ഞ conservative calculation വെച്ച് ഇതിന്റെ പകുതി… അതായത് 20000 കണക്കാക്കാം. എന്നാൽ സർക്കാർ പ്രതീക്ഷിക്കുന്നത് ഇതിലും 25% കുറവാണ്. പ്രതിദിനം 15000 പേർ. ഇന്ത്യയിൽ വരുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തേക്കാൾ 3 – 4 ഇരട്ടിയാണ് അമേരിക്കയിലെത്തുന്ന വിദേശ സഞ്ചാരികൾ. എന്നാൽ ആഭ്യന്തര വിനോദ സഞ്ചാരികളെ കൂടി പരിഗണിച്ചാൽ ഇരുരാജ്യങ്ങളിലെയും മൊത്തം വിനോദസഞ്ചാരികളുടെയും എണ്ണം ഏതാണ്ട് സമാന അളവിലാണ്. അതായത് സ്റ്റാച്യൂ ഓഫ് ലിബർട്ടിയിൽ വരുന്നതിന് സമാനമായ നർമദാ തീരത്തും പ്രതീക്ഷിക്കുന്നതിൽ വലിയ തെറ്റില്ല.

അപ്പോൾ നമുക്ക് 15000 വും 13000 വും round off ചെയ്ത് ഒരു 10000 സന്ദർശകരെ പ്രതിദിനം പ്രതീക്ഷിക്കാം. രണ്ട് തരം എൻട്രി പാസുകൾ ആണ് ഇങ്ങോട്ട് പ്രവേശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ളത്. 135 അടി ഉയരത്തിലുള്ള elevated deck ഒഴികെ മറ്റിടങ്ങളിൽ ചുറ്റിയടിച്ചു കാഴ്ചകൾ കണ്ടു നടക്കാൻ 120 രൂപയുടെ പാസ്. ആ elevated deck ഉൾപ്പടെയുള്ള പ്രവേശനത്തിന് 350 രൂപയുടെ പാസ്.

ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടം സന്ദർശിക്കാൻ വരുന്നവരിൽ കൂടുതലും 350 രൂപയുടെ പാസ് ആണ് എടുക്കുക. അത് ഒരു 60% പേർ ആണെന്ന് കണക്കാക്കാം. അതായത് 6000 പേർ 350 രൂപയുടെ പാസ് എടുക്കുന്നു. 4000 പേർ 120 രൂപയുടെ പാസ് എടുക്കുന്നു. അപ്പോൾ ഒരു ദിവസത്തെ ടിക്കറ്റ് വരുമാനം…

6000 X 350 = 21,00,000/-
4000 X 120 = 4,80,000/-

Total = 25,80,000/-

ഒരു വർഷം 300 ദിവസം പ്രവർത്തിക്കുന്നു എന്ന് കണക്കാക്കിയാൽ…

25,80,000 X 300 = 77 കോടി 40 ലക്ഷം.

ഈ പരിസരത്തിന്റെ ഒരു 100 – 150 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്ന് വരുന്നവർ മാത്രമേ കാറോ ബൈക്കോ കൊണ്ട് വരാൻ പോകുന്നുള്ളൂ. ബാക്കിയുള്ളവർക്ക് ഈ പദ്ധതിപ്രകാരം ബസ് സർവ്വീസ് ഉണ്ട്. ഒരാൾക്ക് 30 രൂപയാണ് ബസ് ചാർജ്. ഒരു 70% പേർ ബസിൽ വരുന്നു എന്ന് കണക്കാക്കാം. അതായത് 7000 പേർ…

പ്രതിദിന വരുമാനം 7000 X 30 = 2,10,000/-

300 പ്രവൃത്തി ദിനങ്ങളിൽ നിന്നുള്ള വാർഷിക വരുമാനം

2,10,000 X 300 = 6 കോടി 30 ലക്ഷം

ബാക്കിയുള്ള 30% പേർ സ്വന്തം വാഹനത്തിൽ വരുന്നവർ ആയിരിക്കും. പാർക്കിങ്ങ് ഫീസ് എത്രയാണെന്ന് ഇനിയും നിർണ്ണയിച്ചിട്ടില്ല. കാറിനും ബൈക്കിനും കൂടി ശരാശരി 30 രൂപ കണക്കാക്കാം. 3000 പേർക്ക് വരാൻ 1000 വാഹനങ്ങൾ എന്ന് കണക്കാക്കാം.

വാർഷിക വരുമാനം… 1000 X 30 X 300 = 90 ലക്ഷം

*പാർക്കിങ് കരാർ കൊടുത്താൽ ഇത്ര കിട്ടില്ല.

ഈ പദ്ധതിയുടെ ഭാഗമായി നർമദാ തീരത്ത് രണ്ട് ഘട്ടമായി ടെന്റ് സിറ്റി പണിതു വരുന്നു. ആദ്യ ഘട്ടത്തിൽ 200 ടെന്റുകൾ പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. 52 മുറികളുള്ള ഒരു 3 സ്റ്റാർ ഹോട്ടൽ വൈകാതെ പ്രവർത്തനസജ്ജമാകുന്നു. Standard Non AC ട്വിൻ ഷെയറിങ് ടെന്റിന് പ്രതിദിനം 7000 രൂപയാണ് വാടക. (single occupancy ആണെങ്കിൽ 5250). AC ആണെങ്കിൽ ട്വിൻ ഷെയറിങ്ങിന് 10000 രൂപ(single occupancy ആണെങ്കിൽ 7800 രൂപ). 2 days പാക്കേജ് ആണെങ്കിൽ റേറ്റ് അല്പം കുറയും. 3 സ്റ്റാർ ഹോട്ടലിന്റെ വാടക നിർണ്ണയിക്കപ്പെട്ടിട്ടില്ല. എന്നാലും ഒരു കണക്കിന് വേണ്ടി 1500 രൂപ എന്ന ചുരുങ്ങിയ സംഘ്യ കണക്കാക്കാം.

300 ദിവസങ്ങളിൽ ഒരു 30% occupancy കണക്കാക്കാം. അതായത് 60 മുറികൾ. ഇതിൽ 60% പേർ ACയും 40% പേർ Non ACയും തിരഞ്ഞെടുക്കുന്നു എന്നും കണക്കാക്കാം. അതായത് 36 മുറികൾ ACയും 24 മുറികൾ Non Acയും. ചിലവേറിയ സൂപ്പർ ലക്ഷുറി ടെന്റുകൾ തൽക്കാലം അവഗണിക്കാം.

36 X 10000 = 3,60,000/-
24 X 7000 = 1,68,000/-

ടെന്റുകളിൽ നിന്നുള്ള പ്രതിദിന വരുമാനം… 3,60,000 + 1,68,000 = 5,28,000/-

300 പ്രവൃത്തി ദിവസങ്ങളിലെ വാർഷിക വരുമാനം…

5,28,000 X 300 = 15 കോടി 84 ലക്ഷം

3 സ്റ്റാർ ഹോട്ടലിൽ 30% occupancy (15 rooms @ 1500/-) കണക്കാക്കിക്കൊണ്ടുള്ള പ്രതിദിന വരുമാനം…

15 X 1500 = 22,500/-

വാർഷിക വരുമാനം… (300 days) – 22,500 X 300 = 67.5 ലക്ഷം

മൊത്തം വാർഷിക വരുമാനം….

77 കോടി 40 ലക്ഷം + 6 കോടി 30 ലക്ഷം + 90 ലക്ഷം + 15 കോടി 84 ലക്ഷം + 67.5 ലക്ഷം = 101 കോടി പതിനൊന്നര ലക്ഷം.

100 കോടി എന്ന് round off ചെയ്യാം.

ടെന്റ് സിറ്റിയിൽ നിലവിൽ 90 പേരാണ് ജോലി ചെയ്യുന്നത്. 3 സ്റ്റാർ ഹോട്ടൽ കൂടെ വന്നാൽ 150 ആകും എന്ന് കണക്കാക്കാം. ഉദ്യാനത്തിലും മ്യൂസിയത്തിലും പരിസരങ്ങളിലുമായി മുന്നൂറോളം പേര് വേറെയും കാണും. അതായത് 450 പേര്. 500 എന്ന് കണക്കാക്കാം. 500 പേർക്ക് ശരാശരി ശമ്പളം 30000 എന്നും കണക്കാക്കാം. (പതിനായിരം മുതൽ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ കാണും).

മൊത്തം വാർഷിക ശമ്പളം… 1 കോടി 50 ലക്ഷം

മറ്റ് നടത്തിപ്പ് ചിലവുകൾ… വൈദ്യുതി മിക്കവാറും അവിടെത്തന്നെ ഉത്പാദിപ്പിക്കുന്ന സൗരോർജ്ജമാണ്. മറ്റ് overhead expenses സാധാരണ costന്റെ 10% ആണ് കണക്കാക്കുക. എന്നാൽ ഇവിടെ പരമാവധി ചിലവാണല്ലോ നമ്മൾ നോക്കുന്നത്. അതിനാൽ turn over ന്റെ 10% എടുക്കാം. അതായത് 100 കോടിയുടെ 10% = 10 കോടി.

ഈ ചിലവുകൾ വരുമാനത്തിൽ നിന്നും കുറച്ചാൽ

100 കോടി – (1 കോടി 50 ലക്ഷം + 10 കോടി) = 88.5 കോടി. 85 കോടി എന്ന് round off ചെയ്യാം.

ഏകദേശം 10% ആണ് ഇന്ത്യയിൽ ടൂറിസത്തിന്റെ വാർഷിക വളർച്ച. ഇവിടെ അതിന്റെ നേർപകുതി 5% കണക്കാക്കാം. അങ്ങനെയെങ്കിൽ ഒരു 15 വർഷത്തേക്ക് ചിലവ് കഴിച്ചുള്ള വരുമാനം എത്ര വരും എന്ന് നോക്കാം.

Year 1: 85 crore
Year 2: 89.25 crore
Year 3: 93.71 crore
Year 4: 98.4 crore
Year 5: 103.3 crore
Year 6: 108.5 crore
Year 7: 113.93 crore
Year 8: 119.63 crore
Year 9: 125.61 crore
Year 10: 131.9 crore
Year 11: 138.5 crore
Year 12: 145.43 crore
Year 13: 152.7 crore
Year 14: 160.34 crore
Year 15: 168.36 crore

TOTAL : 1868.22 crore

ഇത്തരത്തിൽ 21 വർഷത്തേക്ക് കണക്കാക്കിയാൽ ചിലവ് കഴിച്ചുള്ള വരുമാനം 3000 കോടിക്ക് മുകളിൽ വരും. ഇനി 10% depreciation കൂടെ കണക്കാക്കിയാലും ഒരു 30 വർഷത്തിനുള്ളിൽ break even ആവും. ഇവിടെ ഇത്രയും conservative ആയി കണക്കാക്കിയിട്ടു പോലും 21 വർഷം കൊണ്ട് break even ആകുന്നു എങ്കിൽ ദോഷൈകദൃക്കുകൾ പ്രചരിപ്പിക്കുന്ന 120 വർഷത്തെ കണക്കിൽ എത്രമാത്രം കുടിലതയുണ്ടെന്ന് തിരിച്ചറിയുക.

തീർന്നില്ല….

ഒരു പ്രദേശത്തേക്ക് പ്രതിദിനം 15000 വിനോദസഞ്ചാരികൾ വരുമ്പോൾ ആ പ്രദേശത്തുണ്ടാകുന്ന economic activitiesലെ വളർച്ചയുണ്ട്. അതും നോക്കാം…

ഉദാഹരണത്തിന് ശബരിമലയിലേക്ക് ഒരു വർഷമെത്തുന്നത് 5 കോടിയോളം ഭക്തരാണ്. Statue of unity സന്ദർശിക്കുന്നത് പ്രതിദിനം 15000 പേർ വച്ച് വർഷത്തിൽ ഏകദേശം 50 ലക്ഷം പേരാണ്. അതായത് ശബരിമലയുടെ 10 ശതമാനം.

ഒരു ശബരിമല തീർത്ഥാടനം വഴി കേരളത്തിൽ വർഷത്തിൽ ഏതാണ്ട് 10000 കോടിയുടെ ബിസിനസ്സ് നടക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ശബരിമലയിലേക്ക് വരുന്നത് തീർത്ഥാടകർ ആയതിനാൽ അവർ ചിലവഴിക്കുന്ന തുകകൾ ചെറുതായിരിക്കും. വിനോദ സഞ്ചാരികൾ ചിലവഴിക്കുന്നത് കൂടുതലും ആയിരിക്കും. ഈ factor അവഗണിച്ചാൽ തന്നെ statue of unityയിലേക്കുള്ള വിനോദ സഞ്ചാരം ഒരു 1000 കോടിയുടെ(10% of 10,000 crore) അധിക ബിസിനസ്സ് generate ചെയ്യണം. ഈ 1000 കോടിയിൽ ഒരു 60% taxable ആണെന്ന് കരുതാം. അതായത് 600 കോടി. ഇതിൽ ശരാശരി 10% GST ചാർജ് ചെയ്താൽ സർക്കാരിന് വർഷം ലഭിക്കുന്നത് 60 കോടി! മേൽപ്പറഞ്ഞ പ്രകാരം 5% annual growth കണക്കാക്കിയാൽ 21 വർഷം കൊണ്ട് 2143 കോടി രൂപ collective income. ഇതും കൂടെ കണക്കാക്കിയാൽ break even ആവാൻ 15 വർഷം പോലും തികച്ചു വേണ്ട.

അതായത് രാജ്യത്തിൻറെ അഖണ്ഡതക്ക് കാരണഭൂതനായ ഒരു മഹാരഥന് പ്രൗഢഗംഭീരമായ ഒരു സ്മാരകം എന്നതിനോടൊപ്പം തന്നെ വളരെ സൂക്ഷ്മമായി പ്ലാൻ ചെയ്ത ഒരു revenue generating model കൂടിയാണ് ഈ പദ്ധതി എന്ന് ചുരുക്കിപ്പറയാം. വലിയ സ്കേലിലുള്ള ചരിത്ര സ്മാരകങ്ങൾ പണിയുമ്പോൾ ഇത്തരം ഫിനാൻഷ്യൽ മോഡലുകൾ അനുവർത്തിക്കാവുന്നതാണ്.