സ്ഫോടന പരമ്പര; ശ്രീലങ്കയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം

കൊളംമ്പോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം ഏര്‍പ്പെടുത്തി. വാട്‌സ്ആപ്പ്‌, ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകളും സൈറ്റുകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

ഞായറാഴ്ച വൈകീട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിരോധനം. ഇത് നീട്ടുന്ന കാര്യം പിന്നീട് ആലോചിക്കും. ശ്രീലങ്കയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സാമുദായിക ഐക്യം തകര്‍ക്കുന്ന സന്ദേശങ്ങളും ദൃശ്യങ്ങളും പടരാതിരിക്കാന്‍ ആണ് നീക്കം.

അതേസമയം സ്‌ഫോടനത്തില്‍ ആകെ  168 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ ആശുപത്രികളിലാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. ഈസ്റ്റർ പ്രാർഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു.

പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമണ്‍ ഗ്രാന്‍ഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്.