‘സ്‌നേഹമന്ദാരം പോലൊരു ബാലഗോപാൽ…’

നന്ദകുമാർ കടപ്പാൽ

”മന്ദസ്മിതത്തിൻ ബാലഗോപാൽ… സ്നേഹമന്ദാരം പോലൊരു ബാലഗോപാൽ…” കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാലിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ശീർഷകഗാനമാണിത്. ബാലഗോപാലിനെ അവതരിപ്പിയ്ക്കാൻ ഇതിലും അനുയോജ്യമായ ബിംബങ്ങൾ വേറെയില്ല.

രാഷ്‌ടീയദൗത്യം മന്ദസ്മിതം കൊണ്ട് നിർവ്വഹിയ്ക്കേണ്ട ഒന്നാണെന്ന് കരുതുന്ന പ്രതിഭയാണ് ബാലഗോപാൽ. പ്രകാശഭരിതമായ വാക്കുകൾ മാത്രം പ്രയോഗിക്കുന്ന രാഷ്ട്രീയ പ്രവർത്തകനാണ് അദ്ദേഹം. യാന്ത്രികതയുടെ അരോചകത്വം ബാലഗോപാൽ സംസാരിയ്ക്കുമ്പോൾ അനുഭവപ്പെടാറില്ല. ചതുരവടിവിൽ സംസാരിയ്ക്കുന്ന അഭിനയകല അദ്ദേഹത്തിന് വശമില്ല. സംഭാഷണത്തിലെ സ്വാഭാവികതയാണ്, വാഗ്പ്രയോത്തിലെ ലാളിത്യമാണ് ബാലഗോപാൽ എന്ന പൊതുപ്രവർത്തകന്റെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളിലൊന്ന്.

ക്ഷോഭത്തിന്റെയും രോഷത്തിന്റെയും വഴികളിലൂടെ അദ്ദേഹം സഞ്ചരിയ്ക്കാറില്ല. അതുകൊണ്ടാണ് ബാലഗോപാലിനെ കൊല്ലത്തിന്റെ ഹൃദയഭാജനമെന്ന് വിശേഷിപ്പിയ്ക്കുന്നത്. കേവലമായ ആശയവിനിമയമല്ല അദ്ദേഹം ഭാഷകൊണ്ട് നിർവ്വഹിയ്ക്കുന്ന ദൗത്യം. ഹൃദയബന്ധങ്ങളുടെ സ്ഥാപനവും ശാക്തീകരണവുമാണ് ഓരോ ആശയവിനിമയത്തിലൂടെയും ബാലഗോപാൽ സാധ്യമാക്കുന്നത്. സ്നേഹമന്ദാരം പോലൊരു ബാലഗോപാൽ എന്ന പ്രയോഗത്തിന്റെ സ്വാരസ്യം അവിടെയാണ്.

പാർട്ടിയ്ക്കും മുന്നണിയ്ക്കും അതീതമാണ് മണ്ഡലത്തിലെ ബാലഗോപാലിന്റെ ഹൃദയബന്ധങ്ങൾ. എൺപതുകളുടെ ആദ്യം എസ് എഫ് ഐ നേതൃത്വത്തിലേക്ക് പതിയെ ചുവട് വയ്ക്കുമ്പോഴേ ബാലഗോപാൽ ശ്രദ്ധാകേന്ദ്രമായിരുന്നു. നിലാത്തെളിമയാർന്ന പെരുമാറ്റവും വാക്കുകളിലെ മാധുര്യവും മുതിർന്നവരുടെ മനസ്സിലേക്ക് അദ്ദേഹത്തിന് നേരിട്ട്‌ പ്രവേശനം നൽകി. അക്കാദമിക് ജീനിയസ് എന്ന നിലയിൽ സഹപ്രവർത്തകരിൽ സൃഷ്ടിച്ച മതിപ്പ് ശാശ്വതമായ ഹൃദയബന്ധമായി വളർന്നു. സംഘടനാപ്രവർത്തനത്തിലെ സർഗ്ഗാത്മകതയും ധീരവും സമർപ്പിതവുമായ സമരോത്സുകതയും പ്രായംകൊണ്ട് പിന്നാലെവന്നവരുടെയെല്ലാം ഹൃദയസഖാവാക്കി ബാലഗോപാലിനെ മാറ്റി.

എൺപതുകളുടെ ആദ്യപാദം മുതൽ പലകാലങ്ങളിലായി കേരളത്തിലെ ഓരോ കാമ്പസ്സിലുമെത്തിയ ഓരോ വിദ്യാർത്ഥിയുടെയും മനസ്സിലേക്ക് ആത്മബന്ധത്തിന്റെ അഗോചരമായ ഒരു ഇടനാഴി ബാലഗോപാൽ സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഇതുതന്നെയാണ് ഒരു ജനനേതാവെന്ന നിലയിലേക്കുള്ള വളർച്ചയ്ക്ക് ബാലഗോപാലിന്‌ ഊർജ്ജ സ്രോതസ്സായത്. ഉറപ്പ്‌. ഓരോ സ്വീകരണ കേന്ദ്രവും പഴയകാല സഖാക്കളുടെ സമാഗമവേദിയായി മാറുന്നതിന്റെ രഹസ്യവും അത് തന്നെ.

തന്റെ യു ഡി എഫ് പക്ഷപാതിത്വം മറച്ചുവയ്ക്കാൻ ഇഷ്ട്ടപ്പെടാത്ത കൊല്ലത്തെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ പറയുന്നു: “ബാലഗോപാലാണ് സ്ഥാനാർത്ഥി എന്നത് തന്നെയാണ് ഇത്തവണ കൊല്ലത്ത് എൽ ഡി എഫിന് അനുകൂലമാകുന്ന ഒന്നാമത്തെ ഘടകം”- ശരിയാണ്, ബാലഗോപാൽ എന്ന സ്ഥാനാർത്ഥി തന്നെയാണ് കൊല്ലത്ത് ഇക്കുറി എൽ ഡി എഫിന്റെ ട്രംപ് കാർഡ്. ആരെയും ആകർഷിയ്ക്കുന്ന ആ വ്യക്തിത്വം തന്നെയാണ് എൽ ഡി എഫ് പ്രചാരണത്തിന് നിറവും മണവും സമ്മാനിയ്ക്കുന്നത്. സി പി എമ്മിന്റെ സംഘടനായന്ത്രത്തിന്റെ പ്രവർത്തനക്ഷമത അതിന്റെ പാരമ്യത്തിനും അപ്പുറമുള്ള ഒരു ഒരു തലത്തിലേക്ക് വളർന്ന് വികസിയ്ക്കുന്നതിന്റെയും കാരണം അതുതന്നെ. ജില്ലയിലെ പാർട്ടിയുടെ പ്രാദേശിക- ഏരിയ നേതൃത്വം ഏതാണ്ട് അപ്പാടെ ബാലഗോപാലിന്റെ ഹൃദയസഖാക്കളായ പഴയ എസ് എഫ് ഐ ക്കാരാണ്. അവർ വിജയം അനിവാര്യമാണ് എന്ന് തീരുമാനിച്ചിടത്ത് നിന്നുമാണ് ഇക്കുറി കൊല്ലത്ത് എൽ ഡി എഫിന്റെ പ്രചാരണയന്ത്രം ഉരുണ്ടുതുടങ്ങിയത്.

ഈ മണ്ണിന് അനപ്പ് ചേർത്ത ഒരായിരം വിദ്യാർത്ഥി സമരങ്ങളാണ് കെ എൻ ബാലഗോപാൽ എന്ന വിദ്യാർത്ഥി നേതാവിനെ സൃഷ്ടിച്ചത്. ഈ മണ്ണിലെ കനൽപ്പാടങ്ങൾ താണ്ടിയാണ് അദ്ദേഹം രാജ്യ ശ്രദ്ധയുടെ ആകാശങ്ങളിലേക്കു വളർന്ന് പന്തലിച്ചതെന്ന് അർത്ഥം. അതുകൊണ്ട്, മൂന്നു പതിറ്റാണ്ടായി തങ്ങളുടെ നിത്യജീവിത വ്യവഹാരങ്ങളുടെ അവിഭാജ്യഘടകമായി മാറിയ ബാലഗോപാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ കൊല്ലത്തുകാർക്ക് നിശ്ചയമായും അതൊരു കുടുംബകാര്യമാണ്. ‘ബന്ധുവായ’ ഒരാൾ മത്സരിയ്ക്കുന്നതുകൊണ്ട് വിജയം അവർ ഓരോരുത്തരുടെയും അഭിമാനപ്രശ്നമായി മാറി എന്നർത്ഥം. പ്രതിഭയുടെയും പ്രാഗത്ഭ്യത്തിന്റേയും കാര്യത്തിൽ ഒരു പ്രകാശഗോപുരം പോലെ നിൽക്കുന്ന ബാലഗോപാലിനെ അഭിമാനഭാജനമായിട്ടാണ് കൊല്ലം പരിഗണിയ്ക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ വിജയത്തിനായി ആരും ക്ഷണിയ്ക്കാതെ തന്നെ ഓരോരുത്തരും രംഗത്തിറങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ ഇക്കുറി കൊല്ലം സൃഷ്ടിയ്ക്കുന്ന പുതിയ മുന്നേറ്റങ്ങൾ ബാലഗോപാലിന്റെ വിജയം ഉറപ്പാക്കുന്ന ചരിത്ര നിർമ്മിതിയാകുകയാണ് .

സ്ഥാനാർത്ഥിയുടെ അമിതമായ ആത്മപ്രശംസ സൃഷ്ടിയ്ക്കുന്ന ചെടിപ്പ് യു ഡി എഫിനെ പരിഹാസ്യതയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടിരിയ്ക്കുന്നു. അനർഹമായ അവകാശവാദങ്ങൾ കൊണ്ട് സ്ഥാനാർത്ഥിയുടെ മുഖം വികൃതമായിരിയ്ക്കുന്നുവെന്ന് യു ഡി എഫ് അണികൾ തന്നെ രഹസ്യമായി സമ്മതിയ്ക്കുന്നു. അഹംബോധംകൊണ്ട് ഉന്മാദിയായിപ്പോയ പ്രേമചന്ദ്രന്റെ വാക്കും പ്രവർത്തിയും സൃഷ്ടിയ്ക്കുന്ന കെടുതികളിൽ ഉഴലുകയാണ് യു ഡി എഫിന്റെ പ്രചരണ യന്ത്രമെന്ന് യു ഡി എഫ് പക്ഷപാതികളായ നിരീക്ഷകർ പോലും സമ്മതിയ്ക്കുന്നു.

ഇടതുപക്ഷത്തിന്റെ ചോരയും നീരുംകൊണ്ടാണ് പ്രേമചന്ദ്രനിലെ രാഷ്ട്രീയ നേതാവ് നിർമ്മിതമായിരിയ്ക്കുന്നത്. എന്നാൽ ഉറച്ച നിലപാട് എന്ന ഇടതുസംസ്കാരം ഉയർത്തിപ്പിടിയ്ക്കാൻ അദ്ദേഹത്തിന് കഴിയാതെപോയി എന്ന വിമർശനത്തിന് വലിയ വിശ്വാസ്യത ലഭിച്ചു. നേട്ടങ്ങളൊക്കെയും കൊയ്തുകൂട്ടിയതിന് ശേഷമാണ് അഞ്ചുവർഷം മുമ്പ്‌ ഇടതുപക്ഷത്തെ ഒറ്റിക്കൊടുത്ത് യു ഡി എഫിൽ എത്തിയത്, കേവലമൊരു പാർലമെന്റ് സീറ്റിന് വേണ്ടി. ആ വർഗ്ഗവഞ്ചനയ്ക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എൽ ഡി എഫിനെതിരെ വ്യാജപ്രചരണം നടത്തി സഹതാപതരംഗം സൃഷ്ടിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കടന്നുകൂടിയത്. അവകാശവാദങ്ങൾക്കപ്പുറം എം പി എന്ന നിലയിൽ ആരെയും ബോധ്യപ്പെടുത്താൻ കഴിയുന്ന നേട്ടങ്ങളൊന്നും നിരത്താനും അദ്ദേഹത്തിനായിട്ടില്ല. മുൻഗാമികൾ ആർജ്ജിച്ച നേട്ടങ്ങളുടെ ചുമലിൽ ചവുട്ടിയാണ് അദ്ദേഹത്തിന്റെ നിൽപ്പ്. ആവർത്തനവിരസത കൊണ്ട് ഈ അവകാശവാദങ്ങളാകട്ടെ ഇപ്പോൾ അങ്ങേയറ്റം അപഹാസ്യമായിരിക്കുന്നു. അതുകൊണ്ടുതന്നെ പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കൊല്ലത്ത് യു ഡി എഫിന്റെ നില അങ്ങേയറ്റം പരുങ്ങലിലാവുകയാണ്.

സംസ്ഥാനസർക്കാർ അമ്പതുശതമാനം പണം ചിലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ കൊല്ലം ബൈപ്പാസിന്റെ മൂന്നും നാലും ഘട്ടങ്ങളുടെ ഉത്‌ഘാടനം മുഖ്യമന്ത്രി നടത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ, അതിന് തുരങ്കം വച്ചുകൊണ്ട് ഉത്‌ഘാടനത്തിന് മോഡിയെ കൊണ്ടുവന്ന പ്രേമചന്ദ്രനെതിരെ കടുത്ത ജനവികാരമാണ് മണ്ഡലത്തിൽ ഉയരുന്നത്. ഉത്‌ഘാടനച്ചടങ്ങിൽ നിന്നും ഇരവിപുരം എം എൽ എ എം നൗഷാദിനെ മാറ്റിനിർത്തിയതും മതനിരപേക്ഷ സമൂഹത്തിന്റെ കടുത്ത എതിർപ്പുകൾക്ക് കാരണമായി. ബി ജെ പി യോടും അവർ ഉയർത്തിപ്പിടിയ്ക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയത്തോടും ഐക്യപ്പെടുകയാണ് എന്ന രാഷ്ട്രീയ വിമർശനത്തിന് പ്രേമചന്ദ്രന് മറുപടിയില്ലാതായി.

2010 മുതൽ 2016 വരെ രാജ്യസഭാംഗമായിരുന്ന ബാലഗോപാലിന്റെ പ്രവർത്തനം മണ്ഡലത്തിൽ സൃഷ്ടിച്ച മതിപ്പും വിശ്വാസ്യതയും, താനാണ് കേമൻ, താൻ മാത്രമാണ് കേമൻ എന്ന പ്രേമചന്ദ്രന്റെ ഇതുവരെയുള്ള അവകാശവാദത്തിന്റ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി. ബാലഗോപാലിന്റെ പാർലമെന്ററി ഇടപെടലുകൾക്കും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കും ലഭിച്ച രാജ്യാന്തര ശ്രദ്ധയും അംഗീകാരവും അതുവഴി അദ്ദേഹം നേടിയ സൻസദ് രത്ന പുരസ്കാരവും ബാലഗോപാലിന്റെ റേറ്റിംഗ് കുത്തനെ കൂട്ടി എന്ന കാര്യത്തിൽ തർക്കമില്ല.

സ്ഥാനാർത്ഥികൾ തമ്മിലൊരു താരതമ്യപഠനത്തിന് മുതിരുന്ന ഒരു സമ്മതിദായകന് ബാലഗോപാലിന്റെ പേരിന്‌ നേരെ മാത്രമേ കൈയൊപ്പ് ചാർത്താൻ കഴിയൂ. പ്രേമചന്ദ്രന്റെ മുഖംമൂടി പിച്ചിച്ചീന്താൻ മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം തുറന്നുകാട്ടാനും ഇത്തവണ ഫലപ്രദമായ പ്രചാരണത്തിലൂടെ ഇടതുപക്ഷത്തിന് കഴിഞ്ഞു. കൊല്ലത്ത് ഇക്കുറി എൽ ഡി എഫ് പ്രവർത്തകരുടെ മുഖത്തുകാണുന്ന ആത്മവിശ്വാസത്തിനും ആഹ്ലാദത്തിനും തീർച്ചയായും ചരിത്രം സൃഷ്ടിയ്ക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.