സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യതയാണ് ആദ്യം പരിഗണിക്കുക; സീതാറാം യച്ചൂരി

ന്യൂഡല്‍ഹി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യതയാണ് ആദ്യം പരിഗണിക്കുകയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇതോടെ സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും ടിക്കറ്റ് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മല്‍സരിക്കാനില്ലെന്ന് പിബി അംഗം എം.എ ബേബി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ദേശീയ നേതാക്കള്‍ കേരളത്തില്‍ മല്‍സരിക്കാനിടയില്ല.

മല്‍സരം കടുത്തതാകും എങ്കിലും കൈവിടാതെ കാക്കണം. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് സാഹചര്യം വിലയിരുത്തിയത് ഇങ്ങിനെ. ന്യൂനപക്ഷ വോട്ടുകള്‍ സിപിഎമ്മിന് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. വിജയ സാധ്യത മാത്രമാകും സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെങ്കിലും കൂടുതല്‍ തവണ മല്‍സരിച്ചവരെ മാറ്റി നിര്‍ത്തണമെന്ന മാനദണ്ഡമുണ്ടാകില്ല. അതുകൊണ്ടു തന്നെ എ സമ്ബത്ത്, എം.ബി രാജേഷ്, പി.കെ ബിജു തുടങ്ങി സിറ്റിങ് എം.പിമാര്‍ക്ക് വീണ്ടും നറുക്കുവീണേക്കും. പിബി അംഗങ്ങളില്‍ ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലിമിനോട് മാത്രമാണ് മല്‍സരിക്കുന്ന കാര്യം നിര്‍ദേശിച്ചിട്ടുള്ളത്.