സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ‘വൈറ്റ് റിബൺ ക്യാമ്പയിൻ’

ഡോ. സുരേഷ് സി.പിള്ള

നവംബർ 25: വെള്ള റിബ്ബൺ ദിവസം. സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പുരുഷൻ മാരെ ബോധ വൽക്കരിക്കുന്ന പ്രചാരണത്തിന്റെ പേരാണ്, വൈറ്റ് റിബൺ ക്യാമ്പയിൻ. ‘International Day for the Elimination of Violence against Women’, നവംബർ 25 ആയി തിരഞ്ഞെടുത്തു. അതിന്റെ അടയാളം ആണ് ഈ വെള്ള റിബ്ബൺ.

ഈ അടുത്തയിടയ്ക്കും ഒരു പ്രമുഖകോളേജിൽ ആൺകുട്ടികളെ ഒഴിവാക്കി പെൺകുട്ടികൾക്കായി സദാചാര ക്ലാസുകൾ നടത്തി എന്ന് കണ്ടു.
പീഡനം തടയണം എങ്കിൽ ആൺ കുട്ടികളെയല്ലേ, ബോധ വൽക്കരിക്കേണ്ടത്? സ്ത്രീ സുരക്ഷയ്ക്കു വേണ്ടി പുരുഷൻ മാരെ ബോധ വൽക്കരിക്കുന്ന പ്രചാരണത്തിന്റെ പേരാണ്, വൈറ്റ് റിബൺ ക്യാമ്പയിൻ. സ്ത്രീ സുരക്ഷ ഉറപ്പാക്കാനും, സ്ട്രീകൾക്കെതിരെയുള്ള ആക്രമണം തടയാനും, പുരുഷന്മാരെ ബോധവൽക്കരിക്കുന്ന, പുരുഷന്മാരുടെ പ്രചാരണ പ്രസ്ഥാനമാണ്, വൈറ്റ് റിബൺ ക്യാമ്പയിൻ.

മിക്ക രാജ്യങ്ങളിലും ഇതിന്റെ ശാഖകൾ ഉണ്ട്. സ്ത്രീസ്വാതന്ത്യ്രവാദി അനുകൂലികളായ ഒരു പറ്റം പുരുഷന്മാർ ആണ് ഇതിന്റെ പിന്നിൽ.
ഈ സംഘടന ശക്തിപ്പെടാൻ കാരണം കാനഡയിലെ École Polytechnique ൽ നടന്ന കൂട്ടക്കൊലയാണ്. ഇരുപത്തഞ്ചു കാരനായ മാർക്ക് ലെപ്പേൻ എന്നയാൾ ഫെമിനിസം എന്ന ആശയം തകർക്കാനായി പതിനാലു സ്ത്രീകളെയാണ് വെടിവച്ചു കൊന്നത്. അതിനു ശേഷം, സ്ത്രീ സുരക്ഷയെപ്പറ്റിയും, ലിംഗ സമത്വത്തെപ്പറ്റിയും പുരുഷന്മാരിൽ അവബോധം ഉണ്ടാക്കുവാനുള്ള ദൗത്യം ഇവർ ഏറ്റെടുത്തു.
അറുപതോളം രാജ്യങ്ങളിൽ ഈ സംഘടന ശക്തമാണ്. ഇന്ത്യയിൽ ഇതിന്റെ ശക്തമായ സാന്നിദ്ധ്യത്തെ ക്കുറിച്ചു അധികം റിപ്പോർട്ടുകൾ ഇല്ല. യൂ. കെ. യിൽ മാത്രം 25,000 പ്രവർത്തകർ ഈ സംഘടനയിൽ ഉണ്ട്. ഇവർ സ്കൂളുകളിലും, പൊതു വേദികളിലും ലിംഗ സമത്വത്തെപ്പറ്റി സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.

എന്തൊക്കെയാണ് വെള്ള റിബ്ബൺ സംഘടനയുടെ ലക്ഷ്യങ്ങൾ?

ഇത് പുരുഷന്മാരിൽ, സ്ത്രീ സമത്വം ഉണ്ടാക്കുവാനായി പുരുഷന്മാരുടെ സംഘടനയാണ്. സ്കൂളുകളിൽ, പൊതു സ്ഥലങ്ങളിൽ, കോളേജുകളിൽ, വീടുകളിൽ എല്ലാം സ്ത്രീ സമത്വത്തെ പ്പറ്റി ബോധവൽക്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ ബോധവൽക്കരണത്തിനായി ധനശേഖരണവും, തൊഴിൽ ഇടങ്ങളിലും സമൂഹത്തിലും, സ്ത്രീകൾക്ക് തുല്യത ഉറപ്പാക്കുന്നതും ഇതിന്റെ ലക്ഷ്യങ്ങൾ ആണ്.
1999, ൽ United Nations General Assembly നവംബർ 25 ‘International Day for the Elimination of Violence against Women’, ആയി തിരഞ്ഞെടുത്തു. അതിന്റെ അടയാളം ആണ് ഈ വെള്ള റിബ്ബൺ.

എന്താണ് ‘വൈറ്റ് റിബൺ ‘ ആഴ്ചയിൽ (നവംബർ 25) നടക്കുന്നത്?

കൂടുതൽ സമാന ചിന്താഗതിയുള്ള ആൾക്കാരെ ഇതിലേക്ക് ആകർഷിക്കുവാനായി ഈ സംഘടനയിൽ ഉള്ളവർ ഷർട്ടിൽ വെള്ള റിബ്ബൺ ധരിക്കും. സ്കൂളുകളിലും കോളേജുകളിലും ആൺ കുട്ടികളോടായി സ്ത്രീ സുരക്ഷയെപ്പറ്റിയും, സ്ത്രീ സമത്വത്തെ പറ്റിയും പ്രഭാഷണങ്ങൾ നടത്തും. സംഘടനയുടെ പ്രത്യേകത കൊണ്ടു തന്നെ ധാരാളം ദൃശ്യ, ശ്രവ്യ മീഡിയകളുടെ ശ്രദ്ധ ആകർഷിക്കാറുണ്ട്.

നമുക്ക് എന്ത് ചെയ്യാൻ പറ്റും?

ഇന്ത്യയിലെ ശക്തമായ ഒരു വെള്ള റിബ്ബൺ പ്രചാരണം കേരളത്തിൽ നിന്നും നവംബർ 25 നു തുടങ്ങട്ടെ. അതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോളെ തുടങ്ങാം. കോളേജിൽ പഠിക്കുന്ന യുവാക്കൾ ആരെങ്കിലും മുൻകൈ എടുക്കുമോ?
സമാന ചിന്താഗതികൾ ഉള്ള ധാരാളം യുവാക്കൾ ഉണ്ടാവും. എല്ലാ കോളേജിലും പത്തു പ്രവർത്തകർ മതി. നാഷണൽ സർവീസ് സ്കീമിന്റെയോ, സ്കൗട്ടിന്റെയോ, രാക്ഷ്ട്രീയം ഇല്ലാത്ത മറ്റു സന്നദ്ധ സംഘടനകളുടെയോ ഭാഗമായി തുടങ്ങാം.