സ്ത്രീ പുരുഷ ഭേദമില്ലാതെ ഏവർക്കും ശബരിമല ദർശനം സാധ്യമാക്കണമെന്ന് ആർ. എസ്സ്. എസ്സ്. നേതാവ് ആർ. ഹരി

അനീഷ്. എ. പി

സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരും എന്ന വാദം പരാജിതന്റെ വേദാന്തമാണെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ആർ ഹരി. തന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന പുസ്തകത്തിലാണ് ശബരിമല സ്ത്രീ പ്രവേശനത്തെ പൂര്‍ണമായും അനുകൂലിക്കുന്ന നിലപാട് അദ്ദേഹം വ്യക്തമാക്കുന്നത്.

ആദ്ധ്യാത്മികമായി പുരുഷന്‍മാര്‍ക്ക് എത്ര ഉയരാന്‍ പറ്റുമോ അത്ര തന്നെ സ്ത്രീക്കും സാധിക്കും. സമരമല്ല സമന്വയമാണ് മാര്‍ഗം; യുവതീ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സ്ത്രീ പുരുഷ ഭേദമില്ലാതെ ശബരിമല ദര്‍ശനം സാധ്യമാക്കണം. സ്ത്രീകളുടെ ജീവിത സാഹചര്യങ്ങള്‍ മാറി. പ്രായഭേദമില്ലാതെ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ഹിന്ദു സമുദായത്തിന്റെ മൊത്തത്തിലുള്ള ആദ്ധ്യാത്മിക നിലവാരം വര്‍ദ്ധിക്കുമെന്നും ഹരി വ്യക്തമാക്കുന്നു. പണ്ട് കാലത്ത് തീര്‍ത്ഥാടനം കഠിനമായിരുന്നു, എന്നാല്‍ ഇന്ന് സാഹചര്യം മാറി. സൗകര്യം വര്‍ദ്ധിച്ചു , സ്ത്രീകളുടെ ദര്‍ശന സ്വാതന്ത്ര്യം പുരുഷന്മാരുടെ ഔദാര്യമല്ല, സ്ത്രീകളുടെ അവകാശമാണ്.

കാമനെ ഒരു നോക്ക് കൊണ്ട് ഭസ്മമാക്കിയ ശിവന്റെ മകനായ അയ്യപ്പന്റെ ബ്രഹ്മചര്യം തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധിക്കില്ല. സാമാന്യ മനുഷ്യനെ അളക്കുന്ന അളവ് കോല്‍ കൊണ്ട് അയ്യപ്പനെ അളക്കരുതെന്നും ആര്‍ ഹരി പറയുന്നു. ശ്രീ നാരായണ ഗുരുവിന്റെയും അയങ്കാളിയുടെയുമൊക്കെ നേതൃത്വത്തില്‍ നടന്ന നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളത്തിന്റെ ജീവിത സാഹചര്യത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശബരിമല വിഷയത്തിന്റെ പരിഹര മാര്‍ഗം സംഘര്‍ഷവും സമരവും അല്ല, സമന്വയമാണെന്നും പുസ്തകത്തില്‍ പറയുന്നു ….

ഭാരതീയ വിദ്യാനികേതൻ അദ്ധ്യാപികമാരുമായി കുറേ നാളുകൾക്ക് മുൻപ് അദ്ദേഹം നടത്തിയ സംവാദത്തിൽ ചോദ്യത്തിന് നല്കിയ മറുപടിയിൽ നിന്നും കുറച്ച് ഭാഗങ്ങൾ കൂടി വായിക്കാം. ആരാധനയുടെ കാര്യത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തമ്മിൽ യാതൊരു വ്യത്യാസവുമില്ല എന്നത് വേദകാലം മുതലുള്ള നമ്മുടെ പാരമ്പര്യമാണ്. രാമായണ കാലഘട്ടത്തില് ദശരഥന് ശ്രാദ്ധം ഊട്ടാന് വേണ്ടി കൈകേയിയും കൗസല്യയും പങ്കെടുക്കുന്നതായി വാല്മീകി രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകൾക്ക് ശ്രാദ്ധമൂട്ടാനുള്ള അധികാരം അന്നുണ്ടായിരുന്നു. ഇത് പറയുമ്പോൾ
കേരളീയർക്ക് പുതുമ തോന്നില്ല. കാരണം ഭാരതത്തിൽ കേരളത്തിൽ മാത്രമാണ്
ശ്രാദ്ധമൂട്ടാനും പിണ്ഡം വെക്കാനും സ്ത്രീകൾക്ക് അധികാരമുള്ളത്. വേദം അധ്യയനം ചെയ്യാനുള്ള അധികാരവും അന്ന് സ്ത്രീകൾക്ക് ഉണ്ടായിരുന്നു. വേദകാലത്തും
ഉപനിഷത്കാലത്തും ഉപനയനകർമ്മം അഥവാ പൂണൂൽ ധാരണം സ്ത്രീകൾക്കുമുണ്ടായിരുന്നു.

ദയാനന്ദസരസ്വതി ആര്യസമാജം രൂപീകരിച്ചപ്പോൾ പുരുഷന്മാർക്ക് ബ്രഹ്മോപദേശം, യജ്ഞോപവീതധാരണം, പൂണൂല് കല്ല്യാണം ഉള്ളതുപോലെ ത്രൈവർണ്ണികർക്കും സ്ത്രീകൾക്കും പൂണൂല് ധാരണം, ഉപനയനകര്മ്മം എന്നിവ നടത്തി. അത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലായിരുന്നു എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
അന്ന് സന്യാസിനിമാര് വേദം പ്രചരിപ്പിക്കാന് വേണ്ടി നടന്നിരുന്നു. ഏ.ഡി. 400-500 കാലഘട്ടത്തിനുശേഷം മുസ്ലീംഭരണകാലത്ത് സ്ത്രീകള്ക്ക് സുരക്ഷയില്ലാതായപ്പോള് അവര് വീട്ടിൽ ഒതുങ്ങി. അപ്പോഴാണ് നമ്മുടെ ആരാധനാസമ്പ്രദായത്തിൽ
സ്ത്രീകളുടെനേരെ വിവേചനം വന്നത്. കാളിദാസന്റെ കുമാരസംഭവകാലത്ത് ഉമയ്ക്ക് തപസ്സു ചെയ്യാന് സാധിച്ചിരുന്നു. പാരമ്പര്യം വച്ചുനോക്കിയാല് സ്ത്രീക്ക് ഒരു തരത്തിലും വിവേചനമില്ല എന്നു കാണാന് സാധിക്കും.

ഈ കാഴ്ചപ്പാടോടു കൂടിയാണ് ശബരിമല വിഷയത്തെ നോക്കുന്നത്. അല്ലാതെ ഭരണഘടന നല്കുന്ന ആരാധനാസ്വാതന്ത്ര്യം എന്ന അവകാശം മാത്രം നോക്കിയല്ല. ഈ
പാരമ്പര്യത്തിന്റെ ഇന്നത്തെ തുടര്ച്ചയാണ് മണ്ണാറശാല പോലുള്ള സ്ഥലങ്ങളില്
പൂജാരിണിയെ കാണുന്നതില് പ്രകടമാകുന്നത്. അതിലെന്താ തെറ്റ്? പരമ്പരാഗതമായിട്ട് അതുവന്നു. അപ്പോള് പരമ്പരാഗതം എന്നുപറയുമ്പോള് നമുക്ക്
അറിയാന് സാധിക്കാത്ത അത്രയും പഴക്കം എന്നല്ലേ? ശബരിമലക്ഷേത്രത്തിൽ എന്തുകൊണ്ട് യുവതികളായ സ്ത്രീകൾക്ക് പോകാൻ പാടില്ല? ചിലർ പറയുന്നത് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ്. അത് സ്ത്രീക്ക് സാധ്യമല്ലല്ലോ? ഈ 41 ദിവസത്തെ വ്രതം എന്ന് നിശ്ചയിച്ച യോഗത്തില് ഒരൊറ്റ സ്ത്രീയും ഉണ്ടായിട്ടുണ്ടാകില്ല. ഉണ്ടായിരുന്നെങ്കില് ആ സ്ത്രീ പറഞ്ഞേനേ, ഇത് ഞങ്ങള്ക്ക് സാധ്യമല്ല എന്ന്. അപ്പോള് ആ സ്ത്രീക്ക് പറ്റുന്ന തരത്തില് തീരുമാനം വരുമായിരുന്നു.

41 ദിവസത്തെ വ്രതം ആര് നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷന് പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ 41 ദിവസത്തെ ചിന്ത വരൂ. അന്നത്തെ ആ വേളയില് അയാള് സ്ത്രീകളെക്കുറിച്ചു ചിന്തിച്ചിരുന്നെങ്കില് കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാള് അവര്ക്കുവേണ്ടി വേറെ ചിന്തിച്ചേനേ, തീർച്ച.
നമ്മള് സ്വീകരിക്കുന്ന താല്ക്കാലിക തപസ്സിന്റെ കാലഘട്ടമാണ് വ്രതം. അനുഷ്ഠിക്കുന്നവനെ പരിഗണിച്ചുകൊണ്ടാണ് വ്രതകാലം തീരുമാനിക്കുക.

രഘുവംശത്തില് ഒരു കഥയുണ്ട്. ദീലിപ് മഹാരാജാവ് കാമധേനുവിനെ
പ്രസാദിപ്പിക്കാന് വേണ്ടി കാമധേനുവിന്റെ കിടാവായ നന്ദിനിയെ പൂജിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ് കഥ. ദിലീപ് മഹാരാജാവും ഭാര്യ സുദക്ഷിണയും
നന്ദിനിയെ പൂജിക്കാന് തീരുമാനിച്ചു. വ്രതം നോല്ക്കണം. അപ്പോള് ആ വ്രതം
എത്ര ദിവസത്തെതായിരിക്കണം? രാജാവും രാജ്ഞിയും കൂടിയിട്ട് എടുക്കേണ്ട വ്രതം 41 ദിവസം ആയിരുന്നെങ്കില് അത് രാജാവിന് മാത്രമേ സാധിക്കൂ. അപ്പോള് വ്രതം 21
ദിവസത്തെക്കാക്കി മാറ്റി. അത് രാജാവിനും രാജ്ഞിക്കും വിഘ്നം കൂടാതെ നോല്ക്കാനായി. ഇതൊക്കെ മനുഷ്യന് നിശ്ചയിക്കാവുന്നതാണ്. അതു നിശ്ചയിച്ചു കഴിഞ്ഞാല് അതനുസരിച്ച് അവർക്ക് ജീവിക്കാന് സാധിക്കും.

സ്വന്തം ഭാര്യയേയും അമ്മയേയും മകളെയും പ്രതിക്കൂട്ടിൽ കയറ്റുമ്പോൾ
യഥാസ്ഥിതികവാദികളായ ഇക്കൂട്ടർ ഓര്ക്കാത്ത ഒരു കാര്യമുണ്ട്. സാധാരണ
ആര്ത്തവവേളയില് ഹിന്ദുസ്ത്രീകള് ക്ഷേത്രത്തില് പോകുകയോ വിളക്കുകൊളുത്തുകയോ പ്രസാദം സ്വീകരിക്കുകയോ ഒന്നും ചെയ്യില്ല.
ആരും പറയാതെ ഇക്കാര്യം അനുഷ്ഠിക്കുന്ന സ്ത്രീകള്ക്കല്ലേ ഈശ്വരഭക്തി ഏറെയുള്ളത്? സാംസ്കാരികമൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്നവരെ ഭാരതമെന്നും
ആധുനികവിദ്യാഭ്യാസം കിട്ടിയവരെ ഇന്ത്യയെന്നും ചില ബുദ്ധിജീവികള്
വിശേഷിപ്പിക്കാറുണ്ട്. ഈ കാഴ്ചപ്പാടില് സ്ത്രീകള് ഭാരതവും പുരുഷന്മാര്ഇ ന്ത്യയുമാണെന്നു പറയേണ്ടി വരും.

മകരസംക്രമദിനത്തിൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ എത്തിയപ്പോൾ തണുത്തു വിറയ്ക്കുന്ന അന്തരീക്ഷത്തില് കണ്ടത് തീര്ത്ഥാടകരായ സ്ത്രീകളും പുരുഷന്മാരും
വേര്തിരിവില്ലാതെ അവിടെ ദര്ശനത്തിനെത്തിയതാണ്. തീര്ത്ഥമാടി വരുക മാത്രമല്ല, ബ്രഹ്മപുത്രയില് ഇറങ്ങി മുങ്ങി കരയ്ക്കുകയറി നനഞ്ഞ വസ്ത്രം മുഴുവൻ വലിച്ചെറിയണം. അതു മുജ്ജന്മം പോലെയാണ്. ഇതു നിർവ്വഹിക്കുമ്പോൾ
തൊട്ടടുത്തുണ്ടാവുക ഒരു സ്ത്രീയായിരിക്കും. അവളുടെ സമീപം വേറൊരു പുരുഷനായിരിക്കും. ആ സമയത്ത് ആർക്കാണ് ദുഷ്ടബുദ്ധി തോന്നുക? അത്തരം ചിന്തയ്ക്ക് അവിടെ പോകണോ? ഭക്തിയുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ലൈംഗികവിവേചനത്തിനു സ്ഥാനമില്ല.

ചില കുടുംബ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോള് മകന്റെയോ മകളുടെയോ പിറന്നാൾ എന്നാണെന്ന ചോദ്യത്തിനു ഭർത്താക്കന്മാർക്ക് ഉത്തരം മുട്ടുമ്പോൾ ഭാര്യമാര്കൃ ത്യമായി പറഞ്ഞുതരും.ഭര്ത്താവിന്റെ അച്ഛന്റെ ചരമദിനം, നക്ഷത്രം തുടങ്ങിയവപോലും അവര് ഓര്ത്തിരിക്കും. വിവാഹത്തിനുമുമ്പ് തനിക്കു ഒരു പരിചയവുമില്ലാത്ത ഒരാളുടെ വിവരങ്ങള് വരെ ഓര്ത്തുവെക്കുന്ന അമ്മമാരുടെയും ഭാര്യമാരുടെയും
ശുഷ്കാന്തിയും ശ്രദ്ധയും എത്രയാണെന്നു പറയേണ്ടതില്ലല്ലോ. അത്തരം ശ്രദ്ധാലുക്കളായ സ്ത്രീജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് തടസ്സമോ നിയന്ത്രണമോ വെക്കുന്നതു ശരിയാണോ? അവർക്കറിയാം അവരുടെ ശൗചാശൗചങ്ങള്. അതവര് കാത്തുകൊള്ളും. അവരോടുള്ള അവിശ്വാസമായിരിക്കരുത് തീരുമാനത്തിന്റെ അടിസ്ഥാനം. അവരെ അവിശ്വസിച്ചാൽ അതിന്റെ അർത്ഥം പുരുഷന് സ്വന്തം അമ്മയേയും ഭാര്യയേയും
മകളേയും അവിശ്വസിക്കുന്നു എന്നാണ്.

ഭക്തിയാണ് പ്രേരണയെങ്കിൽ കാമപരമായി ചിന്തിക്കുന്ന പ്രശ്നമില്ല. ശബരിമലയിൽ ഈ ചിന്തയോടെ, ഭക്തിയോടെ ദര്ശനം നടത്താനുള്ള അവസരം നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും എന്തിന് നിഷേധിക്കണം?… അതേ, സ്ത്രീകള്‍ പ്രവേശിച്ചാല്‍ അയ്യപ്പന്റെ നൈഷഠിക ബ്രഹ്മചര്യം തകരും എന്ന വാദം പരാജിതന്റെ വേദാന്തം തന്നെയാണ് .