സ്ത്രീവിരുദ്ധത നിറഞ്ഞ 10 സിനിമകൾ!

ഡോ. വിവേക് പൂന്തിയിൽ ബാലചന്ദ്രൻ

സ്ത്രീവിരുദ്ധ ഡയലോഗുകൾ അല്ലെങ്കിൽ സിറ്റുവേഷൻസ് സിനിമയിൽ ഉണ്ടാകാനുള്ള കാരണം എന്താണ്? അതിന് മൂന്നു കാരണങ്ങൾ ഉള്ളതായാണ് തോന്നിയിട്ടുള്ളത്:

  1. എഴുത്തുകാരുടെയും സംവിധായരുടേയും കഴിവില്ലായ്മ. അതായത് സർഗശേഷിയുടെ അഭാവം നികത്താൻ സ്ത്രീവിരുദ്ധ ഡയലോഗുകൾ അടിച്ചുകേറ്റി ആളെ കയറ്റുന്ന ടെക്നിക്.
  2. അറിവില്ലായ്മ. നമ്മുടെ ഇടയിലുള്ള പകുതിയിലധികം പേർക്കും സിനിമയിലെ സ്ത്രീ വിരുദ്ധത എന്താണെന്ന് വേർതിരിച്ചറിയാൻ കഴിയുന്നില്ല എന്നത് നമ്മുടെ സോഷ്യൽ മീഡിയയിലും മറ്റും ഇടപെടലുകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അറിവില്ലായ്മ എഴുത്തുകാരെയും ബാധിക്കുന്നതു സിനിമയിലെ സ്ത്രീ വിരുദ്ധതയ്ക്ക് വളം വെക്കുന്നുണ്ട്.
  3. നമ്മുടെ ഉള്ളിലെ പുരുഷാധിപത്യത്തെ പ്രീതിപ്പെടുത്താൻ.

ഈ മൂന്നോ അതിൽ കൂടുതലോ കാരണങ്ങൾ കൊണ്ട് മലയാള സിനിമ പടച്ചുവിട്ട സ്ത്രീവിരുദ്ധ ഡയലോഗുകൾക്കും സിറ്റുവേഷൻസിനും ഒരു പഞ്ഞവുമില്ല. അത്തരത്തിലുള്ള 10 സിനിമകളെ നമുക്കൊന്നു നോക്കാം.

1984-ൽ ഭരതൻ സംവിധാനം ചെയ്ത സിനിമയാണ് എൻറെ ഉപാസന. മല്ലിക യൂനിസ് എന്ന എഴുത്തുകാരിയുടെ ഉപാസന എന്ന നോവൽ സിനിമയാക്കിയതാണ് ഇത്. തിരക്കഥയെഴുതിയത് തോപ്പിൽ ഭാസിയാണ്. കൂട്ടുകാരിയുടെ സഹോദരനാൽ റേപ്പ് ചെയ്യപ്പെട്ട്, ഒരു കുട്ടിയെ പ്രസവിക്കേണ്ടി വരുന്ന സുഹാസിനിയുടെ കഥാപാത്രത്തിന് ഒരു കാമുകൻ ഉണ്ടായിരുന്നു. റേപ്പ് ചെയ്യപ്പെട്ട കാമുകിയെ സ്നേഹസമ്പന്നനായ കാമുകൻ അഭിസംബോധന ചെയ്യുന്നത് വേശ്യ എന്നാണു. റേപ്പ് ചെയ്തു എന്ന് തെറ്റിന് പരിഹാരമായി മമ്മൂട്ടിയുടെ കഥാപാത്രമായ റേപ്പിസ്റ്റ് ഒടുവിൽ അവളെ സ്വീകരിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. റേപ്പ് ചെയ്യാനിടയാക്കിയ കാരണം മഴയും ഇരുട്ടും റേപ്പിസ്റ്റിന്റെ ഭാര്യ ഹൃദ്രോഗം മൂലം മരിച്ച ഒരു സ്ത്രീയാണ് എന്നുള്ളതുമാണ്. റേപ്പിസ്റ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന സിനിമയിൽ മമ്മൂട്ടിക്ക് പകരം അന്നത്തെ വില്ലൻ വേഷം അഭിനയിക്കുന്ന ഏതെങ്കിലും നടൻ ആയിരുന്നെങ്കിൽ എന്ന് ഒന്ന് ഓർത്തു നോക്കൂ. കഥയിലെ കഥയില്ലായ്മയെ തിരിച്ചറിയാൻ നമുക്ക് അങ്ങനെയൊക്കെ സങ്കൽപ്പിച്ചാലേ മനസ്സിലാകൂ.

Image result for upasana malayalam movie

രഞ്ജി പണിക്കർ തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത 1995-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ദി കിംഗ്. മമ്മുട്ടിയുടെ കളക്‌ടർ, വാണി വിശ്വനാഥ് ചെയ്ത അസിസ്റ്റൻറ് കളക്ടർ അടിക്കാൻ കൈയെത്തുമ്പോൾ തടഞ്ഞുനിർത്തി പറയുന്ന ഡയലോഗ് തീയേറ്ററിൽ ഹർഷാരവം സൃഷ്ടിച്ച ഒന്നാണ്.മേലിൽ എന്റെ നേരെ കൈയ്യുയർത്തരുത് എന്നോ മേലിൽ ഒരാളുടെ നേരെയും അടിക്കാൻ കൈ ഉയരരുത് എന്നോ ഒന്നുമല്ല പറയുന്നത്. മേലിൽ ഒരാണിന്റെ നേരേയും നിൻറെ ഈ കൈ പൊങ്ങരുത് എന്നാണ് പറയുന്നത്. തിയേറ്ററിലിരുന്ന സകല റേഞ്ചിലുള്ള പുരുഷന്മാർ അതായത് പിടിച്ചുപറിക്കാർ, ബലാത്സംഗക്കാർ മുതൽ മര്യാദ പുരുഷോത്തമൻ വരെ അവിടെയിരുന്ന ഏതൊരു പെണ്ണിനെകാളും ഏറെയാണെന്ന് ഒന്നുകൂടി ഉറപ്പിച്ചു, ചിരിച്ചു, കൈയ്യടിച്ചു പാസാക്കിയ ഡയലോഗ്. ആണിനെ അടിക്കാൻ മാത്രം ഒരു പെണ്ണും വളർന്നിട്ടില്ല എന്ന്. ഇനിയെങ്ങാനും മുമ്പിൽ നിൽക്കുന്നത് ഒരു ആഭാസനായ ആണായാൽ പോലും അടിക്കാൻ കൈ പൊങ്ങുമ്പോൾ ജോസഫ് അലക്സാണ്ടറെ ഓർക്കണം, ആ തീപ്പൊരി ഡയലോഗ് ഓർത്ത് കൈ അറിയാതെ താഴണം.

Image result for the king malayalam movie

ഷാജി കൈലാസ്, രഞ്ജിത് കൂട്ടുകെട്ടിൽ 2000-ൽ പിറന്ന മറ്റൊരു ബ്ലോക്ക് ബസ്റ്റർ സിനിമയാണ് നരസിംഹം. കലാശക്കൊട്ടും കഴിഞ്ഞു നായികയെ നായകൻ പ്രൊപ്പോസ് ചെയ്യുന്ന സീൻ. നായികയെ പുളകിതയാക്കി ആ ഡയലോഗിന്റെ പൊയറ്റിക് ഭാഷയൊക്കെ ഒഴിവാക്കിയാൽ അർത്ഥമിതാണ്. രാത്രി എനിക്ക് തോന്നുന്ന സമയത്ത് വന്നാൽ വാതിൽ തുറന്നു തരാനും, ഞാൻ അടിച്ചും ചവിട്ടിയും കൊല്ലാൻ ആക്കുമ്പോൾ മിണ്ടാതിരുന്നു സഹിക്കാനും, എൻറെ മക്കളെ പെറ്റു കുലസ്ത്രീയായി ജീവിക്കാനും, എനിക്കെന്തെങ്കിലും പറ്റുമ്പോൾ അലറി കരയാനും പറ്റുമെങ്കിൽ എൻറെ കൂടെ പോന്നോ. തിരിച്ചൊന്നും പ്രതീക്ഷിക്കേണ്ട എന്ന് . ഏതൊരു പെണ്ണിനെയും ഹർഷോന്മാദത്തിലാക്കുന്ന പ്രൊപ്പോസൽ. അതുകേട്ട് മയങ്ങി നായകൻറെ കൂടെ ഓടിപ്പോകുന്ന നായിക. രഞ്ജിത്തിന്റെ നല്ല പ്രായത്തിൽ എഴുതിയ ഡയലോഗാണ്. ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകുമെന്നു പ്രതീക്ഷിക്കാം.

Image result for നരസിംഹം malayalam movie

അച്ചുവിൻറെ അമ്മ അടക്കം ഒരുപാട് നല്ല തിരക്കഥകൾ എഴുതിയിട്ടുള്ള രഞ്ജൻ പ്രമോദ് 2002-ൽ തിരക്കഥയെഴുതി പുറത്തുവന്ന സിനിമയാണ് മീശമാധവൻ. രാത്രി വീട്ടിൽ കയറുന്ന കള്ളൻ ഉറങ്ങിക്കിടക്കുന്ന നായികയെ നോക്കി ഒരു റേപ്പ് അങ്ങ് വെച്ച് തന്നാലുണ്ടല്ലോ എന്ന് പറയുന്നതിന്റെ പൊളിറ്റിക്കൽ കറക്ട്നെസ് നമുക്ക് ഒരിക്കലും ചോദ്യം ചെയ്യാൻ കഴിയില്ല. പക്ഷേ അതിലേക്ക് നയിച്ച കാരണം സൂക്ഷ്മമായി നോക്കിയാൽ ഹീനമായ ഒരു ആൺചിന്ത കടന്നു വരുന്നുണ്ട്. അത് നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. തന്നെ ചോദ്യം ചെയ്യുന്ന, വെല്ലുവിളിക്കുന്ന പെണ്ണിനെ തരം കിട്ടിയാൽ റേപ്പ് ചെയ്ത് പകരം വീട്ടും എന്നു തോന്നുന്ന ആൺചിന്തയെ അവതരിപ്പിക്കുന്ന രീതി തിയേറ്ററിൽ കയ്യടിച്ച് സ്വീകാര്യത കിട്ടുന്ന തരത്തിൽ ആക്കിയത് സമൂഹത്തോട്, യുവജനങ്ങളോട് പ്രത്യേകിച്ച് സ്ത്രീകളോട് ചെയ്ത അനീതിയാണ്. രഞ്ജൻ പ്രമോദിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല.

Image result for achuvinte amma] malayalam movie

2012-ൽ ഉദയകൃഷ്ണ, സിബി കെ തോമസ് എഴുതി സന്ധ്യാമോഹൻ സംവിധാനം ചെയ്ത മിസ്റ്റർ മരുമകൻ ഒരുകാലത്ത് രജനീകാന്ത് അഭിനയിച്ച ‘സ്ത്രീകളെ നന്നാക്കൽ’ റോളുകളെ ഓർമിപ്പിക്കുന്ന ഒന്നാണ്. ആണിൻറെ സപ്പോർട്ട് ഇല്ലാതെയും ജീവിക്കാം എന്നു കരുതുന്ന സ്ത്രീയെ ഉപദേശിച്ചും വേണ്ടിവന്നാൽ അടിച്ചും കുലസ്ത്രീ ആക്കി മാറ്റുക എന്നത് ഏതൊരാണിന്റെയും കടമയാണെന്ന് ഓർമിപ്പിക്കുന്ന സ്ക്രിപ്റ്റ്. മേമ്പൊടിയായി പെണ്ണിന്റെ അഹങ്കാരം ഒന്ന് കൂട്ടി കാണിച്ചാൽ ഏതുതരം ആളുകളെയും രസിപ്പിക്കുന്ന ഒരു എന്റർടെയിനർ ആയി മാറുമെന്ന ടെക്നിക്കും യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്.

Image result for mister marumakan malayalam full movie

അടിമുടി സ്ത്രീവിരുദ്ധത കൊണ്ട് അമ്മാനമാടി അതിനു ഫാമിലി എന്റർടെയിനർ എന്ന പേര് കൊടുക്കാൻ ചങ്കൂറ്റം കാണിച്ച സിനിമയാണു 2014-ൽ ഇറങ്ങിയ റാഫി എഴുതി സംവിധാനം ചെയ്ത റിംഗ് മാസ്റ്റർ. സംശയം തോന്നുന്നുണ്ടെങ്കിൽ നായയുടെ പേര് കൊടുത്ത നായികയ്ക്ക് പകരം നായകനെയും നായകൻറെ സ്ഥാനത്ത് നായികയുമാക്കി ചിന്തിച്ചു നോക്കിയാൽ മതി. സിനിമ ജനപ്രിയമാകുന്നത് പോയിട്ട് അങ്ങനെ ഒരു സിനിമ തിയേറ്റർ പോലും കാണില്ലായിരുന്നു. സ്ത്രീകളെ insult ചെയ്യുന്നത് കാണാൻ പൊതുസമൂഹത്തിന് ഉള്ള താല്പര്യം മുതലെടുത്ത സിനിമയാണ് റിംഗ് മാസ്റ്റർ.

Image result for ring master malayalam movie

1989-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് നമ്മുടെ ജഗദീഷ് എഴുതി കെ.മധു സംവിധാനം ചെയ്ത അധിപൻ. റേപ്പ് ചെയ്യപ്പെട്ട അനിയത്തിയെ റേപ്പിസ്റ്റിനെ കൊണ്ട് കെട്ടിക്കാൻ എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന നായകനാണ് കഥയുടെ നട്ടെല്ല്. റേപ്പ് വിക്ടിംസിനെ റേപ്പിസ്റ്റിന് കൊണ്ടുതന്നെ കെട്ടിച്ച് കോംപ്രമൈസ് ആക്കുന്നത് എത്ര നീചമായിരിക്കും എന്ന് മനസ്സിലാക്കാൻ ഗോവിന്ദച്ചാമിയെ പോലുള്ളവരെ വെച്ച് ഒന്ന് ചിന്തിച്ചാൽ മതി.

Related image

അധിപനിലെ നായകൻറെ അതേ രീതിയിൽ ചിന്തിക്കുന്ന മറ്റൊരു നായികനാണ് 1996-ൽ ഹിറ്റ്ലർ എന്ന സിനിമയിൽ സിദ്ദിഖ് സൃഷ്ടിച്ചിരിക്കുന്നത്. വിക്ടിംസിനോട് അഭിപ്രായം ചോദിക്കേണ്ട ആവശ്യം പോലുമില്ല എന്നു തോന്നിക്കുന്ന വിധം. അന്നത്തെ സമൂഹ ചിന്താരീതി മൊത്തത്തിൽ ഒരു പക്ഷേ അങ്ങനെ ആയിരിക്കാം. അതിനുമേൽ ചിന്തിക്കാൻ എഴുത്തുകാരനും കഴിയാതെപോയി.

Image result for hitler malayalam movie

2007-ൽ പുറത്തിറങ്ങിയ സച്ചി-സേതുവിന്റെ ചോക്കലേറ്റ് ചിത്രത്തിലെ ഒരു ഡയലോഗ് ഉണ്ട് – ‘ഞാൻ ഒന്ന് അറിഞ്ഞു പെരുമാറിയാൽ 10 മാസം കഴിഞ്ഞെ നീയൊക്കെ പിന്നെ ഫ്രീ ആകു.’ പൃഥ്വിരാജ് പിന്നീട് ക്ഷമ ചോദിച്ചത് വളരെ നല്ല മുന്നേറ്റമായി കരുതുമ്പോഴും എഴുത്തുകാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതും പഴി കേൾക്കേണ്ടതും എന്നത് മറച്ചു വെക്കാൻ കഴിയില്ല.

Image result for chocolate malayalam movie

ഈയടുത്ത് ഏറ്റവുമധികം വിവാദമായ കസബ ഈയൊരു ട്രെൻഡ് അവസാനിച്ചിട്ടില്ല എന്നതിൻറെ സൂചന തരുന്നതോടൊപ്പം ആളുകൾ പ്രതികരിക്കുന്നു എന്ന പ്രതീക്ഷയും നൽകുന്നുണ്ട് .

Image result for kasaba malayalam movie

പുതിയ എഴുത്തുകാർ, സംവിധായകർ, നടി-നടൻമാർ, പ്രേക്ഷകർ ഇതിനെതിരെ രംഗത്ത് വരുന്നുണ്ട് എന്നത് ശുഭസൂചകമാണ് . സർഗശേഷിയുള്ള, ഒരു തരത്തിലുള്ള ഡിസ്ക്രിമിനേഷനെയും ഗ്ലോറിഫൈ ചെയ്യാത്ത ഒരു തലമുറ ജീവിതത്തോടൊപ്പം സിനിമയിൽ ഉയർന്നുവരുന്നത് കണ്ടു നമുക്കൊരുമിച്ച് കയ്യടിക്കാം .