സ്ത്രീധനം കുറഞ്ഞു ; ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു

റായ്പൂര്‍; സ്ത്രീധനത്തില്‍ കുറവുവന്നെന്നാരോപിച്ച് യുവാവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ചത്തീസ്ഗഢിലെ മുന്‍ഗേലി ജില്ലയിലെ ബൊണ്ടാര ഗ്രാമത്തിലാണ് സംഭവം.

സ്ത്രീധനത്തോടൊപ്പം ബൈക്കും വേണമെന്ന് യുവാവ് ആവശ്യപ്പെട്ടിരുന്നു. ബൈക്ക് ലഭിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഭാര്യയെ വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. അവശയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി മൃതശരീരം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ഭാര്യ ആത്മഹത്യ ചെയ്തുവെന്നാണ് ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞത്. സംഭവത്തെക്കുറിച്ച് നാട്ടുകാരിലൊരാള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഇതോടെയാണ് യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയാണെന്ന് വ്യക്തമായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.