സോ​ന്‍​ഭ​ദ്ര വെ​ടി​വയ്പിന് ഉത്തരവാദികള്‍ ​കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് യോ​ഗി; കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടു

സോ​ന്‍​ഭ​ദ്ര: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സോന്‍ഭദ്രയില്‍ വെടിവയ്പിലേക്ക് നയിച്ച ഭൂമിപ്രശ്നത്തിന്റെ തുടക്കം കോണ്‍ഗ്രസിന്റെ ഭരണകാലത്താണെന്ന്‌ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. വെടിയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ ഉറ്റവര്‍ക്ക് പതിനെട്ടര ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും നല്‍കുമെന്ന് യോഗി പ്രഖ്യാപിച്ചു.

ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഉയർന്ന സമുദായത്തിൽപ്പെട്ട ഗ്രാമമുഖ്യന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവയ്പിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പത്ത് ആദിവാസികളാണ്  കൊല്ലപ്പെട്ടത്.

സംഭവത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തില്‍ പ്രതിരോധത്തിലായതിന് പിന്നാലെയാണ് യോഗിയുടെ സന്ദര്‍ശനം.