സോഷ്യല്‍ മീഡിയയിൽ തരംഗമായി ‘ഒരു അഡാറ്‌ ലവ്’ലെ പ്രണയഗാനം

ഒമർ‌ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ്‌ ലവ്’ലെ മാണിക്യ മലരായ പൂവിയാണ് സോഷ്യല്‍ മീഡിയയിൽ തരംഗമായി. രണ്ട് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം പേരാണ് യൂട്യൂബിലൂടെ ഈ പ്രണയഗാനം കണ്ടിരിക്കുന്നത്. സംഗീത സംവിധായകന്‍ ഷാൻ റഹ്മാനും ഗായകന്‍ വിനീത് ശ്രീനിവാസനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഗാനത്തിന്.

ഹാപ്പി വെഡ്ഡിങ്‌, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഒരു അഡാറ്‌ ലവ്’. പതിവ് പ്രണയ കഥകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്ളസ് ടു വിദ്യാർത്ഥികളുടെ കഥയുമായാണ് ഒമർ ലുലു എത്തുന്നത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ നാല് പ്ളസ് ടു വിദ്യാർത്ഥികളാണ്. ഇവരുടെ ജീവിതമാണ് സിനിമ പറയുന്നത്.

ഒമറിന്റെ കഥയ്ക്ക് നവാഗതരായ സാരംഗ് ജയപ്രകാശ്, ലിജോ പനാടൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിക്കുന്നത്. സിനിമയുടെ പോസ്‌റ്റർ അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ഔസേപ്പച്ചൻ വാളക്കുഴിയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ സംബന്ധിച്ച ക്ഷണക്കത്ത് അദ്ദേഹം മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് അയച്ചിരുന്നു. എന്നാല്‍ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അതിനോട് പ്രതികരിച്ചത് മമ്മൂട്ടി മാത്രമായിരുന്നു. ചിത്രത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ വാട്ട്‌സ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഒമര്‍ ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ചിരുന്നു. ‘മമ്മൂക്കയുടെ ഒരു അഡാറ് വിഷ്’ എന്ന തലവാചകത്തോടെയാണ് ഒമറിന്റെ ഫെയ്‌സ് ബുക്ക്‌ പോസ്റ്റ് ആരംഭിക്കുന്നത്.