സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വര്‍ഗീയ വിദ്വേഷം കലര്‍ത്തിയുള്ള ശബ്ദരേഖക്കെതിരെ പിസി ജോര്‍ജ്

കോട്ടയം: ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വര്‍ഗീയ വിദ്വേഷം കലര്‍ത്തിയുള്ള ശബ്ദരേഖക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ. ഏഴ് മിനിറ്റോളം നീളുന്ന ശബ്ദരേഖയില്‍ വന്നിട്ടുള്ള ശബ്ദം തന്റേതല്ലെന്ന് പിസി ജോര്‍ജ് പറയുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി.

ഏഴ് മിനുറ്റോളം നീളുന്നതാണ് ശബ്ദ രേഖ. സെബാസ്റ്റിയന്‍ എന്ന പേരില്‍ പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചത്. അത്തരത്തില്‍ ഒരു ഫോണ്‍ വന്നിരുന്നുവെന്ന് പിസി ജോര്‍ജ് പറയന്നു. ശബ്ദരേഖയിലെ മൂന്നു മിനുറ്റോളം ഭാഗം തന്റേതാണ്. അതിന് ശേഷമുള്ള ശബ്ദത്തെ സംബന്ധിച്ച് അറിയില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പിസി ജോര്‍ജ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

ഓഡിയോ പ്രചരിച്ചതോടെ പിസി ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടക്കുകയും കല്ലേറുണ്ടാകുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.