സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: ജഡ്ജിയുടെ നിലപാടുകള്‍ വിവാദമാകുന്നു

ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതികളെ മുഴുവന്‍ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക ജഡ്ജിയുടെ വിധി പ്രസ്താവനയ്ക്ക് ശേഷമുള്ള നടപടി വിവാദമാകുന്നു. വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിടാത്ത ജഡ്ജി ജെ എസ് ശര്‍മ കഴിഞ്ഞ ദിവസം ചില മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുവരുത്തി, സിബിഐയ്‌ക്കെതിരായ തന്റെ വിധി ന്യായത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചു വിശദീകരിച്ചു.

രാഷ്ട്രീയ നേതാക്കളെ കുടുക്കാന്‍ വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച്‌ പ്രവര്‍ത്തിക്കുകയാണ് സിബിഐ ചെയ്തതെന്ന് അദ്ദേഹം വിധി ന്യായത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചു പറഞ്ഞു. ഇതിനു പുറമെ കേസില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് വിധിന്യായത്തില്‍ ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു. കേസിന്റെ വിചാരണയ്ക്ക് മുന്നെ തന്നെ അമിത് ഷാ പ്രതിപട്ടികയില്‍ നിന്ന് ഒഴിവായിരുന്നു. അമിത് ഷായെ പ്രതിപട്ടികയില്‍ ചേര്‍ത്തത് ബോധപൂര്‍വമാണെന്നാണ് വിധി ന്യായത്തില്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യമാണ് ജഡ്ജി ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വായിച്ചത്.

2014 ലാണ് അന്ന് കേസില്‍ 16-ാം പ്രതിയായിരുന്ന അമിത് ഷായെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ജഡ്ജി ഗോസാവിയായിരുന്നു അമിത് ഷായെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന അമിത് ഷായുടെ ഹര്‍ജി പരിഗണിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്ബാണ് ജഡ്ജി ബി എച്ച്‌ ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലടക്കം സംശയങ്ങള്‍ ഉണ്ടെന്ന് പിന്നീട് കാരവന്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

അമിത് ഷാ പ്രതിപട്ടികയില്‍ നിന്ന് ഒഴിവായതിനെ തുടര്‍ന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കേസില്‍ നിന്ന് ഒഴിവായത്. കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍, താഴെ തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ മാത്രമായി കേസിലെ പ്രതികള്‍. ഇവരെയാണ് ജഡ്ജി ശര്‍മ്മ കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയത്. കേസ് സത്യസന്ധമായി അന്വേഷിക്കുകയല്ല, മറിച്ച്‌ ചിലരെ കുടുക്കാന്‍ വേണ്ടിയാണ് ശ്രമിച്ചതെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്. വിധിയില്‍ കേസില്‍ പ്രതിയല്ലതായ അമിത് ഷായെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ജഡ്ജി, വിചാരണ വേളയില്‍ അദ്ദേഹത്തിനെതിരായ തെളിവുകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നതില്‍ നിന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകരെ വിലക്കിയി.