സൊഹ്റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി മുന്‍ ജഡ്ജി

ന്യൂഡല്‍ഹി: സൊഹ്റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പുനഃപരിശോധിക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം. തിപ്സെ. പ്രതികളായ ഉന്നതരെ കുറ്റവിമുക്തരാക്കിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്നും, സാക്ഷികള്‍ പലരും ഭീഷണിക്ക് വിധേയരായെന്നും അഭയ് തിപ്സെ പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് തിപ്സെയുടെ പ്രതികരണം. അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വിരമിച്ചത്.
അദ്ദേഹം മുംബൈ ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴാണ് സൊഹ്റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ നാല് സുപ്രധാന പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചിരുന്നത്. ഗുജറാത്ത് പൊലീസിലെ മുന്‍ ഡിഐജി ഡി.ജി വന്‍ജാര, മുന്‍ ഡിവൈഎസ്പിമാരായ എം. തര്‍മാര്‍, നരേന്ദ്ര കെ. ഹമീന്‍, എസ്ഐ വി.ആര്‍ ചൗദ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അഭയ് എം. തിപ്സെ പരിഗണിച്ചിരുന്നത്.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്കിടെയാണ് അഭയ് തിപ്സെയുടെ പുതിയ വെളിപ്പെടുത്തല്‍. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ കേസിലെ പതിനഞ്ച് പ്രതികളെ കുറ്റവിമുക്തരാക്കിയതുള്‍പ്പെടെ സൊഹ്റാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഴുവന്‍ ഉത്തരവുകളും കോടതി പുനഃപരിശോധിക്കണമെന്നാണ് ജസ്റ്റിസ് തിപ്സെ ആവശ്യപ്പെട്ടിരിക്കുന്നത്.

താനുള്‍പ്പെടെ പുറപ്പെടുവിച്ച ഉത്തരവുകള്‍ പുനഃപരിശോധിക്കണമെന്നും തിപ്സെ ആവശ്യപ്പെടുന്നുണ്ട്. അതീവ ദുരൂഹവും സാമാന്യ യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങളാണ് കേസില്‍ നടന്നിരിക്കുന്നതെന്നും തിപ്സെ ആരോപിക്കുന്നു. കേസിലെ 39 സാക്ഷികളില്‍ 26 പേരും ഇതോടെ കൂറുമാറിയതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഉന്നതരെ പലരെയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെയും നീതി നിര്‍വഹണ സംവിധാനത്തിന്റെയും പരാജയമാണെന്നും അദ്ദേഹം ആരോപിക്കുന്നു.