സൈബര്‍ ആക്രമണങ്ങൾ സ്‌പോണ്‍സര്‍ ചെയ്യുന്നത് വിദേശരാഷ്ട്രങ്ങൾ

തിരുവനന്തപുരം; സൈബര്‍ മേഖലയിലെ വികസനങ്ങള്‍ തകര്‍ക്കാര്‍ ചില വിദേശ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ സൈബര്‍ ആക്രമണങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുണ്ടെന്ന് തിരുവനന്തപുരത്ത് നടന്ന സൈബര്‍ ത്രെറ്റ് ഇന്റലിജന്‍സ് കോണ്‍ക്ലേവ്. ഇതിനെതിരെ രാജ്യത്തെ എല്ലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. 
ലോകത്ത് സൈബര്‍ സുരക്ഷാ രംഗത്ത് നിമിഷം തോറും  ഭീഷണികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

അത് കണ്ടെത്തി പ്രതിരോധിക്കുക എന്നത് വളരെ ശ്രമകരമായ ഉദ്യമമാണ്. ഏറ്റവും അത്യാവശ്യം സുരക്ഷാ മുന്നൊരുക്കങ്ങളാണ്.  സൈബർ ആക്രമണങ്ങളെ ഫലപ്രദമായി നേരിടുന്നതിന് നൂതന വഴികള്‍ കണ്ടെത്തണം.  ഈ രംഗത്തുള്ള വിദഗ്ധരുടെ ദൗര്‍ലഭ്യവും, സാധ്യതകളും കൂടുതല്‍ ലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്നും ക്ലോണ്‍ക്ലേവില്‍ ആവശ്യം ഉയര്‍ന്നു. 
സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ സംസ്ഥാനത്ത് സൈബര്‍ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. ദിനം പ്രതി മാറി കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തിന്റെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞ് അതിനെ വളരെ കൃത്യതയോടെ പ്രതിരോധിക്കാന്‍ ഈ മേഖലയിലുള്ള വിദഗ്ധരുടെ സഹകരണം ഏതൊതു സുരക്ഷാ ഏജന്‍സിക്കും അനിവാര്യമാണെന്നും ഡിജിപി പറഞ്ഞു.

മൂന്ന് മാസം കൂടുമ്പോല്‍ ടെക്നോളജി മാറുന്നതിനാല്‍ സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങളിലും മാറ്റം വന്ന് കൊണ്ടിരിക്കുന്നു.  അതിനെ പ്രതിരോധിക്കാന്‍ ഇത്തരണത്തിലുള്ള സംരംഭങ്ങള്‍ ആവശ്യമാണെന്നും ഇത് പോലുള്ള സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള  വര്‍ക്ക് ഷോപ്പുകള്‍ നടത്തുന്നത് വഴി  സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള പ്രാധാന്യം സമൂഹത്തിന്റെ എല്ലാതലത്തിലേക്കും എത്തിക്കാനാവുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു സൈബര്‍ ഡോം നോഡല്‍ ഓഫീസർ എഡിജിപി മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു. 

ചടങ്ങില്‍  രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍  വിറ്റല്‍രാജ്, ഇസാക്ക വൈസ് പ്രസിഡന്റ്  അനില്‍ പരമേശ്വരന്‍, ട്രിവാന്‍ട്രം ചാപ്റ്റര്‍ സെക്രട്ടറി ജോര്‍ജി കുര്യന്‍, സ്ട്രാവാ ടെനക്നോളജി മാനേജിങ് ഡയറക്ടര്‍ ജാന്‍സി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരള പോലീസിന്റെ സൈബര്‍ ഡോമിന്റെ സഹകരണത്തോടെ ഇസാക്കയും സ്ട്രാവാ ടെക്നോളജീസും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.