സേതുലക്ഷ്മിയുടെ വാക്കുകള്‍ ഫലം കാണുന്നു; വൃക്ക നല്‍കാന്‍ തയാറായി നടി പൊന്നമ്മ ബാബു

വൃക്ക തകരാറിലായി ചികിത്സയിൽ കഴിയുന്ന നടി സേതുലക്ഷ്മിയുടെ മകന് കിഡ്നി ദാനം ചെയ്യാൻ തയാറായി നടി പൊന്നമ്മ ബാബു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. മകനെയോർത്ത് കണ്ണീർവാർത്തിരുന്ന. സേതുലക്ഷ്മിയമ്മയ്ക്ക് അപ്രതീക്ഷിതമെന്നോണമാണ് പൊന്നമ്മ ബാബുവിന്റെ ഫോൺ കോൾ വന്നത്.

‘ചേച്ചി….പൊന്നമ്മയാണ്. ഇനിയും നിങ്ങടെ കണ്ണീര് കണ്ട് നിൽക്കാൻ എനിക്ക് ത്രാണിയില്ല. നമ്മളൊക്കെ കൂടെപ്പിറപ്പുകളല്ലേ ചേച്ചീ…കിഷോറിന് ഞാനെന്റെ കിഡ്നി നൽകും. എന്റെ വൃക്ക അവൻ സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസായില്ലേ……ഡോക്ടർമാരോടു ചോദിക്കണം വിവരം പറയണം. ഞാന്‍ വരും…. ’–പൊന്നമ്മ ബാബു, സേതുലക്ഷ്മിയോടു പറഞ്ഞു.

‘ഈ 14 വർഷത്തിനിടയ്ക്ക് ഏകദേശം ഒരു അഞ്ചാറ് ആശുപത്രിയെങ്കിലും ഞാനും അവനും കയറിയിറങ്ങിയിട്ടുണ്ട്. ചികിത്സാ ചെലവ് കൈയ്യിൽ നിൽക്കാതെ വന്നതോടെ പല ആശുപത്രിയിൽ നിന്നും ഗതിയില്ലാതെ തിരിച്ചിറങ്ങുകയായിരുന്നു. ഫെയ്സ്ബുക്കിൽ എന്റെ വിഡിയോ കണ്ടിട്ട് ഒരുപാട് പേരാണ് സഹായം വാഗദാനം ചെയ്ത് എത്തിയിട്ടുള്ളത്. നിങ്ങളെല്ലാവരുടേയും പ്രാർത്ഥനയുടേയും ധൈര്യത്തിന്റേയും സഹായത്തിന്റേയുമെല്ലാം ധൈര്യത്തിൽ തിരുവനന്തപുരത്തെ മെച്ചപ്പെട്ട ഒരു ആശുപത്രിയിലേക്ക് അവനെ മാറ്റിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണ്. എല്ലു നുറുങ്ങുന്ന വേദനയ്ക്ക്, 6500 രൂപയുടെ ഇഞ്ചക്ഷനാണ് ഡോക്ടർമാര്‍ നിർദ്ദേശിച്ചിരിക്കുന്നത്.’–സേതുലക്ഷ്മി പറയുന്നു.