സെല്‍ഫി സ്റ്റിക്കിന് ലോകകപ്പ് വേദിയില്‍ വിലക്ക്

സെല്‍ഫി സ്റ്റിക്കിന് ഫിഫ ലോകകപ്പ് വേദിയില്‍ വിലക്ക്. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ റഷ്യയിലെത്തുന്നത് നിരവധി ഫുട്‌ബോള്‍ ആരാധകരാണ്‌. ഇപ്പോള്‍തന്നെ പല രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ ടിക്കറ്റുകള്‍ക്കായി അപേക്ഷിച്ചുകഴിഞ്ഞു. എന്നാല്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് സ്റ്റേഡിയത്തിന്റെ അന്തരീക്ഷം പകര്‍ത്തിയെടുത്ത് നവമാധ്യമങ്ങളിലും മറ്റും പോസ്റ്റ് ചെയ്യുന്നതിന് പരിമിതികളുണ്ടാകും. കാരണം സെല്‍ഫി സ്റ്റിക്ക് ലോകകപ്പ് വേദിയില്‍ വിലക്കണമെന്നാണ് ഫിഫ നിര്‍ദേശം. അതേസമയം ചില ലഹരി വസ്തുക്കള്‍ ലോകകപ്പ് വേദയില്‍ കൊണ്ടുവരാന്‍ അനുമതി നല്‍കയിട്ടുണ്ട്. മരുന്നായി ഉപയോഗിക്കാവുന്ന ചില ലഹരിവസ്തുക്കള്‍ പ്രത്യേക അനുമതിയോടെ കൊണ്ടുവരാനാണ് അനുവദിച്ചിരിക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ആരാധകരുള്ള രാജ്യമാണ് റഷ്യ. കഴിഞ്ഞ യൂറോക്കപ്പിനിടെ റഷ്യന്‍ ആരാധകര്‍ നടത്തിയ അക്രമങ്ങള്‍ വന്‍ വിവാദമായിരുന്നു. അടുത്തിടെ യൂറോപ്പ ലീഗ് മത്സരത്തിനിടെ റഷ്യന്‍ സ്പാനിഷ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ഇതിനിടയില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ റഷ്യന്‍ ലോകകപ്പിലെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് സെല്‍ഫി സ്റ്റിക്കുകള്‍ക്ക് വിലക്കക്കേര്‍പ്പെടുത്തിയത്‌.