സെഞ്ചുറിയുമായി സ്മൃതി മന്ദാന: ദക്ഷിണാഫ്രിക്കയ്ക്ക് 303 റണ്‍സ് വിജയലക്ഷ്യം

കിംബെര്‍ലി: പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത് 303 റണ്‍സ് വിജയലക്ഷ്യം. പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും മിന്നുന്ന സെഞ്ചുറിയോടെ സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു.

ഓപ്പണിങ് വിക്കറ്റില്‍ തുടങ്ങി എല്ലാ കൂട്ടുകെട്ടിലും അര്‍ധസെഞ്ചുറി തികച്ചായിരുന്നു ഇന്ത്യന്‍ മുന്നേറ്റം. മൂന്നാം വിക്കറ്റില്‍ മന്ദാന-ഹര്‍മന്‍പ്രീത് സഖ്യം 134 റണ്‍സാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ കൂട്ടിച്ചേര്‍ത്തത്. ഒന്നാം വിക്കറ്റില്‍ പൂനം റാവത്തിനൊപ്പവും (56) രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പവും സ്മൃതി മന്ദാന കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകള്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് ഗതിവേഗം പകര്‍ന്നു. സ്മൃതി പുറത്തായശേഷം അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഹര്‍മന്‍കൗര്‍-വേദ കൃഷ്ണമൂര്‍ത്തി സഖ്യവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (61) തീര്‍ത്തു.

129 പന്തില്‍ നിന്നാണ് 14 ബൗണ്ടറിയും ഒരു സിക്‌സറുമായി മന്ദാന 135 റണ്‍സ് നേടിയത്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി മന്ദാനയ്ക്ക് പിന്തുണ നല്‍കിയ ഹര്‍മന്‍പ്രീത് കൗറിന്റെ പ്രകടനവും ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി. 69 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 55 റണ്‍സെടുത്ത ഹര്‍മന്‍ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വേദ കൃഷ്ണമൂര്‍ത്തിയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ വേദ, 33 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 51 റണ്‍സെടുത്തു.

ഇന്ത്യ 88 റണ്‍സിന് ജയിച്ച ആദ്യ ഏകദിനത്തിലും മന്ദാന അര്‍ധസെഞ്ചുറി നേടിയിരുന്നു. 98 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 84 റണ്‍സാണ് അന്ന് മന്ദാന നേടിയത്. കളിയിലെ താരമായതും മന്ദാന തന്നെ. ഇന്നത്തെ മത്സരം ജയിച്ചാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.