സൂറത്തില്‍ ട്യൂഷന്‍ സെന്ററില്‍ തീപ്പിടുത്തം;15 വിദ്യാര്‍ഥികള്‍ മരിച്ചു

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്യൂഷന്‍ സെന്ററിലുണ്ടായ തീപ്പിടുത്തത്തില്‍ 15 പേര്‍ മരിച്ചു. തീപ്പിടുത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍നിന്നും നിരവധി വിദ്യാര്‍ഥികള്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇതാണ് മരണ സംഖ്യ ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരക്കുകയാണ്. ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

ടാക്ഷില കോംപ്ലക് കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലാണ് തീപ്പിടുത്തമുണ്ടായത്. 15 അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപ്പിടുത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി. ഇരകളായവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതേ സമയം സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.