സൂദ് അസറും ജയ്ഷേ മുഹമ്മദും, അല്പം ചരിത്രം

സതീശൻ കൊല്ലം

1989- പാക്കിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട നഗരമായ കറാച്ചിയിലെ പ്രമുഖ മതവിദ്യാഭ്യാസസ്ഥാപനമായ ജാമിയ ഉലൂം അൽ ഇസ്ലാമിയയിൽ നിന്നും ഡിസ്റ്റിങ്ഷനോടെ ബിരുദമെടുത്ത ഒരു വിദ്യാർത്ഥി അക്കാലത്ത് അഫ്ഗാനിസ്ഥാനിൽ സോവിയറ്റുകളോട് ജിഹാദി പോരാട്ടം നടത്തിക്കൊണ്ടിരുന്ന ഹർക്കത്തുൾ മുജാഹിദീൻ (HUM)എന്ന സംഘടനയുടെ തലവനായ ഫസലുർ റഹ്മാൻ ഖലീലിനെ ചെന്നു കണ്ടു ജിഹാദി പ്രവർത്തനത്തോടുള്ള തന്റെ താത്പര്യം അറിയിച്ചു.(ജാമിയ ഉലൂം ഇസ്ലാമിയ പോലുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമാണ് അന്നും ഇന്നും വിദ്യാർത്ഥികളെ ജിഹാദിപ്രവർത്തനത്തിനായി മസ്തിഷ്‌ക പ്രക്ഷാളനം നടത്തി തിരഞ്ഞെടുത്ത് ട്രയിനിംഗ് ക്യാമ്പുകളിലേക്ക് അയയ്ക്കുന്നത്.അത്തരത്തിൽ സഹവിദ്യാർത്ഥികളാലും അധ്യാപകരാലും ബ്രയിൻ വാഷ് ചെയ്യപ്പെട്ട ഒരു വിദ്യാർഥിയായിരുന്നു അത്.).

 

സന്തുഷ്ടനായ ഖലീൽ ആ വിദ്യാർത്ഥിയെ അഫ്ഗാനിസ്ഥാനിൽ ജിഹാദികൾക്ക് സൈനികപരിശീലനം നൽകുന്ന യുവാൽ ക്യാമ്പിൽ നാല്പത്ദിവസം നീണ്ടു നിൽക്കുന്ന കഠിനപരിശീലനത്തിനായി അയച്ചു. മത്തങ്ങയെപ്പോലെ ഉരുണ്ടു അമിതവണ്ണക്കാരനായ,, അഞ്ചടി മൂന്നിഞ്ചു മാത്രം ഉയരമുള്ള ആ വിദ്യാർത്ഥിക്ക് ജിഹാദി പരിശീലനം ദുഃസ്വപ്നങ്ങളാണ് സമ്മാനിച്ചത്‌.വേഗത്തിൽ ഓടാനോ,നീന്താനോ,വെടി ഉന്നത്തിലേക്ക് പായിക്കാനോ,തടസ്സങ്ങൾ ചാടിക്കടക്കാനോ,ഇഴയാനോ അയാൾക്ക് സാധിക്കുമായിരുന്നില്ല.ഇയാൾ സൈനികപരിശീലനത്തിന് യോഗ്യനല്ല എന്ന് മനസ്സിലാക്കിയ പരിശീലകർ ആ വിദ്യാർത്ഥിയെ കറാച്ചിലേക്കു തന്നെ തിരിച്ചയച്ചു.

മസൂദ് അസറായിരുന്നു ആ വിദ്യാർത്ഥി.1968 ജൂലൈ 10 ന് പാക്കിസ്ഥാൻ പഞ്ചാബിലെ ഭഗവൽപൂരിൽ ഒരു സ്കൂൾ ഹെഡ്മാസ്റ്ററായ അല്ലാഹ് ബക്ഷ് ഷബീറിന്റെ മൂന്നാമത്തെ മകനായാണ് മസൂദ് അസർ ജനിച്ചത്.നന്നായി പഠിക്കുമായിരുന്ന മസൂദിനെ പിതാവ് മുഫ്തി സയ്യിദ്‌ എന്ന സുഹൃത്തിന്റെ പ്രേരണമൂലം കറാച്ചിയിലെ ജാമിയ ഉലൂം ഇസ്ലാമിയലേക്ക് തുടർപഠനത്തിനായി അയച്ചു. അക്കാലത്ത് അമേരിക്കയുടെയും സൗദിഅറേബ്യയുടെയും താത്പര്യപ്രകാരം പാക്കിസ്ഥാനിലെ മദ്രസകൾ ജിഹാദി ബ്രീഡിംഗ് ഇടങ്ങളായി മാറിയിരുന്നു. അഫ്ഗാനിസ്ഥാനിൽ പോയി പോരാടി മരിക്കേണ്ടത് ഓരോ താലിബിന്റെയും (വിദ്യാർത്ഥിയുടെയും) കടമയാണെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ചിരുന്നു.മദ്രസവിദ്യാഭ്യാസം ഈ രീതിയിലേക്ക് മാറ്റുന്നതിൽ പാക്,അമേരിക്കൻ ഇന്റലിജൻസ് സംഘടനകൾ പ്രധാനപങ്കുവഹിച്ചിരുന്നു.

കറാച്ചിയിൽ തിരിച്ചെത്തിയ മസൂദ് അസർ താൻ പഠിച്ച സ്ഥാപനത്തിൽ അധ്യാപകനായി ചേർന്നു.( ജാമിയ ഉലൂം അൽ ഇസ്ലാമിയ എന്ന ഹനഫി പ്യൂരിറ്റൻ ഇസ്ലാമിക സ്ഥാപനത്തിലെ ചില വിദ്യാർത്ഥികളുടെ പേരു പറഞ്ഞാൽ ജിഹാദി ഗ്രൂപ്പുകളും ഈ സ്ഥാപനവും തമ്മിലുള്ള ബന്ധം നിങ്ങൾക്ക് മനസ്സിലാകും 1)മുല്ല ഒമാർ – തലബാൻ തലവൻ,2)അസീം ഉമർ – അൽ ക്വയിദ ഇന്ത്യൻ ഉപഭൂഖണ്ഡം,3)അബ്ദോൽ മാലിക് റിജി – ഇറാനിയൻ സുന്നി തീവ്രവാദി സംഘടനയായ ജോൻഡൊള്ളഹ് യുടെ തലവൻ,4)മുഷാറഫുമായി ഏറ്റുമുട്ടിയ ലാൽമസ്ജിദിന്റെ അമരക്കാരനായിരുന്ന മൗലാനാ അബ്ദുൽ അസീസ് ഗാസി,5) HUM ന്റെ സ്ഥാപകനേതാവായ ഫസലൂർ റഹ്മാൻ ഖലീൽ,6)പാക് ഷിയാക്കൾക്കെതിരെ പൊരുതുന്ന സിപായി സഹാബാ എന്ന സംഘടനയുടെ തലവനായ അസിം താരിക് ,7)ഹുജിയുടെ (ഹർക്കത്തുൾ ജിഹാദ് അൽ ഇസ്ലാമി)തലവനായ സെയ്ഫുള്ള അഖ്ദർ…)ഇക്കാലത്താണ് അയാൾ തന്റെ ബൗദ്ധികമായ കഴിവുകൾ പ്രകടിപ്പിക്കാൻ ആരംഭിക്കുന്നത്.അയാൾ എഡിറ്ററായ സാദ ഇ മുജാഹിദീൻ എന്ന മാഗസിൻ മൂജാഹിദീൻ ആശയങ്ങളും പ്രകീർത്തനങ്ങളുമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ പ്രഭാഷകനെന്നനിലയിലും ഇസ്ലാമിക ബുദ്ധിജീവി എന്ന നിലയിലും എഴുത്തുകാരനെന്ന നിലയിലും അയാൾ ശ്രദ്ധേയനായി മാറി.

അയാളുടെ വാഗ്ധോരണിയിൽ മുജാഹിദീനുകളും ജിഹാദികളും മതിമറന്നു കൈയ്യടിച്ചു.വികാരസാന്ദ്രമായ അയാളുടെ പ്രസംഗസ്ഥലങ്ങൾ HUM ന്റെ ഫണ്ട് ശേഖരണയിടങ്ങളായി മാറി.അയാളുടെ മാഗസിൻ HUM ന്റെ പ്രൊപ്പഗണ്ടാ പ്രചരണയിടമായി. അതിലൂടെ ആകൃഷ്ടരായി നൂറുകണക്കിന് ചെറുപ്പക്കാർ ജിഹാദിലേർപ്പെട്ട് ഷഹീദായി സ്വർഗം പ്രാപിക്കാൻ തയ്യാറായി മുന്നോട്ടു വന്നു.1992 ആയപ്പോഴേക്കും HUMന്റെ സ്റ്റാർ ഫണ്ട് റെയ്സറും ആകർഷകവ്യക്തിത്വമുള്ള നേതാവുമായി മസൂദ് അസർ മാറിക്കഴിഞ്ഞിരുന്നു.മസൂദിന്റെ ധനശേഖരണവൈദഗ്ദ്യം മനസ്സിലാക്കിയ ഖലീൽ മസൂദിനെ വിദേശങ്ങളിലുള്ള അനുഭാവികളിൽ നിന്നും ഫണ്ട് ശേഖരണത്തിനായി അയാളെ ഉപയോഗിക്കാൻ തീരുമാനിച്ചു. ഈ ലക്ഷ്യവുമായി ഹജ്ജിനെന്ന വ്യാജേന സൗദിയിലെത്തിയ മസൂദ് മൂന്നു ലക്ഷം രൂപയോളം അവിടെനിന്നും ശേഖരിച്ചു.തുടർന്ന് ആഫ്രിക്കൻ രാജ്യമായ സാംബിയയിലെത്തിയ 22 ലക്ഷം രൂപയുമായാണ് തിരിച്ചെത്തിയത്.വീണ്ടും കൂടുതൽ ധനശേഖരണ ലക്ഷ്യവുമായി എത്തിയത് ഇംഗ്ളണ്ടിലാണ് .ഇംഗ്ളണ്ടിലെ പാക് വംശജർ ധാരാളമുള്ള നഗരങ്ങളിൽ നിന്നും വലിയതോതിൽ ധനശേഖരണം നടത്തി നാട്ടിലെത്തി.ചില റിപ്പോർട്ടുകൾ പ്രകാരം മംഗോളിയ,അൽബേനിയ,അബുദാബി എന്നിവിടങ്ങളിലും തന്റെ ദൗത്യവുമായി ഇയാൾ പോയിട്ടുണ്ട്. കൂടാതെ 1993 ൽ കെനിയയിലെ നെയ്റോബിയിലെത്തി അൽ ക്വയിദയുടെ സോമാലിയൻ ഘടകമായ ഇത്തിഹാദ് അൽ ഇസ്ലാമിയ എന്ന സംഘടനയ്ക്ക് ആളും അർത്ഥവും പോലുള്ള സഹായങ്ങൾ ചെയ്തു കൊടുത്തുവത്രേ.

എഴുപതുകളുടെ അവസാനം എഷ്യൻ രാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ വന്ന സമയമായിരുന്നു .ഇറാനിലെ ഇസ്ലാമികവിപ്ളവം പേർഷ്യൻ പ്രദേശത്തുള്ള അമേരിക്കൻ സ്വാധീനത്തിന് വലിയ ഇടിവാണുണ്ടാക്കിയത്.വിയറ്റ്‌നാം യുദ്ധത്തിനുശേഷം ഇറാനിലെ വിദ്യാർത്ഥികൾ അമേരിക്കൻ ഏംബസിയിലെ നയതന്ത്രപ്രതിനിധികളെയും പൗരന്മാരേയും 444 ദിവസം തടവിലാക്കി യത് അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ ഞെട്ടിച്ചു.ഓപ്പറേഷൻ ഈഗിൾ ക്ളാ എന്ന അമേരിക്കൻ സൈനികരക്ഷാദൗത്യം ദയനീയമായി പരാജയപ്പെട്ടു.

ഏതാണ്ട് ഇക്കാലത്ത് അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ്ഭരണം തകരാതിരിക്കാൻ സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തി നിയന്ത്രണം ഏറ്റെടുത്തു. ഈ സംഭവങ്ങൾ അമേരിക്കൻ സ്വാധീനവലയത്തിലുള്ള അറേബ്യൻ ഉപഭൂഖണ്ഡത്തിലെ സുന്നി രാജഭരണങ്ങളെയും ഞെട്ടിച്ചു. ഒരുവശത്ത് അവിശ്വാസികളായ കമ്മ്യൂണിസ്റ്റ് റഷ്യ, മറ്റൊരു ഭാഗത്ത് പൗരോഹിത്യഭരണം എന്ന മുദ്രാവാക്യവുമായി ഇറാനിലെ ഷിയ വിപ്ളവം.നേരിട്ട് തങ്ങളുടെ എതിരാളികളോട് പോരിടാനുള്ള ആൾബലമോ ,സൈനികശേഷിയോ ഇല്ലാതിരുന്ന അവർ ഇവയെ എതിരിടാൻ പൂർണമായും അമേരിക്കതന്ത്രങ്ങളെ സാമ്പത്തികമായി സപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെയാണ് സുന്നി സൈനികശക്തിയായ ഇറാക്കിലെ സദ്ദാംഹുസൈനെ ഇറാനെ ആക്രമിക്കാൻ വേണ്ട പ്രേരണ നൽകാൻ ജി.സി.സി രാജ്യങ്ങൾ തീരുമാനിക്കുന്നത്.വേണ്ടത്ര ധനസഹായവുമായി അവരും സൈനിക, നയതന്ത്രസഹായവുമായി ലോകശക്തികളും ഇറാക്കിനൊപ്പമുണ്ടാവുമെന്ന ഉറപ്പിലാണ് സദ്ദാം 1980ൽ ഇറാൻ ആക്രമിക്കുന്നത്.എട്ടുവർഷത്തോളം നീണ്ടു നിന്ന ഇറാൻ-ഇറാക്കുയുദ്ധത്തിന്റെ അനന്തരഫലങ്ങൾ നമ്മൾ മലയാളികൾക്കു പോലും അനുഭവിക്കേണ്ടി വന്നു.

ഇറാനല്ലല്ലോ ലോകമഹാശക്തിയായിരുന്ന സോവിയറ്റുയൂണിയൻ.വിയറ്റ്‌നാം യുദ്ധത്തിൽ അമേരിക്ക അനുഭവിച്ച പീഢനകാലത്തിനൊരു മറുപടി സോവിയറ്റുകൾക്ക് നൽകാനൊരവസരം കൈവന്നതായി സി.ഐ.എ കണക്കുകൂട്ടി.ഇസ്ലാമിക മുജാഹിദീനുകളെ ഉപയോഗിച്ച് ഗറില്ലാ യുദ്ധതന്ത്രത്തിലൂടെ സോവിയറ്റുകളെ മുട്ടുകുത്തിക്കാനായി ‘ഓപ്പറേഷൻ സൈക്ളോൺ’ എന്ന പദ്ധതി രൂപം കൊണ്ടു. പാക്കിസ്ഥാൻ, അമേരിക്ക,സൗദിഅറേബ്യ,ചൈന എന്നീരാജ്യങ്ങളായിരുന്നു അഫ്ഗാനിൽ നിന്നും സോവിയറ്റുകളെ തുരത്താൻ ആളും അർത്ഥവും നല്കിയത്.

പാക്കിസ്ഥാനിലെങ്ങും ജിഹാദികളായ മുജാഹിദീനുകളെ ഉത്പ്പാദിപ്പിക്കാനായി മദ്രസകൾ രൂപമെടുത്തു.അറേബ്യൻ രാജ്യങ്ങളിൽ നിന്നും മറ്റും മുസ്‌ലിം രാജ്യങ്ങളിൽ നിന്നും അപകടത്തിലായ ഇസ്ലാമിനെ രക്ഷിക്കാനായി തീവ്രമതവാദികളായ ചെറുപ്പക്കാർ പാക്കിസ്ഥാനിലെ മദ്രസകളിലേക്കൊഴുകി.എന്നിരുന്നാലും അവരുടെ പ്രധാന ജിഹാദി റിക്രൂട്ട്‌മെന്റ് സ്ഥലം അഫ്ഗാൻ അഭയാർത്ഥിക്യാമ്പുകളായിരുന്നു.മനഃശാസ്ത്രപരമായി മസ്തിഷ്ക പ്രക്ഷാളനത്തിനുതകും വിധം ഈ മദ്രസകൾക്കാവശ്യമായ സിലബസ് പോലും സൃഷ്ടിച്ചത് സി.ഐ.എയും പാക്കിസ്ഥാൻ ചാരസഘടനയായ ഐഏസ്ഐയുമായിരുന്നത്രേ.ഹെക്മത്യാരെപ്പോലെയുള്ള ചില സീനിയർ മുജാഹിദീൻ നേതാക്കളുമായി അമേരിക്ക നേരിട്ടു ഇടപെട്ടിരുന്നെങ്കിലും.ഭൂരിപക്ഷം മദ്രസകളെയും മുജാഹിദീൻ സംഘടനകളെയും കൈകാര്യം ചെയ്തിരുന്നതും ആളും,പണവും,ആയുധങ്ങളും നല്കിയിരുന്നതും പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയായിരുന്നു.പാക്കിസ്ഥാൻ മിലിട്ടറി തലവനായിരുന്ന സിയ ഉൾ ഹക്കായിരുന്നു അന്നത്തെ അവിടുത്തെ ഭരണാധികാരി.

ഓപ്പറേഷൻ സൈക്ളോണിനു രൂപം നല്കുമ്പോൾ ജിമ്മി കാർട്ടറായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ഇറാൻ ഹോസ്റ്റേജ് ക്രൈസിസ് അടുത്തുനടന്ന ഇലക്ഷനിൽ കാർട്ടറെ നിലംപരിശാക്കി. തുടർന്ന് അമേരിക്കൻ ഭരണാധികാരിയായെത്തിയത് ഒരു മുൻചലച്ചിത്രനടൻ കൂടിയായ റൊണാൾഡ് റീഗനായിരുന്നു.അദ്ദേഹം റീഗൻ ഡോക്ട്രിൻ എന്ന പേരിൽ ഒരു പുതിയ നയം കൊണ്ടു വന്നു. ഈ നയം മുജാഹിദീനികൾക്ക് ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കുന്നതിൽ വലിയ പങ്കു വഹിച്ചു.

1994 ന്റെ തുടക്കത്തിൽ ഡൽഹിയിലെ പ്രശസ്തമായ അശോകഹോട്ടലിൽ ഒരു ഒരാൾ മുറിയെടുത്തു.ധാക്കയിൽ നിന്നും ഡൽഹിയിലെ ഇന്ദിരാഗാന്ധി എയർപോർട്ടിൽ വന്നിറങ്ങിയ ആദം ഈസ എന്ന പേരുള്ള ഗുജറാത്തി വംശജനായൊരു പോർച്ചുഗീസുകാരനായിരുന്നു അയാൾ. ലക്നൗവും തകർന്ന ബാബ്രിമസ്ജിദ് നിലനിന്നിരുന്ന അയോദ്ധ്യയും സന്ദർശിച്ച അയാൾ പിന്നീട് പോയത് കാശ്മീരിലേക്കായിരുന്നു.കാശ്മീരിലെ ചിലയിടങ്ങൾ സന്ദർശനം നടത്തി പോകുന്നവഴിയിൽ അയാൾ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ഡൗണായി.തുടർന്ന് ഒരു ഓട്ടോയിൽ യാത്ര തുടർന്ന അയാ ളെയും സുഹൃത്തിനേയും സംശയത്തിന്റെ പേരിൽ പട്ടാളം കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്തപ്പോൾ താൻ പോർച്ചുഗീസുകാരനല്ല പകരം പാക്കിസ്ഥാനി പത്രപ്രവർത്തകനായ മസൂദ് അസറാണെന്നും കാശ്മീരിലെ അവസ്ഥ റിപ്പോർട്ട് ചെയ്യാനായി രഹസ്യയെത്തിയതാണെന്നും പറഞ്ഞു. പാക്കിസ്ഥാനിൽ നിന്നെത്തിയ വഴിതെറ്റിയ കുഞ്ഞാടാണിയാൾ എന്നാണ് പോലീസും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളും കരുതിയത്.തങ്ങളുടെ കൈവശമുള്ളത് നെത്തോലിയല്ല വമ്പൻ സ്രാവാണെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിയപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു.

തുടരും

(ബാക്കി രണ്ടാംഭാഗത്തിൽ)