സുരേഷ് ഗോപി എംപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ പശുക്കളോട് ക്രൂരത

തിരുവനന്തപുരം: ബിജെപി എംപി സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ പശുക്കളെ പട്ടിണിക്കിടുന്നു. ഗോമാതാവിന്റെ സംരക്ഷണത്തിനു രാജ്യമെമ്പാടും അരാചകത്വം അഴിച്ചു വിടുന്നവരുടെ പ്രതികിനിധികൾ തന്നെയാണ് ഇതിനു പിന്നിൽ. ഗോരക്ഷകർ എന്ന് പറയുന്നവര്‍ അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാല സന്ദര്‍ശിച്ചതിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പശുക്കുട്ടികള്‍ അടക്കമുള്ള മുപ്പതിലേറെ മിണ്ടാ പ്രാണികള്‍ മതിയായ ആഹാരമോ സംരക്ഷണമോ ഇല്ലാതെ ഗോശാലയില്‍ കഴിയുകയാണെന്ന് മന്ത്രി പറഞ്ഞു. മഴയില്‍ നിന്നും വെയിലില്‍ നിന്നും യാതൊരു സംരക്ഷണവുമില്ലാത്ത അവസ്ഥയില്‍ ആണ് പശുക്കള്‍ കഴിയുന്നത്. ഷെഡിനുള്ളില്‍ നിന്ന് ചാണകവും മൂത്രവും യഥാസമയം നീക്കം ചെയ്യുന്നില്ല. ഈയടുത്ത് ഒരു പശുക്കിടാവിനെ പട്ടി കടിച്ചു കൊന്നതായി അവിടെ കൂടിയവര്‍ മന്ത്രിയോട് പറഞ്ഞു.

ക്രൂരതയാണിതെന്നു ബോധ്യമായാൽ, ആവശ്യമെങ്കില്‍ കന്നുകാലികളെ ഏറ്റെടുത്തു ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു കൈമാറാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കും. താല്‍ക്കാലിക ആശ്വാസത്തിന് അവയ്ക്ക് ആഹാരം എത്തിച്ചു നല്‍കാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ ചെയ്യാന്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദേവസ്വം മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.