സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല:ബിജു മേനോൻ

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് നടൻ ബിജു മേനോൻ.സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണം നടത്തിയെന്ന പേരിൽ ഏറെ സൈബർ ആക്രമണത്തിന് ബിജു മേനോൻ ഇരയായിരുന്നു.തന്റെ സഹോദരന്റെ സ്‌ഥാനമാണ് സുരേഷ്‌ഗോപിക്ക് ഉള്ളതെന്നും അദ്ദേഹത്തിന് ആശംസ നേരേണ്ടത് തന്റെ കടമയാണെന്നും താരം പ്രതികരിച്ചു.ഇത് രാഷ്ട്രീയമായി നോക്കി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് ബിജു മേനോൻ ഇക്കാര്യങ്ങൾ പറഞ്ഞത്.സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് സൈബര്‍ ആക്രമണമുണ്ടായത്.ചില പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നും,വാസ്തവം തിരിച്ചറിയുമ്പോൾ എല്ലാവരും തന്നോടൊപ്പം കാണുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.