സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ മത്സരിക്കും

കണ്ണൂര്‍: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. പാരിസ്ഥിതിക കേരളത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് പ്രചാരണത്തിനിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം. സുരേഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചെന്നാണ് സൂചന.

വയല്‍ക്കിളികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ജയവും പരാജയവും പ്രശ്‌നമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരിസ്ഥിതികാര്യങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ ഇടത്-വലത് അജണ്ടയാണ് നടപ്പാക്കുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകനായിരുന്ന അദ്ദേഹം ദേശീയപാതയ്ക്കായി വയല്‍ നികത്താനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സമരത്തിനിറങ്ങിയാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്. വയല്‍ക്കിളി സമരത്തിന്റെ ഭാഗമായി നടത്തിയ നിരാഹാര സമരം നടത്തിയാണ് ശ്രദ്ധേയനായത്.