സുപ്രീം കോടതിയിലെ പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇനി മുതല്‍ മുതിര്‍ന്ന അഞ്ചു ജസ്റ്റിസുമാര്‍ കേള്‍ക്കും

ഡല്‍ഹി: സുപ്രീം കോടതിയിലെ പൊതു താത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കേട്ടാല്‍ മതിയെന്ന ഉത്തരവ് തിരുത്തി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഉത്തരവ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയാണ് തിരുത്തിയത്. ഇനി മുതല്‍ അഞ്ച് മുതിര്‍ന്ന ജസ്റ്റിസുമാര്‍ പൊതുതാത്പര്യ ഹര്‍ജികള്‍ കേള്‍ക്കും.

കഴിഞ്ഞ വര്‍ഷം പ്രാവര്‍ത്തികമാക്കിയ ഉത്തരവാണ് മാറ്റിയെഴുതിയത്. രഞ്ജന്‍ ഗൊഗോയി അടക്കമുള്ള നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്താല്‍ മതിയെന്ന തീരുമാനം നടപ്പിലാക്കിയത്.

ഇതോടെ ഇനിയുള്ള പൊതുതാത്പര്യ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റീസുമാരായ എസ്എ ബോബ്ഡെ, എന്‍വി രമണ, അരുണ്‍ മിശ്ര, രോഹിന്‍ടണ്‍ നരിമാന്‍ എന്നിവരുടെ ബെഞ്ചുകളിലാവും ഈ ഹര്‍ജികള്‍ എത്തുക. ചീഫ് ജസ്റ്റിസ് മാത്രം കൈകാര്യം ചെയ്തിരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ ഇനി ജസ്റ്റിസ് എസ്എ ബോബ്ഡെയാകും കൈകാര്യം ചെയ്യുക. ജൂലൈ ഒന്ന് മുതലാണ് ഇത് നിലവില്‍ വരുന്നത്.