സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവം: പ്രതികളെ എ.ഐ.വൈ.എഫ് സംരക്ഷിക്കുന്നുവെന്ന് മകന്‍

കോട്ടയം: പുനലൂരില്‍ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ.ഐ.വൈ.എഫ്, സി.പി.ഐ നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണവുമായി സുഗതന്റെ മകന്‍. പാര്‍ട്ടിക്കാര്‍ അച്ഛനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി സംശയിക്കുന്നുവെന്ന് സുനില്‍ ആരോപിച്ചു. പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു. കേസില്‍ നീതി ലഭിക്കില്ലെന്ന് ഉറപ്പായി, ഇനി ആരോടും പരാതിപ്പെടില്ല. തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സുനില്‍ പറഞ്ഞു.

കേസിലെ പ്രതികള്‍ക്ക് ഇന്നലെ എ.ഐ.വൈ.എഫ് സ്വീകരണം നല്‍കിയിരുന്നു. പുറത്തിറങ്ങിയ ഇവര്‍ക്ക് എ.ഐ.വൈ.എഫ്., സി.പി.ഐ. നേതാക്കളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. എ.ഐ.വൈ.എഫ്. കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം.എസ്.ഗിരീഷ്, നേതാക്കളായ ഇമേഷ്, സതീഷ് എന്നിവര്‍ക്കാണ് ചൊവ്വാഴ്ച പുനലൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

ഇവരില്‍ ചുമത്തപ്പെട്ട ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ച് പുനലൂര്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു. സുഗതനുമായി ഇവര്‍ക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നെന്ന് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് ഹാജരാക്കിയ രേഖകളില്‍നിന്ന് വ്യക്തമാണെന്ന് പ്രതിഭാഗം വാദിച്ചു. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ചിലരുടെ മൗനാനുവാദത്തോടെ നടന്ന അനധികൃത നിര്‍മാണത്തിനെതിരേ പ്രതികരിക്കുകമാത്രമാണുണ്ടായത്.

പുറത്തുവന്ന നേതാക്കളെ പ്രവര്‍ത്തകര്‍ ഹാരമണിയിച്ചു സ്വീകരിച്ചു. പിന്നീട് ജാമ്യം ലഭിച്ച നേതാക്കളുമായി കുന്നിക്കോട് ടൗണില്‍ പ്രകടനവും നടത്തി. സി.പി.ഐ, എ.ഐ.വൈ.എഫ് നേതാക്കള്‍ പങ്കെടുത്തു.