സി സി ടി വി റിമോട്ട് റെക്കോർഡിങ് എങ്ങിനെ ചെയ്യാം?

സുജിത് കുമാർ

കടകളിലും മറ്റും ഇപ്പോൾ സി സി ടി വി സർവ്വ സാധാരണമായിരിക്കുകയാണല്ലോ. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ കിംവദന്തികളും ജനലിൽ സ്റ്റിക്കറൊട്ടിക്കലും കൂടി

ആയപ്പോൾ പറയാനുമില്ല. സി സി ടിവി വേണമോ വേണ്ടയോ എന്നൊക്കെ ഓരോരുത്തരും അവരവരുടെ ആവശ്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക. പക്ഷേ ബിസിനസ് സ്ഥാപനങ്ങളിൽ ഒന്ന് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

എല്ലായിടത്തും സി സി ടിവി ആയപ്പൊൾ മോഷ്ടാക്കളും അതനുസരിച്ച് അപ്ഡേറ്റ് ആയി. ഇപ്പോൾ മോഷണം നടത്തിയതിനു ശേഷം ഡി വി ആർ കൂടി കൂടെ കൊണ്ടുപോകുന്നത് സ്മാർട്ട് ആയ കള്ളന്മാർ പതിവാക്കിയിട്ടുണ്ട്. ഡി വി ആർ എവിടെയാണു വച്ചിരിക്കുന്നത് എന്ന് കണ്ടുപിടിക്കുവാൻ പ്രത്യേകിച്ച് ഒരു പ്രയാസവുമില്ലല്ലോ. ക്യാമറയുടെ കേബിൾ നോക്കി പോയാൽ മതി. നല്ല പ്ലാനിംഗോടെ കൺസീൽഡ് വയറിംഗ് നടത്തി ഡി വി ആർ ഏതെങ്കിലും സുരക്ഷിതമായ ഇടങ്ങളിൽ ഒളിപ്പിക്കുക എന്നൊരു ഒപ്ഷൻ ഉണ്ടെങ്കിലും ആരും അതൊന്നും ചെയ്ത് കാണാറില്ല.

പൊതുവേ എല്ലാവർക്കും ഇതിനെക്കുറിച്ച് ബോധമുള്ളതിനാൽ സി സി ടിവി റെക്കോഡിംഗ്സ് ഏതെങ്കിലും ക്ലൗഡ് സെർവ്വറുകളിൽ സ്റ്റോർ ചെയ്ത് അല്ലെങ്കിൽ ബാക്കപ്പ് എടുത്തു വയ്ക്കുന്നതിനെക്കുറിച്ച് ചോദിക്കാറുണ്ട്. സി സി ടി വി ഇന്സ്റ്റാൾ ചെയ്തുകൊടുക്കുന്നവർ ഡി വി ആർ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് മൊബൈൽ ആപ്പ് വഴിയും മറ്റും റിമോട്ട് ആയി ക്യാമറകൾ കാണാനുള്ള സൗകര്യവും ചെയ്ത് തരാറുണ്ട്.

ഇതിൽ മോഷൻ സെൻസർ അലാം ഒപ്ഷനുകളും നൽകാറുണ്ട്. പക്ഷേ ലൈവ് ആയി ക്യാമറ കാണുക എന്നതല്ലാതെ പ്രത്യേകിച്ച് ഇതുകൊണ്ട് വലിയ ഉപകാരങ്ങൾ ഉണ്ടാകാറില്ല. ഡി വി ആർ ബാക്കപ്പ് തുടർച്ചയായി ക്ലൗഡ് സെർവ്വറുകളിൽ സൂക്ഷിക്കാൻ കഴിയുമെങ്കിലും അത് വലിയ ചെലവേറിയ കാര്യമായതിനാൽ സാധാരണക്കാർക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല.

ഈ അവസരത്തിൽ ഡി വി ആറിലെ ഫീച്ചറുകൾ ഉപയോഗിച്ച് പ്രത്യേകിച്ച് അധികച്ചെലവൊന്നുമില്ലാതെ അത്യാവശ്യ സന്ദർഭങ്ങളിൽ ക്യാമറാ ഇമേജുകളുടെ ബാക്കപ്പ് എങ്ങിനെ എടുക്കാമെന്ന് നോക്കാം.

പൊതുവേ സി സി ടി വി ഇൻസ്റ്റാൾ ചെയ്യുന്നവർ ചെയ്തു തരാത്ത കാര്യമായതിനാൽ ഇതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് പ്രയോജനം ചെയ്യും.

എല്ലാ ഡി വി ആറുകളിലും മോഷൻ സെൻസിംഗ് ‘അലാറം’ ഒപ്ഷൻ ഉണ്ടായിരിക്കും . അതായത് ആളനക്കം ഉണ്ടായാൽ ഉടൻ അത് മനസ്സിലാക്കി സന്ദേശമയയ്ക്കാനും തുടർച്ചയായി ഫോട്ടോകൾ എടുത്ത് ക്ലൗഡ് സെർവ്വറുകളിലേക്ക് അയക്കാനുള്ള സംവിധാനം. ഈ മെയിൽ അലർട്ട് സൗകര്യങ്ങളും മിക്ക ഡി വി ആറുകളിലും കാണാം. ഇത് രണ്ടും പൊതുവേ സി സി ടി വി ടെക്നീഷ്യന്മാർ കോൺഫിഗർ ചെയ്ത് തരാറില്ല. അലാം മെസേജുകളും ചിത്രങ്ങളും FTP സംവിധാനം ഉപയോഗിച്ച് സർവ്വറുകളിലേക്ക് അയക്കാനാകും.

ഇതിനായി നിങ്ങൾക്ക് ഒരു എഫ് ടി പി വിലാസം വേണം. ഇത് വെബ് ഹോസ്റ്റിംഗ് സർവീസ് പ്രൊവൈഡർമ്മാരിൽ നിന്നും വാങ്ങാവുന്നതാണ്‌. പക്ഷേ തൽക്കാലം അതിനായും പണം മുടക്കേണ്ടതില്ല. ധാരാളം ഫ്രീ വെബ് ഹോസ്റ്റുകൾ ഉണ്ട്. ഇവയൊക്കെ സൗജന്യമായി എഫ് ടി പി അക്കൗണ്ടുകളും നൽകുന്നുണ്ട്. നമുക്ക് വല്ലപ്പോഴും മാത്രമേ ഇതിന്റെ ആവശ്യമുള്ളൂ എന്നതിനാലും (മോഷണ ശ്രമവും മറ്റുമുണ്ടാകുമ്പോൾ) വളരെ കൂടുതൽ ഫയലുകൾ സ്റ്റോർ ചെയ്യേണ്ട ആവശ്യവും ഇല്ല എന്നതിനാലും തൽക്കാലം ഏതെങ്കിലും നല്ല ഒരു സൗജന്യ വെബ് ഹോസ്റ്റുകളിൽ ഒന്ന് തെരഞ്ഞെടുത്ത് അതിൽ ഒരു അക്കൗണ്ട് ഉണ്ടാക്കുക. 5gbfree.കോം, freehosting.കോം എന്നിവ തരക്കേടില്ലാത്ത ഫ്രീ ഹോസ്റ്റുകൾ ആ (ഫ്രീ വെബ് ഹോസ്റ്റുകളുടെ സേവനങ്ങളെല്ലാം നിബന്ധനകൾക്ക് വിധേയമായതിനാൽ അതൊന്ന് വായിച്ച് മനസ്സിലാക്കുന്നത് നല്ലതാണ്‌.)

ഇതിൽ ഏതെങ്കിലും ഒന്നിൽ ഒരു ഈ മെയിൽ വിലാസം നൽകി അക്കൗണ്ട് തുറക്കുക. തുടർന്ന് ഇതിൽ ഒരു FTP അക്കൗണ്ട് ഉണ്ടാക്കുക. ഈ അക്കൗണ്ട് വിവരങ്ങൾ ഡി വി ആറിലെ എഫ് ടി പി വിവരങ്ങൾ നൽകേണ്ട സ്ഥലത്ത് കൊടുത്താൽ മതി. ഇവിടെ FTP വിവരങ്ങൾ എന്നാൽ FTP link, FTP Username, FTP Password എന്നിവ ആയിരിക്കും. അലാം സെറ്റിംഗ്സിൽ എപ്പോഴെല്ലാം ഇത്തരത്തിൽ ചിത്രങ്ങൾ അയക്കണം , എത്ര സെക്കന്റ് ഇടവേളകളിൽ അയക്കണം, ഏതൊക്കെ ക്യാമറകളിൽ നിന്ന് അയക്കണം തുടങ്ങിയവയൊക്കെ കോൺഫിഗർ ചെയ്യാനാകും.

ഒരു ഫുൾ പ്രൂഫ് സൊലൂഷൻ ഒന്നുമല്ലെങ്കിലും പ്രത്യേകിച്ച് ചെലവൊന്നുമില്ലാത്തതായതിനാൽ ഇതും കോൺഫിഗർ ചെയ്തിടുന്നതിൽ തെറ്റില്ല. ഡി വി ആർ നശിപ്പിക്കപ്പെട്ടാലും കുറച്ച് ചിത്രങ്ങളെങ്കിലും തെളിവായി സെർവ്വറുകളിൽ നിന്നും ലഭിക്കാൻ ഇതുവഴി കഴിയുന്നു.

ഇതിനു പുറമേ ഈ-മെയിൽ വഴിയും മോഷൻ ഡിറ്റൿഷൻ അലർട്ട് ലഭിക്കുവാനായി ഡി വി ആറിലെ Email Settings കോൺഫിഗർ ചെയ്യാവുന്നതാണ്‌. അതായത് നിങ്ങളുടെ ജി മെയിൽ അക്കൗണ്ട് വിവരങ്ങൾ ഡി വി ആറിൽ നൽകി ആ അക്കൗണ്ടിലൂടെ ആവശ്യമായ മറ്റ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ അയക്കാനും കഴിയും. അത് കോൺഫിഗർ ചെയ്യുന്നതും വിഷമമുള്ള കാര്യമല്ല. യൂ ടൂബിൽ How to setup email Notification on Hikvision DVR/NVR എന്ന് സേർച്ച് ചെയ്താൽ ധാരാളം വീഡിയോകൾ കിട്ടും. ഇവിടെ ഹൈക്ക് വിഷൻ ഒരു മോഡൽ ആയി പറഞ്ഞു എന്നേ ഉള്ളൂ. സെറ്റിംഗ്സ് ഒക്കെ എല്ലാ കമ്പനികളുടെ ഡി വി ആറുകളിലും ഒരു പോലെ തന്നെ.