സി.ഐ നവാസിനെ അസഭ്യം പറഞ്ഞ എ.സി.പിക്കെതിരെ മേജര്‍ രവി

 

എറണാകുളം: എ.സി.പി പി.എസ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി സംവിധായകനും നടനുമായ മേജര്‍ രവി. തന്റെ സഹോദരന്റെ ഭാര്യയോട് എ.സി.പി മോശമായി പെരുമാറിയെന്നാണ് മേജര്‍ രവി ആരോപിക്കുന്നത്. ഇതിനെ തുടര്‍ന്ന് എ.സി.പി സഹോദരനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതുമൂലം സഹോദരന്‍ ഏറെ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നും മേജര്‍ രവി വെളിപ്പെടുത്തി. പി.എസ് സുരേഷ്‌കുമാര്‍ പട്ടാമ്ബിയില്‍ സി.ഐ ആയിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

എ.സി.പിക്ക് സഹോദരന്റെ കുടുംബവുമായുള്ള ബന്ധമാണ് അയാള്‍ ദുരുപയോഗം ചെയ്തത്. സുരേഷ് കുമാറില്‍ നിന്നും ഈ അനുഭവം ഉണ്ടായതിനെത്തുടര്‍ന്ന് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത് സ്വീകരിക്കാന്‍ തയാറായില്ല. ഇനിയും ഇക്കാര്യത്തില്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മേജര്‍ രവി വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ നാടുവിട്ട് പോകുകയും പിന്നീട് തിരികെ എത്തുകയും ചെയ്ത സി.ഐ നവാസിന്റെ സംഭവത്തോടെയാണ് സുരേഷ് കുമാറിന്റെ പേര് മാദ്ധ്യമങ്ങളില്‍ നിറയുന്നത്.

സുരേഷ്‌കുമാര്‍ ഏല്‍പ്പിച്ച മാനസിക പീഡനം മൂലമാണ് സി.ഐ നവാസ് നാടുവിട്ട് പോകുന്നത്. പീഡനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി നവാസിന്റെ ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച നവാസിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വീട്ടിലെത്തിയ നവാസിന്റെ മൊഴിയെടുത്തത് ഡി.സി.പി പൂങ്കുഴലിയാണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സി.ഐ ആണ് നവാസ്.