സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ നാളെയും വാദം തുടരും

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ നാളെയും വാദം തുടരും.

സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ അനുമതി അനിവാര്യമാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതിയില്‍ വാദം പുരോഗമിക്കുന്നത്.

സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള വടം വലി പൊതു ജനങ്ങള്‍ക്ക് സിബിഐലുള്ള വിശ്വാസം നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തിച്ചെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടികാട്ടി.

അലോക് വര്‍മ്മ സിബിഐ ഡയറക്ടര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തി എന്ന ഉത്തമ ബോധ്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അലോക് വര്‍മ്മയെ ചുമതലയില്‍ നിന്നും മാറ്റിയതെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

നിയമ പ്രകാരം അലോക് വര്‍മ്മയ്ക്ക് പറയാനുള്ളത് കൂടി കേള്‍ക്കാന്‍ സാവകാശം നല്‍കിയ ശേഷമാണു അലോക് വര്‍മ്മയെ ചുമതലയില്‍ നിന്നും മാറ്റിയതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു.

ഡയറക്ടര്‍ അലോക് വര്‍മ്മയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്തനായും ഏറ്റുമുട്ടിയത് പൊതു ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിയതോടെ സിബിഐ യുടെ വിശ്വാസ്യത സംരക്ഷികേണ്ട ചുമതല കേന്ദ്ര സര്‍ക്കാരിനായെന്നും കെ കെ വേണുഗോപാല്‍ വാദിച്ചു.

സിബിഐ തര്‍ക്കം പൊതുജനങ്ങള്‍ക്ക് മുന്‍പിലെത്തിയതിന് തെളിവായി മാധ്യമ റിപ്പോര്‍ട്ടുകളും അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

അലോക് വര്‍മ്മയെ ഒരു നിശ്ചിത സമയത്തേക്ക് ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. ഇതിനെ സ്ഥലം മാറ്റം എന്ന രീതിയില്‍ വ്യാഖ്യാനിക്കാനുള്ള ഹര്‍ജിക്കാരന്റെ ശ്രമം തെറ്റാണെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സിബിഐ ഡയറക്ടര്‍ക്കു എതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ അന്വഷണം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സിബിഐ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പിക്കാനുള്ള ബാധ്യത സിവിസിക്കു ഉണ്ടെന്നും തുഷാര്‍ മേത്ത വാദിച്ചു.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി നാളെത്തേക്ക് മാറ്റി.