സിബിഐയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ ശ്രമം; താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അലോക് വര്‍മ്മ

ന്യൂ​ഡ​ല്‍​ഹി: സിബിഐയുടെ വിശ്വാസ്യത മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ . സെലക്ട് കമ്മിറ്റി പുറത്താക്കിയതിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മുന്‍ സിബിഐ മേധാവിയുടെ പ്രതികരണം.

തനിക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെപേരെടുത്തു പറയാതെയായിരുന്നു അലോക് വര്‍മ്മയുടെ പരാമര്‍ശം. തനിക്കെതിരെ ശത്രുതയുള്ള ഒരാള്‍ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൊതു സ്ഥാപനങ്ങളിലെ അടക്കമുള്ള അഴിമതി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് സിബിഐ. അതുകൊണ്ട് തന്നെ അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ബാഹ്യ സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ അതിനാവണം. അതിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അത് സംരക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്-അലോക് വര്‍മ്മ പറഞ്ഞു.

തന്നോട് വിരോധമുള്ള ഒരാളുന്നയിച്ച തെറ്റായതും നിസാരവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളുടെ മേല്‍ മാറ്റപ്പെട്ടത് സങ്കടകരമാണ്. താന്‍ സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നിയമവാഴ്ച സംരക്ഷിക്കാന്‍ ഇനിയും അതു തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.