സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ ഇത് നാലാം തവണ; സമഗ്ര മാറ്റം വരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കേരളത്തില്‍ നാലാം തവണയെത്തുന്ന 23ആം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനെ ആവേശോജ്ജ്വലമായി വരവേല്‍ക്കാന്‍ സിപിഐ ഒരുങ്ങി.

ഏപ്രില്‍ 25 മുതൽ 29 വരെ കൊല്ലത്താണ് 23ആം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

ആദ്യമായാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലം വേദിയാകുന്നത്‌. സിപിഎമ്മിന്റെയും സിപിഐയുടെയും ശക്തികേന്ദ്രമായ ജില്ലയിലാണ് ഇക്കുറി സിപിഐ പാര്‍ട്ടി സമ്മേളനം നടക്കുന്നത്. . 750 ഓളം പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തുന്നുണ്ട്.

1954-ല്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാലക്കാട് സമ്മേളിച്ചു. അത് നാലാം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. അതിനു ശേഷം ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയില്‍ നടന്നു. 1971 ലായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ്സിനു കൊച്ചി ആഥിത്യമരുളിയത്. മൂന്നാമത് 18 ആം പാര്‍ട്ടി കോണ്‍ഗ്രസ് 2002-ല്‍ തിരുവനന്തപുരത്ത് സമ്മേളിച്ചു. അതിനു ശേഷമാണ് 23ആം പാര്‍ട്ടി കോണ്‍ഗ്രസ്‌ വീണ്ടും കേരളത്തിലെത്തുന്നത്.

സംസ്ഥാന ഭരണത്തില്‍ നിര്‍ണ്ണായക പങ്കാളിത്തമുള്ള പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കൊഴുപ്പിക്കാനാണ് സിപിഐ ഒരുങ്ങുന്നത്. വിപുലവും വ്യാപകവുമായ ഒരുക്കങ്ങളാണ് കൊല്ലം ജില്ലയില്‍ സിപിഐ നടത്തുന്നത്. 23 ആം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐ ഒരു ആഘോഷമാക്കി മാറ്റുകയാണ്.

ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ് കൊല്ലത്ത് നടക്കുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കും-സിപിഐ ദേശീയ ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

വലിയ മാറ്റങ്ങള്‍ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി തുടരുമോ സ്ഥാനമൊഴിയുമോ എന്ന തീരുമാനങ്ങള്‍ എല്ലാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് വരുന്നത്. 20 ശതമാനം ആളുകള്‍ പുതുതായി നേതൃത്വത്തിലേക്ക് വരും.അപ്പോള്‍ അത്ര തന്നെ നേതാക്കള്‍ക്ക് സ്ഥാനമോഴിയെണ്ടിയും വരും.

വിവിധ കാരണങ്ങളാല്‍ ആകും നേതാക്കള്‍ക്ക് സ്ഥാനം  ഒഴിയേണ്ടി വരുന്നത്.  പ്രായം മാത്രമാകില്ല മാനദണ്ഡങ്ങള്‍. പല കാരണങ്ങളും വരും. എന്തായാലും 20 ശതമാനം പേര്‍ പുതുതായി നേതൃത്വത്തിലേക്ക് വരുന്നതിനു പാര്‍ട്ടി കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കും. നാഷണല്‍ കൌണ്‍സിലിലേക്കും പുതുതായി 20 ശതമാനം നേതാക്കള്‍ വരും-പന്ന്യന്‍ രവീന്ദ്രന്‍ പറയുന്നു.

ഇടതുപക്ഷ മതേതര ജനാധിപത്യ ബദല്‍ എന്ന ആശയത്തിലൂന്നി മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്ക് ശക്തി പകരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളെ പ്രതീക്ഷകളോടെയാണ് സിപിഐ നേതാക്കളും അണികളും നോക്കിക്കാണുന്നത്. മുഖ്യശത്രുവായ ബിജെപിക്കെതിരെ വിശാലമായ ഇടതുപക്ഷ ജനാധിപത്യ ഐക്യം ശക്തിപ്പെടണം. ഈ ലക്ഷ്യത്തിനു ഊന്നല്‍ നല്‍കിയാണ്‌ 23ആം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുകയും സമാപിക്കുകയും ചെയ്യുക.

സിപിഐ പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക ജാഥ കയ്യൂരിൽനിന്നു പ്രയാണം തുടങ്ങിയിട്ടുണ്ട്. വിവിധ ജില്ലകളിലെ സ്വീകരണത്തിനു ശേഷം പതാക ജാഥ കൊല്ലത്ത് എത്തും. 25 ന് വൈകീട്ടാണ് പതാക ഉയര്‍ത്തല്‍. മുതിര്‍ന്ന സിപിഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ.കുര്യന്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ഉയര്‍ത്തുന്നത്.

26 ന് രാവിലെ പതിനൊന്നു മണിക്ക് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമാകും. ഉദ്ഘാടന സമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി നിര്‍വഹിക്കും.

സിതാറാം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കളും മറ്റു പാര്‍ട്ടി നേതാക്കളും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും

25 ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിവാദ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാംസ്ക്കാരിക പരിപാടികള്‍ ഓരോ ദിവസം പാര്‍ട്ടി കോണ്‍ഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.