സിപിഐ നേടുന്നത് രാഷ്ട്രീയവും താത്വികവുമായ വിജയങ്ങള്‍; പാര്‍ട്ടി കോണ്‍ഗ്രസിലും ഈ പുതു ഉണര്‍വ് ദൃശ്യം

എം. മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: പുതിയ ഒരു രാഷ്ട്രീയ ഉണര്‍വ് കൊല്ലത്ത് നടക്കുന്ന സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദൃശ്യമാണ്. കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ഹൈദരാബാദില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സിപിഐയുടെ രാഷ്ട്രീയ ലൈനിലേക്ക് ചുവടുവെച്ച് തുടങ്ങിയതാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഉണര്‍വാകുന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തൊട്ടുപിന്നാലെയാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടക്കുന്നതും. കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഒരു മേല്‍ക്കോയ്മ സിപിഐക്ക് ലഭിച്ചിട്ടുമുണ്ട്.

രാഷ്ട്രീയവും താത്വികവുമായ ഒരു വിജയമാണ് കോണ്‍ഗ്രസ് ബന്ധത്തിന്റെത് ഉള്‍പ്പെടെയുള്ള നയപരമായ കാര്യങ്ങളില്‍ സിപിഐ നേടുന്നത്. ഇത് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍റെത് അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വാക്കുകളില്‍ വ്യക്തവുമാണ്. സിപിഎം ഇപ്പോള്‍ സിപിഐയുടെ വഴിയിലേക്ക് വരുന്നു എന്ന് സിപിഐ വിലയിരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഐയുടെ പ്രധാന ആവശ്യമായ കമ്യൂണിസ്റ്റ് ഏകീകരണത്തിന്റെ ആവശ്യം പാര്‍ട്ടി ഉയര്‍ത്തിതുടങ്ങുകയാണ്.

ഇന്നലെ ഇത് സംബന്ധിച്ച ചര്‍ച്ചകളാണ് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍റെഡ്ഡി തന്നെ ഈ ആവശ്യം എടുത്തു പറയുകയും ചെയ്തു. സിപിഎം-സിപിഐ പുനരേകീകരണം നടക്കുമോ എന്നാണ് സിപിഐ ഉറ്റുനോക്കുന്നത്. കാരണം നേപ്പാളില്‍ കമ്യൂണിസ്റ്റ് പുനരേകീകരണത്തിനു നേതൃത്വം നല്‍കിയ യെച്ചൂരിയാണ് ഇപ്പോള്‍ സിപിഎമ്മിന്റെ തലപ്പത്ത്. നേപ്പാളിലെ പുനരേകീകരണം യെച്ചൂരി ഇന്നലെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

സിപിഎമ്മില്‍ ഗ്രൂപ്പ് വഴക്കുകള്‍ക്ക് ഇപ്പോള്‍ ശമനം വന്നുവെങ്കിലും വിഎസ് തുറന്നു കൊടുത്ത ഉള്‍പ്പാര്‍ട്ടി പോരാട്ടത്തിന്റെ പാത പിന്തുടരുന്നവര്‍ ഇപ്പോഴും ഒരുപാടുണ്ട്. ഈ ഉള്‍പ്പാര്‍ട്ടി പോരാട്ടത്തില്‍ നിന്ന് വിഎസ് വിടപറഞ്ഞെങ്കിലും വിഎസില്‍ നിന്ന് ആവേശം കൊണ്ട, വിഎസിന്റെ പാത പിന്തുടരുന്ന സിപിഎം നേതാക്കളെ യെച്ചൂരിയുടെ വിജയം ആവേശം കൊള്ളിക്കുന്നുണ്ട്.

കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ അവതരിപ്പിച്ച രേഖ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നാണ് പിബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞത്. അത് ഒരു ന്യൂനപക്ഷ രേഖയാണ്. രഹസ്യ വോട്ടെടുപ്പ്, പിളര്‍പ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നതിനാലാണ് കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരിലുള്ള ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയത് എന്നാണ് കാരാട്ട് വ്യക്തമാക്കിയത്.

സിപിഎം കേന്ദ്ര കമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലെ കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ ഉണ്ടാക്കില്ല എന്ന വാക്യമാണ് യെച്ചൂരി പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിയത്. പകരം ബി.ജെ.പി.യെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാക്കില്ല എന്ന വാക്യം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. പലവട്ടം നേരിട്ട രാഷ്ട്രീയ തിരിച്ചടികൾക്കൊടുവിലാണ് രാഷ്ട്രീയപ്രമേയ ഭേദഗതിയില്‍ ഇക്കുറി പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി വിജയം കണ്ടത്.

യെച്ചൂരിയുടെ വിജയം കേരളമടക്കമുള്ള ഔദ്യോഗികപക്ഷത്തിന്റെ പരാജയം കൂടിയാണ്. ഇതാണ് സിപിഎമ്മില്‍ വിഎസിന്റെ പാത പിന്തുടര്‍ന്ന് നിശബ്ദ ഗമനം നടത്തുന്ന ഒരു വിഭാഗം നേതാക്കളെ സന്തോഷിപ്പിക്കുന്നത്. ഇത് തന്നെയാണ് സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ സന്തോഷിപ്പിക്കുന്നതും.

ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍   സിപിഐയ്ക്ക് ഒരു ഊര്‍ജ്ജമാണ്. സിപിഎം-സിപിഐ ലയനമാണ് സിപിഐ ലക്‌ഷ്യം വയ്ക്കുന്നത്. പക്ഷെ ലയിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധം ഉള്‍പ്പെടെയുള്ള ഒട്ടനവധി തര്‍ക്കവിഷയങ്ങള്‍ ഉണ്ട്. സിപിഐ ആദ്യമേ അംഗീകരിച്ചതും എന്നാല്‍ സിപിഎം അംഗീകരിക്കാതിരിക്കുന്നതുമായിരുന്നു കോണ്‍ഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഹകരണം. ഇപ്പോള്‍ ഈ വിഷയത്തിലാണ് യെച്ചൂരി വിജയം വന്നത്.

പലവട്ടം നേരിട്ട തിരിച്ചടികൾക്കൊടുവിലാണ് രാഷ്ട്രീയപ്രമേയ ഭേദഗതിയിലൂടെ യെച്ചൂരി വിജയം കണ്ടത്. ഇത് സിപിഐയെ സന്തോഷിപ്പിക്കുന്നതാണ്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സ് 24 കേരളയോടു പ്രതികരിച്ചതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പിനു വഴിവെച്ചത് സിപിഎമ്മാണ് എന്ന് സിപിഐ ഇപ്പോഴും കരുതുന്നുണ്ട്.

കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഡാങ്കേയിസ്റ്റുകള്‍ എന്ന് ആക്ഷേപിച്ചാണ് വി.എസ്.അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നത്. എം.എം.ലോറന്‍സ് പറഞ്ഞതുപോലെ സിപിഐ ശോഷിക്കുകയും സിപിഎം വലിയ ബഹുജന പ്രസ്ഥാനവുമായി കേരളത്തില്‍ മാറുകയും ചെയ്തു. പിളര്‍പ്പിനു മുന്‍പ് ഇന്ത്യയിലെ മൂന്നാമത് രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 28 എംപിമാരും. കൂട്ടിനുണ്ടായിരുന്നു.

പിളര്‍പ്പിനു ശേഷം ഈ കമ്മ്യൂണിസ്റ്റ്  ശക്തി പഴങ്കഥയായി മാറി. കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കിയ വിഎസ് പോലും ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിക്കുന്ന നേതാവായി മാറി. സിപിഐയോട് അടുപ്പം കാട്ടുന്ന നേതാവായി. ഡാങ്കേയിസ്റ്റ് ലൈന്‍ തന്നെ സ്വീകരിക്കുന്ന നേതാവായി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും യെച്ചൂരി പക്ഷ നേതാക്കളും തന്നെ സിപിഐ ക്യാമ്പിനോട് അടുപ്പം കാട്ടിത്തുടങ്ങി. ”ഇന്നത്തെ ഏറ്റവും പ്രധാന ചുമതല ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ പരാജയപ്പെടുത്തുകയാണെന്ന് സിപിഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഇത് തീരുമാനിച്ചിട്ടുണ്ട്. എല്ലാ മതേതര പാര്‍ട്ടികളെയും അണിനിരത്തിയാണ് ഇത് സാധ്യമാക്കുന്നത്.പക്ഷെ യോജിപ്പുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ മതേതരപാര്‍ട്ടികളുമായും പാര്‍ലമെന്റില്‍ സഹകരിച്ച് ബിജെപിക്കെതിരെ പോരാടും. പാര്‍ലമെന്റിന് പുറത്ത് വര്‍ഗീയതയ്‌ക്കെതിരെ എല്ലാ മതേതര പാര്‍ട്ടികളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കും.” കൊല്ലത്തെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്നലെ യെച്ചൂരി പ്രസംഗിച്ചു.

തന്റെ നിലപാട് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയുള്ള പ്രസംഗമാണ് യെച്ചൂരി നടത്തിയത്. ഇതാണ് സിപിഐയ്ക്ക് രാഷ്ട്രീയ ഉണര്‍വും സന്തോഷവും സൃഷ്ടിക്കുന്നത്. പക്ഷെ കേരളത്തിലെ രാഷ്ട്രീയ അവസ്ഥയില്‍ സിപിഎം നിലപാടാണ് വലിയ ശരി എന്ന് കരുതുന്നവരാണ് സിപിഎമ്മിലുള്ളത്.

കേരളത്തില്‍ പക്ഷെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒന്നിച്ച് മത്സരിക്കാന്‍ സാധ്യമല്ല ഇവിടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ആണ് ഈ രണ്ടു കക്ഷികളും. .ഇനി കോണ്‍ഗ്രസും സിപിഐയും ഒരുമിച്ച് മത്സരിച്ചാല്‍ തന്നെ ഫലം ലഭിക്കുക ബിജെപിയ്ക്കാവും.പക്ഷെ ബംഗാളിലെ അവസ്ഥ നോക്കിയാല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ വേണ്ടത് സിപിഎമ്മിനെക്കാള്‍ മമതാ ബാനര്‍ജിയാണ്.

ഒറ്റയ്ക്ക് നിന്ന് സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും തോല്‍പ്പിച്ചാണ് മമതാ ബാനര്‍ജി ബംഗാളില്‍ അധികാരം പിടിച്ചത്. അധികാരവും രാഷ്ട്രീയ സമവാക്യങ്ങളുമെല്ലാം എല്ലാം വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്. പക്ഷെ ഇടത് ആശയഗതികളില്‍ മുന്നോട്ടുള്ള പോക്കില്‍ സിപിഐയ്ക്ക് ഊര്‍ജ്ജം നല്‍കുന്ന കാര്യങ്ങള്‍ ഇടത് രാഷ്ട്രീയത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം ഒട്ടുവളരെ ഘടകങ്ങള്‍ സിപിഐയുടെ പാര്‍ട്ടി കോണ്‍ഗ്രസിലെ ഉണര്‍വിനു പിന്നിലുണ്ട്.