സിപിഎം സമ്മേളനങ്ങളിലെ എം.എ.ബേബിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ അവസാനിക്കുകയും സംസ്ഥാന സമ്മേളനത്തിനു അരങ്ങൊരുങ്ങുകയും ചെയ്ത വേളയില്‍ സമ്മേളനങ്ങളിലെ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. പാര്‍ട്ടിയുടെ കേരളത്തിലെ മൂന്നു പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാളാണ് എം.എ.ബേബി. പക്ഷെ ബേബിയുടെ സാന്നിധ്യം പാര്‍ട്ടി സമ്മേളനങ്ങളില്‍ ദൃശ്യമായിരുന്നില്ല.

പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന്‍ മുഖ്യമന്ത്രിയാണ്. രണ്ടാമത്തെ അംഗമായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. മൂന്നാമത്തെ അംഗം ബേബിയാണ്. സിപിഎം ആശയ സമരങ്ങളില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത ബേബിയുടെ പ്രാധാന്യം കുറച്ചുകാട്ടാന്‍ ജില്ലാ സമ്മേളനങ്ങളില്‍ ശ്രമം നടന്നോ എന്നാണ് സിപിഎം വൃത്തങ്ങളില്‍ നിന്ന് തന്നെ ചോദ്യം ഉയരുന്നത്. എന്നാല്‍ ഇത് സംബന്ധമായ എല്ലാ ആരോപണങ്ങളും നിഷേധിച്ചാണ് എം.എ.ബേബി 24 കേരളയോടു സംസാരിച്ചത്.

 

പോളിറ്റ് ബ്യൂറോ അംഗമായതിനാല്‍ ഞാന്‍ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ട ആവശ്യമില്ല. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് സംസ്ഥാന കമ്മറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്. പിബി അംഗങ്ങള്‍ പങ്കെടുക്കേണ്ടത് സംസ്ഥാന സമ്മേളനങ്ങളിലാണ്.

പഞ്ചാബ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് പിബി അംഗങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന വിഷയമല്ല-എം.എ.ബേബി പറഞ്ഞു.
ജില്ലാ സമ്മേളനങ്ങള്‍ അവസാനിച്ചതോടെ പിണറായി വിജയന് ഭരണത്തിലും പാര്‍ട്ടിയിലുമുള്ള മേധാവിത്തം വ്യക്തമായി.

നരേന്ദ്ര മോദി എന്താണോ ബിജെപിയ്ക്ക് അതുതന്നെയാണ് പിണറായി സിപിഎമ്മിനും. സിപിഎമ്മിലെ വിവാദ വിഷയങ്ങളില്‍ എം.എ.ബേബി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിപിഎം-കോണ്‍ഗ്രസ് ബന്ധം പോലും പാര്‍ട്ടിയുടെ സജീവ പരിഗണനയിലുള്ള വിഷയമാണ് എന്ന് മാത്രമാണ് ഒരു ചോദ്യത്തിനു 24 കേരളയോടു എം.എ.ബേബി പ്രതികരിച്ചത്.

പിണറായി-കോടിയേരി ആധിപത്യം തുടരുന്ന കേരളത്തിലെ സിപിഎമ്മില്‍ എം.എ.ബേബിയുടെ അസാന്നിധ്യം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. ഏത് ചേരിയില്‍ എന്ന് വ്യക്തമാക്കാത്തതാണോ ബേബിയുടെ അസാന്നിധ്യത്തിന്റെ പിന്നില്‍ എന്ന ചോദ്യമാണ് ഉയരുന്നത്. മുന്‍പ് സിപിഎമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന നേതാവായിരുന്നു എം.എ.ബേബി. ഡല്‍ഹിയിലെ പ്രവര്‍ത്തന മണ്ഡലം പോലും എം.എ.ബേബി എം.എ.ബേബി കേരളത്തിലേയ്ക്ക് പറിച്ചുനട്ടിരുന്നു.

കേരളത്തിലെ സിപിഎമ്മില്‍ സ്വീകാര്യതയുള്ള പേരാണ് ബേബിയുടേത്. മറ്റൊരു പേര് തോമസ്‌ ഐസക്കിന്റേതായിരുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് പദത്തിലേയ്ക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന ഈ രണ്ട് പേര്‍ക്കും ഇന്ന് സിപിഎമ്മില്‍ വലിയ പ്രാധാന്യമില്ല.

നിലവില്‍ തോമസ്‌ ഐസക്കും എംഎ ബേബിയും കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി കൂട്ടുചേരുന്നതില്‍ തെറ്റില്ല എന്ന അഭിപ്രായമുള്ളവരാണ്.
അതുകൊണ്ട് തന്നെ ഇരുവര്‍ക്കും കേരളാ ഘടകത്തില്‍ പ്രാധാന്യം കുറവാണ്. അതേസമയം സംസ്ഥാനത്തെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നവരാണ്. കേന്ദ്രകമ്മറ്റിയില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ അനുകൂലിച്ച് സംസാരിച്ച നേതാവ് കൂടിയാണ് തോമസ്‌ ഐസക്ക്.