സിപിഎം ശാക്തിക ചേരിയില്‍ ഭിന്നത വ്യക്തം; പാര്‍ട്ടിയില്‍ തെളിയുന്നത് പിണറായിയുടെ മേധാവിത്തം

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു തൃശൂരില്‍ കൊടി ഉയര്‍ന്നിരിക്കെ പാര്‍ട്ടിയിലെ ശാക്തിക ചേരിയില്‍ ഭിന്നത വ്യക്തമാണ്.  അതോടൊപ്പം ശ്രദ്ധേയമാകുന്നത് പാര്‍ട്ടിയിലെ എല്ലാ എതിര്‍ ശബ്ടങ്ങളെയും നിശബ്ദമാക്കി അനിഷേധ്യനായി നിലകൊള്ളുന്ന മുഖമന്ത്രി പിണറായി വിജയനും.

ഇതുവരെയുള്ള പാര്‍ട്ടി സമ്മേളനങ്ങളില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്ന കണ്ണൂര്‍ ലോബിയില്‍ വീണ വിള്ളലാണ് കൂടുതല്‍ ശ്രദ്ധേയമായി മാറുന്നത്. കണ്ണൂര്‍ ലോബിയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കണ്ണൂര്‍ ലോബിയെ വെട്ടിനിരത്തി പാര്‍ട്ടിയിലെ തന്റെ മേധാവിത്തം അരക്കിട്ടുറപ്പിച്ചിരിക്കുന്നത് എന്നതും വിചിത്രമായി വിചിത്രമാണ്.

സിപിഎമ്മിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് പാര്‍ട്ടിയും സര്‍ക്കാരും ഒരു നേതാവിന്റെ, പിണറായി വിജയന്‍റെ കൈപ്പിടിയില്‍ അമരുന്നത്. ബിനോയ്‌ കോടിയേരി വിവാദം പാര്‍ട്ടിയില്‍ ശക്തികേന്ദ്രമായി നിലകൊണ്ടിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മേധാവിത്തത്തിനു മങ്ങലേല്‍പ്പിച്ചു. വിവാദത്തോടെ കോടിയേരി പൂര്‍ണമായും പിണറായിയുടെ വരുതിയിലായി.

കണ്ണൂര്‍ സിപിഎം രാഷ്ട്രീയത്തെ കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ത്രിമൂര്‍ത്തികളായ ജയരാജന്മാരുടെ പതനം പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും മുഖ്യമന്ത്രിയുടെ മേധാവിത്തം ശക്തമായി നിലനിര്‍ത്തുന്നതിനു കാരണമായി.

എന്നും തനിക്കൊപ്പം നിന്ന് പാര്‍ട്ടിയിലെ വെട്ടിനിരത്തലിന് നേതൃത്വം നല്‍കിയ ജയരാജന്മാരെ വെട്ടിനിരത്തിയതും മുഖ്യമന്ത്രി തന്നെയാണ് എന്നതാണ് ഈ സംസ്ഥാന സമ്മേളനം തുടങ്ങുമ്പോള്‍ ശ്രദ്ധേയമാകുന്ന കാര്യം. ബന്ധുത്വ നിയമന വിവാദത്തില്‍ കുരുങ്ങി ആദ്യം ഇ.പി.ജയരാജനാണ് നിലംപരിശായത്.

വ്യവസായ മന്ത്രി പദവിയും പാര്‍ട്ടിക്കകത്ത് നിലനിന്ന മേധാവിത്തവും ബന്ധുത്വ നിയമനവിവാദം വഴി ജയരാജന് കൈമോശം വന്നു. ബന്ധുത്വ നിയമനക്കേസില്‍ കുറ്റവിമുക്തനായിട്ടും ഇ.പി.ജയരാജന് മന്ത്രിസഭയില്‍ നിന്നും പുറത്ത് നില്‍ക്കേണ്ടി വരുന്നത് ഇതാണ് കാണിക്കുന്നത്. ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് മന്ത്രിസഭയില്‍നിന്നു പുറത്തുപോയ എന്‍സിപിയിലെ എ.കെ. ശശീന്ദ്രന്‍ മടങ്ങിവന്നിട്ടും ഇ.പി ഇപ്പോഴും പുറത്തുതന്നെയാണ്.

രണ്ടാമത് എം.വി.ജയരാജനാണ്. തന്റെ ഓഫിസില്‍ തന്നെ പ്രധാനപ്പെട്ട ചുമതല നല്‍കി
മുഖ്യമന്ത്രി തന്നെ ജയരാജനെ നിയമിച്ചതോടെ അദ്ദേഹം ഫലത്തില്‍ പാര്‍ട്ടിയില്‍ നിര്‍വീര്യനായി.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തോടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പ്രതിരോധത്തിലാണ്. കേസില്‍ സി ബി ഐ അന്വേഷണം കൂടി ഡെമോക്ലസിന്റെ വാള്‍ കണക്കെ ജയരാജന് മുകളില്‍ തൂങ്ങിക്കിടപ്പുണ്ട്.

കോടിയേരിയുടെയും ജയരാജന്‍മാരുടെയും  പതനം തന്നെയാണ്‌ പിണറായിയെ പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായി നിലനിര്‍ത്തുന്നത്. സിപിഎമ്മിലെ സിഐടിയു ലോബിയെ വെട്ടിനിരത്താന്‍ അന്ന് പാര്‍ട്ടിയില്‍ ശക്തനായിരുന്ന വി.എസ്.അച്യുതാനന്ദനെ
പിണറായി വിജയന്‍ സഹായിച്ചെങ്കില്‍ ആ വിഎസിനെ വെട്ടിനിരത്താന്‍ പിണറായി വിജയന് തുണയായത് കണ്ണൂര്‍ ലോബിയായിരുന്നു.

ഇപ്പോള്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ശക്തനായി മാറാന്‍ പിണറായി ആദ്യം വെട്ടിനിരത്തിയതും ഈ കണ്ണൂര്‍ ലോബിയെയാണ്. ഷുഹൈബ് വധത്തോടെ പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രിയും പി.ജയരാജനെതിരായ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം തന്നെ കണ്ണൂര്‍ ലോബിയുടെ മേധാവിത്തം പഴങ്കഥയാക്കുകയാണ്.

മുന്‍പേ തന്നെ കരുത്തനായിരുന്ന പിണറായി കൂടുതല്‍ കരുത്തനാകുന്നതാണ് സംസ്ഥാന സമ്മേളനം തുടങ്ങിയപ്പോള്‍ കാണാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ മേധാവിത്തത്തിനു പാര്‍ട്ടിയില്‍ തത്ക്കാലം വെല്ലുവിളികള്‍ ഇല്ലാത്ത അവസ്ഥയാണ്. ആസൂത്രിതമായ നീക്കങ്ങള്‍ വഴി പിണറായി തന്റെ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നത്‌ ലാവ്‌ലിന്‍ കേസില്‍ വരാനിക്കുന്ന സുപ്രീം കോടതി വിധി കൂടി മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പാര്‍ട്ടിയില്‍ സംസാരമുണ്ട്.